ദാനമായി വൃക്ക ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് രണ്ടര ലക്ഷം തട്ടിയതായി പരാതി
text_fieldsമഞ്ചേരി: ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്യുന്നയാൾക്ക് ദാനമായി വൃക്ക ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മഞ്ചേരി ചെരണി മണ്ണേങ്ങര റോഡിൽ പാറക്കൽ ഹംസയാണ് കോടതിയെ സമീപിക്കാനിരിക്കുന്നത്. മഞ്ചേരി വേട്ടേക്കോട് സ്വദേശിയാണ് പണം വാങ്ങിയതെന്ന് ഹംസ പറഞ്ഞു.
വൃക്ക ദാനമായി നൽകാൻ ആളുണ്ടെന്ന് വിശ്വസിപ്പിച്ച് വൈദ്യ പരിശോധന ചെലവ് ഇനത്തിലാണ് പണംപറ്റിയത്. ഇതുപ്രകാരം നാലുപേരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ മൂന്ന് പേ൪ക്കും ചെറിയ പോരായ്മകൾ കണ്ടെത്തി.
എല്ലാ നടപടികളും പൂ൪ത്തിയായെന്നും തൃശൂ൪ മെഡിക്കൽ കോളജിൽ കൗൺസലിങ് കൂടി നടത്തിയാൽ വൃക്കമാറ്റിവെക്കാമെന്നും ഇടനിലക്കാരൻ വിശ്വസിപ്പിച്ചിരുന്നു. ഇടനിലക്കാരനെ മൊബൈലിൽ കിട്ടാതായതോടെ അന്വേഷിച്ചപ്പോൾ വിദേശത്തേക്ക് പോയെന്ന് വ്യക്തമായി. അതോടെ, എറണാകുളത്തെ ആശുപത്രിയിലെത്തി അന്വേഷിച്ചു. വൃക്ക മാറ്റിവെക്കലിന് ദാദാവിൻെറ സമ്മതപത്രമടക്കം മുഴുവൻ ഫയലും രേഖകളും ആശുപത്രിയിൽ നൽകിയിട്ടുണ്ടെന്ന് പറഞ്ഞത് കളവാണെന്നും വ്യക്തമായി. വൃക്ക നൽകാമെന്നേറ്റ അടിമാലി സ്വദേശി യൂസഫിനെ മൊബൈലിൽ ഒരാഴ്ച മുമ്പ് ഹംസ വിളിച്ചിരുന്നു.
5000 രൂപ കൂലി നിശ്ചയിച്ച് രണ്ട് ദിവസത്തേക്ക് എറണാകുളത്തെ ആശുപത്രിയിൽ ചെലവഴിക്കുകയെന്ന കരാറേ ഏജൻറുമായി ഉള്ളൂവെന്നും ഇക്കാര്യം പറഞ്ഞ് ഇനി വിളിക്കരുതെന്നും പറഞ്ഞതോടെ പണം തട്ടിയെടുക്കൽനാടകമാണെന്ന് വ്യക്തമായതായി ഹംസ പറഞ്ഞു. മഞ്ചേരിയിൽ ഏറ്റവും അടുത്ത് പരിചയമുള്ളയാൾ വഴിയാണ് ഹംസ വേട്ടേക്കോട് സ്വദേശിയെ പരിചയപ്പെടുന്നത്. എടവണ്ണ സ്വദേശിയുടെ വൈദ്യ പരിശോധനക്ക് ഏഴ് മാസം മുമ്പ് 50,000 രൂപ, പിന്നീട് ഒരു ലക്ഷം, അതിന് ശേഷം 50,000 രൂപയുടെ ചെക്ക്, ഏറ്റവുമൊടുവിൽ മൂന്ന് തവണയായി അരലക്ഷമടക്കം രണ്ടര ലക്ഷം രൂപയാണ് നാലു പേരുടെയും വൈദ്യപരിശോധനക്ക് നൽകിയത്. ഒന്നര വ൪ഷമായി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുകയാണ് ഹംസ. 20 വ൪ഷം വിദേശത്തായിരുന്നു. തിങ്കളാഴ്ച കോടതിയിൽ കേസ് ഫയൽ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
