സംഘടിത ശക്തിയുടെ കരുത്തുമായി മുജാഹിദ് സംഗമം
text_fieldsകോഴിക്കോട്: വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കും പ്രസ്ഥാനത്തെ തള൪ത്താനാവില്ലെന്ന് വിളംബരം ചെയ്ത് മുജാഹിദ് പ്രവ൪ത്തക൪ കടപ്പുറത്ത് സംഗമിച്ചു. സംഘടനയുടെ കരുത്തും ആവേശവും ചോ൪ന്നിട്ടില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു കെ.എൻ.എം സംസ്ഥാന സമിതി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പൊതുസമ്മേളനം. കാലം കൈയൊഴിഞ്ഞ അന്ധവിശ്വാസങ്ങളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയും വ്യാജ ഭക്തിയും കപട ആത്മീയതയും സൈ്വരജീവിതത്തിന് തടസ്സമാവുംവിധം വള൪ത്താൻ ശ്രമിക്കുകയും ചെയ്യുന്നവരെ വിശ്വാസികളും പൊതുസമൂഹവും കരുതിയിരിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു. ജിന്ന് ചികിത്സയും ദു൪മന്ത്രവാദവും പുതിയ വേഷത്തിൽ അവതരിപ്പിച്ച് ആത്മീയ കച്ചവടത്തിന് വഴി തുറക്കാനാണ് വിഘടനവിഭാഗം ശ്രമിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി. മുസ്ലിംകളുടെ അവസ്ഥ പട്ടികവ൪ഗത്തേക്കാൾ ദയനീയമാണെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോ൪ട്ട് പുറത്തുവന്നിട്ടും എന്തെല്ലാം പരിഹാര നടപടികൾ കേന്ദ്ര സ൪ക്കാ൪ കൈക്കൊണ്ടുവെന്നത് സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വൈകുന്നേരം നാലോടെതന്നെ കടപ്പുറത്തെ വേദിക്കരികിൽ ആയിരങ്ങൾ അണിനിരന്നു. സന്ധ്യയായപ്പോഴേക്കും സ്ത്രീകളും കുട്ടികളുമുൾപ്പെടെ പുരുഷാരം കടപ്പുറത്തേക്കൊഴുകിയെത്തി. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി സംഗമം ഉദ്ഘാടനം ചെയ്തു. മുജാഹിദ് പ്രസ്ഥാനത്തിൻെറ ആദ൪ശത്തിൽ വെള്ളം ചേ൪ക്കാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഖു൪ആനിനും നബിചര്യക്കുമെതിരെ ഏതു ഭാഗത്തുനിന്ന് ശബ്ദമുയ൪ന്നാലും പ്രസ്ഥാനം നോക്കിനിൽക്കില്ല. ആശയാദ൪ശങ്ങളിൽ വെള്ളം ചേ൪ക്കാൻ ശ്രമിച്ച ഏത് പ്രമുഖരെയും പ്രസ്ഥാനം പുറംതള്ളിയിട്ടുണ്ട്. അന്ധവിശ്വാസങ്ങൾ കൈയൊഴിഞ്ഞ് അനുരഞ്ജനത്തിനു വന്നാൽ, ആ൪ക്കും സംഘടനയുമായി സംസാരിക്കാൻ അവസരമുണ്ട് -അദ്ദേഹം പറഞ്ഞു.
അഹ്ലെ ഹദീസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി മൗലാനാ ഇമാം മഹ്ദി അസ്സലഫി മുഖ്യാതിഥിയായിരുന്നു. ഇസ്ലാമിക പ്രമാണങ്ങളെ വികലമായി ചിത്രീകരിച്ച് സമൂഹത്തിൽ ഛിദ്രതയും അനൈക്യവും സൃഷ്ടിക്കാനുള്ള ശ്രമത്തെ കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരളം ജംഇയ്യതുൽ ഉലമാ വൈസ് പ്രസിഡൻറ് ടി.കെ. മുഹിയിദ്ദീൻ മദീനി അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഖാദി൪ മൗലവി ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് പി.കെ. അഹമ്മദ്, സെക്രട്ടറിമാരായ പി.കെ. അഹമ്മദലി മദനി, എം. അബ്ദുറഹിമാൻ സലഫി, ട്രഷറ൪ നൂ൪ മുഹമ്മദ് നൂ൪ഷാ, എസ്.എൽ.ആ൪.സി ഡയറക്ട൪ കെ.വി. അബ്ദുൽ ലത്തീഫ് മൗലവി, പി.പി. ഉണ്ണീൻകുട്ടി മൗലവി, ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ഡോ. എം.ഐ. അബ്ദുൽ മജീദ് സ്വലാഹി തുടങ്ങിയവ൪ സംസാരിച്ചു.
എച്ച്.ഇ. മുഹമ്മദ് ബാബു സേഠ്, പി.വി. ഹസ്സൻ കോയമ്പത്തൂ൪, ഡോ. എൻ.എ. മൻസൂ൪, പാലത്ത് അബ്ദുറഹ്മാൻ മദനി, ഏലാങ്കോട് കുഞ്ഞബ്ദുല്ലഹാജി, ഡോ. മുഹമ്മദ്കുഞ്ഞി, ഡോ. സുൽഫിക്ക൪ അലി, ഡോ. എം.ടി. അബ്ദുസ്സമദ്, വി.കെ. മൊയ്തുഹാജി എന്നിവ൪ പങ്കെടുത്തു.
നീതി ലഭിച്ചില്ല -അബ്ദുല്ലക്കോയ മദനി
കോഴിക്കോട്: തിരുവനന്തപുരത്ത് മുജാഹിദ് പ്രസ്ഥാനത്തിൻെറ ആസ്ഥാന മന്ദിരം അക്രമത്തിൻെറ മാ൪ഗത്തിലൂടെ ഒരു വിഭാഗം പിടിച്ചടക്കാൻ ശ്രമിച്ചപ്പോൾ ഭരണാധികാരികളോ പൊലീസോ തങ്ങളോട് നീതികാട്ടിയില്ലെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് അബ്ദുല്ലക്കോയ മദനി. നീതിക്കുവേണ്ടി കെഞ്ചിയിട്ടും അവ൪ കേട്ടില്ല. അധികാരികൾ സ്ഥാപനത്തിൻെറ രേഖകൾ പരിശോധിച്ച് നീതി നടപ്പാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. അതുമുണ്ടായില്ല. ഗുണ്ടാ സ്റ്റൈലിൽ ഓഫിസ് പിടിച്ചടക്കാൻ ശ്രമിച്ചവരെയും ഞങ്ങളെയും ഒരുപോലെയാണ് അധികാരികൾ പരിഗണിച്ചത്. ഒരു ഓഫിസ് മുറിയുടെ പേരിലായിരുന്നു പ്രശ്നമെങ്കിലും കെട്ടിടം മുഴുവൻ ആ൪.ഡി.ഒ ഏറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.