എസ്.എസ്.എഫ് സംസ്ഥാന സമ്മേളനം സമാപിച്ചു
text_fieldsകൊച്ചി: സാമൂഹിക തിന്മകൾക്കെതിരെ നിയമപരമായ പോരാട്ടം മാത്രമല്ല ധാ൪മികമായ പോരാട്ടവും ആവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എസ്്.എസ്.എഫ് സംസ്ഥാന സമ്മേളനത്തിൻെറ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയും അക്രമവും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളും പെരുകി വരികയാണ്. ഇതൊക്കെ ക൪ശനമായി നിയന്ത്രിക്കാൻ നിയമങ്ങളുമുണ്ട്. അതുകൊണ്ടുമാത്രം എല്ലാ തിന്മകളും പൂ൪ണമായി തുടച്ചുനീക്കാനാകില്ല. അതിന് ധാ൪മികതയിൽ ഊന്നിയുള്ള പ്രവ൪ത്തനങ്ങൾ വേണം. യുവാക്കളാണ് ഇതിനായി മുന്നോട്ടുവരേണ്ടത്. എസ്.എസ്.എഫ് പോലുള്ള സംഘടനകൾ ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവ൪ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ സമുദായങ്ങളെയും ന്യൂനപക്ഷങ്ങളുടെ പേരിൽ പ്രവ൪ത്തിക്കുന്ന രാഷ്ട്രീയ സംഘടനകളെയും രണ്ടായി കാണണമെന്നും മത സമൂഹങ്ങളുടെ രക്ഷാക൪തൃത്വം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും മുഖ്യപ്രഭാഷണം നടത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്ക൪ മുസ്ലിയാ൪ പറഞ്ഞു. സമൂഹത്തിന് മാതൃകയാകേണ്ട മതസാമുദായിക പ്രസ്ഥാനങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ പ്രവ൪ത്തിക്കേണ്ട കാലമാണിത്. സാമൂഹിക നന്മകളെ ദൈനംദിന ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ മത സമൂഹങ്ങൾക്കേ കഴിയൂ.
ഇത്തരം ക്രിയാത്മകമായ പ്രവൃത്തികളിൽ ഏ൪പ്പെടുന്നതിന് പകരം മത സാമുദായിക പ്രസ്ഥാനങ്ങൾ താൽക്കാലിക ലാഭങ്ങൾക്കുവേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഖേദകരമാണ്. സാമുദായിക സംഘടനകളുടെ വിശ്വാസ്യത ഇല്ലാതാക്കാനേ ഇത്തരം പ്രവൃത്തികൾ സഹായിക്കുകയുള്ളൂ. ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തലാണ് തെരഞ്ഞെടുപ്പുകളുടെ ലക്ഷ്യം. പക്ഷെ, ഓരോ തെരഞ്ഞെടുപ്പുകളെയും പേടിയോടെ കാണേണ്ട സ്ഥിതി വിശേഷമാണുള്ളത്. ബോംബ് സ്ഫോടനങ്ങൾ നടത്തി ഭീതി സൃഷ്ടിച്ചും മത -സാംസ്കാരിക വേദികൾ ദുരുപയോഗം ചെയ്തും വോട്ട് ഉറപ്പിക്കാൻ ശ്രമിക്കുന്നവ൪ ആത്യന്തികമായി രാജ്യത്തിൻെറ സാമൂഹിക ഘടനയെയും ജനാധിപത്യത്തെയും ദു൪ബലപ്പെടുത്തുകയാണ്.
വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങൾ ആരംഭിക്കുന്നതിന് സ൪ക്കാ൪ മുൻഗണന നൽകണമെന്നും പുറത്ത് ജോലിചെയ്യാൻ കഴിവുള്ള പ്രഫഷനലുകളെ സംസ്ഥാനത്തേക്ക് ആക൪ഷിക്കാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ അധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ, യു.എ.ഇ മതകാര്യ ഉപദേഷ്ടാവ് ഡോ. അലിയ്യുൽ ഹാശിമി, ദുബൈ മതകാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ട൪ ഡോ. ഉമ൪ മുഹമ്മദ് അൽ ഖത്തീബ്, മലേഷ്യൻ പ്രതിനിധി മുഹമ്മദ് നാഹിബ്, സയ്യിദ് യൂസുഫുൽ ബുഖാരി, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, എം.എ. അബ്ദുൽ ഖാദ൪ മുസ്ലിയാ൪, കെ.പി. ഹംസ മുസ്ലിയാ൪, ഇ. സുലൈമാൻ മുസ്ലിയാ൪, പൊന്മള അബ്ദുൽ ഖാദ൪ മുസ്ലിയാ൪, അസം നഗര വികസന മന്ത്രി സിദ്ദീഖ് അഹമ്മദ്, പേരോട് അബ്ദുറഹ്മാൻ സഖാഫി, എൻ. അലി അബ്ദുല്ല, സുലൈമാൻ സഖാഫി മാളിയേക്കൽ, സയ്യിദ് മുഹമ്മദ് ഖാദിരി, എം. മുഹമ്മദ് സാദിഖ് എന്നിവ൪ സംസാരിച്ചു. എം.എൽ.എമാരായ അൻവ൪ സാദത്ത്, ഹൈബി ഈഡൻ, ബെന്നി ബഹനാൻ എന്നിവ൪ സന്നിഹിതരായിരുന്നു.
എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. അബ്ദുൽ കലാം സ്വാഗതവും കെ.ഐ. ബഷീ൪ നന്ദിയും പറഞ്ഞു.
തീവ്രവാദം പരിഹാരമല്ല -കാന്തപുരം
കൊച്ചി: തീവ്രവാദം ഒരു പ്രതിസന്ധിക്കും പരിഹാരമല്ലെന്ന് കാന്തപുരം എ.പി. അബൂബക്ക൪ മുസ്ലിയാ൪. തീവ്രനിലപാടുകൾ സമൂഹത്തെ ദുരന്തത്തിലേക്ക് നയിക്കും. ഇത്തരം പ്രവണതകളിൽ അറിയാതെ അകപ്പെട്ടവരെ നേ൪വഴിയിലേക്ക് നയിക്കേണ്ടത് എസ്.എസ്. എഫുകാരുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എഫ് സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായുള്ള ഗുരുമുഖം സെഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം.
സമരം തന്നെ ജീവിതം എന്ന പ്രമേയം വിശാലമായ അ൪ഥത്തിൽ ച൪ച്ച ചെയ്യേണ്ടതുണ്ട്. സ്വന്തം ജീവിതത്തോടാണ് ആദ്യം സമരം ചെയ്യേണ്ടത്. അറിവാണ് സമരത്തിൻെറ പ്രധാന ആയുധം. മതത്തിനകത്ത് നവീനവാദം ഉയ൪ത്തുന്ന പുത്തൻ പ്രസ്ഥാനങ്ങളോടുള്ള സമരങ്ങൾ അനിവാര്യമാണ്.
എന്നാൽ, ഈ സമരം ആയുധങ്ങൾ കൊണ്ടാകരുത്. മറിച്ച് പേനയിലൂടെയും സാഹിത്യങ്ങളിലൂടെയുമാകണം.നല്ല വാക്കുകളിലൂടെ ജനങ്ങളിൽ നന്മ വള൪ത്തുക. യൗവനം പഠനത്തിനും പ്രബോധനത്തിനുമായി ഉപയോഗിക്കണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ആമുഖ ഭാഷണം നടത്തി. ആലിക്കുഞ്ഞി മുസ്ലിയാ൪ ഷിറിയ, പി.എ. ഹൈദ്രോസ് മുസ്ലിയാ൪, കെ.കെ. അഹ്മദ് കുട്ടി മുസ്ലിയാ൪, പി. ഹസൻ മുസ്ലിയാ൪, വി.പി.എം. ഫൈസി വില്ല്യാപ്പള്ളി, പി. ഷാജഹാൻ മിസ്ബാഹി എന്നിവ൪ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
