കുമ്മനോട് സുലൈഖ വധം: മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsകൊച്ചി: കോളിളക്കം സൃഷ്ടിച്ച കുമ്മനോട് സുലൈഖ വധക്കേസിൽ മൂന്നു പ്രതികളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പട്ടിമറ്റം കുമ്മനോട് തൈലൻ വീട്ടിൽ അബ്ദുൽ കരീം എന്ന പോത്തൻ കരീം (46), കുമ്മനോട് കുഞ്ഞീത്തി വീട്ടിൽ അബ്ദുൽ കരീം (56), പട്ടിമറ്റം നെടുവേലിൽ വത്സലകുമാരി എന്ന വത്സല (54) എന്നിവരെയാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് ഇൻസ്പെക്ട൪ പി.ഐ.അബ്ദുൽ അസീസിൻെറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ മജിസ്ട്രേറ്റ് ഇ.സി.ഹരിഗോവിന്ദൻ കൂടുതൽ ചോദ്യംചെയ്യലിന് അഞ്ചുദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു.
ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാനും കൃത്യം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരാനും കസ്റ്റഡി അനിവാര്യമാണെന്ന സി.ബി.ഐയുടെ അപേക്ഷയിലാണ് കോടതി നടപടി.
2006 ജൂലൈ 29 നാണ് കിഴക്കേ കുമ്മനോട് നാത്തേക്കാട്ട് അബ്ദുൽ ഖാദറിൻെറ ഭാര്യ സുലൈഖയെ (45) വീടിന് സമീപത്തെ റബ൪തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് 200 മീറ്റ൪ മാത്രം അകലെ നെടുങ്ങാട്ട് പുത്തൻപുരയിൽ ഹൈദ്രോസിൻെറ ഉടമസ്ഥതയിലെ റബ൪തോട്ടത്തിൽ വിറക് ശേഖരിക്കാനായി പോയ ഇവരെ വൈകിയും കാണാതിരുന്നതിനെത്തുട൪ന്ന് നാട്ടുകാ൪ നടത്തിയ അന്വേഷണത്തിലാണ് കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഒന്നാംപ്രതി പോത്തൻ കരീമും മൂന്നാം പ്രതി വത്സലയും തമ്മിലെ അവിഹിതബന്ധം പുറത്തുവരുമെന്ന ഭയത്താൽ കൊല നടത്തുകയായിരുന്നെന്നാണ് സി.ബി.ഐ കണ്ടെത്തൽ.വത്സലയുടെ വീട്ടിൽ സ്ഥിരം സന്ദ൪ശകനായിരുന്നു പോത്തൻ കരീം. സംഭവ ദിവസം വീട്ടിൽ ഭ൪ത്താവുണ്ടായിരുന്നതിനാൽ, വിറക് ശേഖരിക്കാനെന്ന വ്യാജേന വത്സല കരീമിനെ കാണാൻ റബ൪ തോട്ടത്തിലെത്തി. ഇരുവരും ഇവിടുത്തെ ഷെഡിൽ കയറിയ സമയം അവിചാരിതമായി എത്തിയതായിരുന്നു രണ്ടാം പ്രതി അബ്ദുൽ കരീം. വിറക് ശേഖരിക്കാനായി റബ൪തോട്ടത്തിലെത്തിയ സുലൈഖ ഷെഡിൻെറ വാതിൽ തുറന്നുനോക്കിയപ്പോഴാണ് ഇവ൪ തമ്മിലെ ബന്ധം മനസ്സിലായത്. രണ്ടാംപ്രതിയുടെ അയൽവാസിയായ സുലൈഖ ഇത് പുറത്തുപറയുമെന്ന ഭയത്താൽ മൂവരും ചേ൪ന്ന് റബ൪തോട്ടത്തിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
ഇതിനുശേഷം വത്സല വീട്ടിലേക്കു പോയപ്പോൾ മറ്റു രണ്ടു പ്രതികളും ചേ൪ന്ന് സുലൈഖയുടെ ആഭരണങ്ങൾ എടുത്തു.
സി.ബി.ഐ നടത്തിയ പരിശോധനയിൽ ഒന്നാംപ്രതിയുടെ വീട്ടിൽനിന്ന് പല വലുപ്പത്തിലുള്ള ആറ് കത്തികൾ പിടികൂടിയിട്ടുണ്ട്. കുന്നത്തുനാട് പൊലീസ് ആദ്യം അന്വേഷണം നടത്തിയ കേസ് ക്രൈംബ്രാഞ്ചും പലതവണ അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നതോടെയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. സംശയത്തിൻെറ നിഴലിലായിരുന്ന ഇവരടക്കം അഞ്ചുപേരെ അഹ്്മദാബാദിൽ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതിനെത്തുട൪ന്നാണ് വിവരം പുറത്തുകൊണ്ടുവരാനായത്. അടുത്തിടെ പെരിയാ൪വാലി കനാൽ വൃത്തിയാക്കവെ ലഭിച്ച കത്തി കൊലക്ക് ഉപയോഗിച്ചതാണോ എന്ന് ഇനിയും സ്ഥിരീകരിക്കാനായിട്ടില്ലെന്ന് സി.ബി.ഐ ഇൻസ്പെക്ട൪ ‘മാധ്യമ’ത്തോട് പറഞ്ഞു. തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ച കത്തിയുടെ പരിശോധനാഫലം പുറത്തുവരുന്നതോടെ അന്വേഷണം ഏറക്കുറെ പൂ൪ത്തിയാവും. ഇതിനുശേഷം സി.ബി.ഐ കുറ്റപത്രം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
