മിഥില മോഹന്‍ വധം: ശാസ്ത്രീയ പരിശോധനക്ക് തയാറല്ലെന്ന് പ്രതി
text_fieldsകൊച്ചി: മിഥില മോഹൻ വധക്കേസിൽ അറസ്റ്റിലായ സന്തോഷ് കുമാ൪ എന്ന കണ്ണനെ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ക്രൈംബ്രാഞ്ചിൻെറ ആവശ്യം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പോളിഗ്രാഫ്, ബ്രെയിൻ മാപ്പിങ്, നാ൪ക്കോ അനാലിസിസ് തുടങ്ങിയ പരിശോധനകൾ നടത്തണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയാണ് സന്തോഷ് കുമാറിൻെറ എതി൪പ്പിനെത്തുട൪ന്ന് മജിസ്ട്രേറ്റ് ഫിലിപ്പ് തോമസ് തള്ളിയത്.
നേരത്തേ സന്തോഷിൻെറ സമ്മതപത്രത്തിനൊപ്പമാണ് ക്രൈംബ്രാഞ്ച് ശാസ്ത്രീയ പരിശോധനക്കുള്ള അപേക്ഷ കോടതിയിൽ നൽകിയത്. എന്നാൽ, പ്രതിയുടെ ഭാഗം നേരിട്ട് കേൾക്കണമെന്ന് മജിസ്ട്രേറ്റ് അറിയിച്ചതിനെത്തുട൪ന്ന് ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പരിശോധക്ക് തയാറല്ലെന്ന് അറിയിച്ചത്. സ്വമേധയാ ഈ പരിശോധനകൾക്ക് ഒരാൾക്കും അനുമതി നൽകിയിട്ടില്ലെന്നും സന്തോഷ് മജിസ്ട്രേറ്റിന് മൊഴി നൽകി. ഇതോടെ ക്രൈംബ്രാഞ്ചിൻെറ ആവശ്യം നിരസിച്ച് പ്രതിയെ മേയ് 14 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സന്തോഷ് കുമാ൪ എതി൪പ്പ് രേഖപ്പെടുത്തിയതോടെ വെടിവെച്ച യഥാ൪ഥ പ്രതികളെ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ചിൻെറ നീക്കത്തിന് തിരിച്ചടിയായി. 12 ദിവസത്തെ ചോദ്യം ചെയ്യലിനുശേഷവും കുറ്റകൃത്യം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പ്രതിയിൽനിന്ന് ലഭിക്കാത്തതിനെത്തുട൪ന്നാണ് ക്രൈംബ്രാഞ്ച് ശാസ്ത്രീയ പരിശോധനകൾക്ക് നീക്കം നടത്തിയത്.
സന്തോഷ് കുമാറിനെ ചോദ്യം ചെയ്തപ്പോൾ പാണ്ഡ്യൻ എന്നയാളെയാണ് ക്വട്ടേഷൻ ഏൽപ്പിച്ചതെന്നും ഇയാളുടെ നി൪ദേശപ്രകാരം മതിവാനൻ, ഉപ്പാലി എന്നിവരാണ് വെടിവെച്ചതെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്നത്.സന്തോഷ് കുമാ൪ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മതിവാനൻെറയും ഉപ്പാലിയുടെയും രേഖാചിത്രങ്ങൾ തയാറാക്കി തമിഴ്നാട് പൊലീസിന് നൽകിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല. ദിണ്ടിഗൽ പാണ്ഡ്യൻ എന്ന രണ്ടാം പ്രതിയുടെ നി൪ദേശപ്രകാരം 10 ലക്ഷം രൂപ കൈപ്പറ്റിയാണത്രേ മതിവാനനും ഉപ്പാലിയും കൊല നടത്തിയത്. 2010 ഫെബ്രുവരി മൂന്നിന് തമിഴ്നാട്ടിലെ നീലംഗിരിയിൽ നടന്ന ഏറ്റുമുട്ടലിൽ ദിണ്ടിഗൽ പാണ്ഡ്യൻ കൊല്ലപ്പെട്ടെന്ന സ്ഥിരീകരണവും അന്വേഷണത്തെ വഴിമുട്ടിച്ചിരിക്കുകയായിരുന്നു. ഇതോടെയാണ് ശാസ്ത്രീയ പരിശോധന നടത്തി ആക്രമണം നടത്തിയവരെയും ആക്രമണത്തിന് ഉപയോഗിച്ച ആയുധം, പ്രതികൾ സഞ്ചരിച്ച വാഹനം എന്നിവ സംബന്ധിച്ചും വ്യക്തമായ വിവരം പുറത്തുകൊണ്ടുവരാനുള്ള ശ്രമം അന്വേഷണ സംഘം നടത്തിയത്. അപേക്ഷ കോടതി നിരസിച്ചതോടെ ക്രൈംബ്രാഞ്ചിൻെറ അന്വേഷണം ഏറക്കുറെ വഴിമുട്ടിയ അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
