ആറന്മുള വിമാനത്താവളത്തിനെതിരായ ഹരജി തള്ളി
text_fieldsചെന്നൈ: ആറന്മുള വിമാനത്താവളത്തിനെതിരായ ഹരജി ദേശീയ ഹരിത ട്രൈബ്യൂണലിൻെറ ചെന്നൈ ബെഞ്ച് തള്ളി. വിമാനത്താവള നി൪മാണം സ്റ്റേ ചെയ്ത് കഴിഞ്ഞ ഏപ്രിൽ രണ്ടിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവും ജസ്റ്റിസ് എം. ചൊക്കലിംഗം അധ്യക്ഷനായ ബെഞ്ച് റദ്ദാക്കി.
നെൽവയൽ നീ൪ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് വിമാനത്താവളം നി൪മിക്കുന്നതെന്ന് ആരോപിച്ച് ആറന്മുള പൈതൃകഗ്രാമ സംരക്ഷണ ക൪മസമിതിക്കു വേണ്ടി കുമ്മനം രാജശേഖരൻ നൽകിയ ഹരജിയിലാണ് നേരത്തേ സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ചൊവ്വാഴ്ച ഹരജി വീണ്ടും വിചാരണക്കെടുത്തപ്പോൾ കേരള സ൪ക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണി ഹാജരായി. വിമാനത്താവള നി൪മാണത്തിനായി നെൽവയൽ സംരക്ഷണ നിയമം ലംഘിച്ചതിന് തെളിവുകൾ ഹാജരാക്കാൻ ഹരജിക്കാരന് കഴിഞ്ഞില്ലെന്ന് ഹരിത ട്രൈബ്യൂണലിൻെറ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ആറന്മുള വിമാനത്താവളം സംബന്ധിച്ച് കേരള ഹൈകോടതിയിൽ കേസ് നിലവിലുള്ള കാര്യം മറച്ചുവെച്ചതിനും ട്രൈബ്യൂണൽ ഹരജിക്കാരനെ വിമ൪ശിച്ചു. തങ്ങളുടെ സമയം നഷ്ടപ്പെടുത്തിയതിന് ഹരജിക്കാരൻ 25,000 രൂപ പിഴയടക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടു. 2000 കോടി രൂപ ചെലവ് കണക്കാക്കുന്ന ആറന്മുള വിമാനത്താവള പദ്ധതിയുടെ പ്രമോട്ട൪മാ൪ ചെന്നൈ ആസ്ഥാനമായ കെ.ജി.എസ് ഗ്രൂപ്പാണ്. നെൽവയലുകൾ നികത്തി റിയൽ എസ്റ്റേറ്റ് ബിസിനസ് ഉൾപ്പെടെ പരിസ്ഥിതിക്ക് ദോഷകരമായ ഒട്ടേറെ താൽപര്യങ്ങൾ പദ്ധതിക്കു പിന്നിലുണ്ടെന്നാണ് ക൪മസമിതി ആരോപിക്കുന്നത്. നി൪ദിഷ്ട വിമാനത്താവള പദ്ധതിയിൽ കേരള സ൪ക്കാറിന് 15 ശതമാനം ഓഹരിയാണുള്ളത്. തങ്ങൾ നിയമലംഘനങ്ങളൊന്നും നടത്താത്തതിനാൽ ഹരിത ട്രൈബ്യൂണലിൻെറ വിധി അനുകൂലമാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ‘കെ.ജി.എസ്. ആറന്മുള ഇൻറ൪നാഷനൽ എയ൪പോ൪ട്ട്’ മാനേജിങ് ഡയറക്ട൪ ജിജി ജോ൪ജ് പറഞ്ഞു. ആറന്മുളയിലെയും പത്തനംതിട്ടയിലെയും ജനങ്ങളുടെയും കേരള സ൪ക്കാറിൻെറയും ഓഹരി ഉടമകളുടെയും സഹകരണത്തോടെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിമാനത്താവളത്തിനെതിരെ വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് ആറന്മുള പൈതൃകഗ്രാമ സംരക്ഷണ ക൪മസമിതി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
