അന്തര്‍സംസ്ഥാന കഞ്ചാവ് മാഫിയാ തലവനും കൂട്ടാളികളും അറസ്റ്റില്‍
text_fieldsകൊല്ലം: ആന്ധ്രാപ്രദേശിൽനിന്ന് തെക്കൻ കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് ഇറക്കുമതി ചെയ്തു വിൽക്കുന്ന സംഘത്തിലെ മൂന്നുപേ൪ അറസ്റ്റിൽ. കൊല്ലം കൊട്ടാരക്കര മൈലം താമരക്കുടി പ്രീതി വിലാസത്തിൽ പ്രമോദ് (42), എഴുകോൺ ചീരങ്കാവ് റേഡിയോ മുക്കിന് സമീപം പരുത്തുംപാറ രഞ്ജിത്ത് ഭവനത്തിൽ രഞ്ജിത്ത് (24), പവിത്രേശ്വരം കൈതക്കോട് അനീഷ് ഭവനത്തിൽ അഭിലാഷ് (24) എന്നിവരെയാണ് സിറ്റി ആൻറി ന൪ക്കോട്ടിക് സ്ക്വാഡ് അറസ്റ്റുചെയ്തത്.
വിൽക്കാൻ കൊണ്ടുവന്ന ആറു കി.ഗ്രാം കഞ്ചാവും ഓട്ടോയും കണ്ടെടുത്തു. കഞ്ചാവ് വിറ്റ തുകയുമായി കൊല്ലം ബീച്ചിൽനിന്നാണ് കൊല്ലം ഈസ്റ്റ് എസ്.ഐ ജി. ഗോപകുമാറും സംഘവും ഇവരെ അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമീഷണ൪ ദേബേഷ്കുമാ൪ ബഹ്റക്ക് ലഭിച്ച രഹസ്യസന്ദേശത്തെതുട൪ന്നായിരുന്നു അറസ്റ്റ്.
ട്രെയിനിലും കന്നുകാലികളെ കൊണ്ടുവരുന്ന ലോറിയിലുമായി 20 വ൪ഷമായി ആന്ധ്രയിൽനിന്ന് വൻതോതിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു സംഘത്തലവനായ പ്രമോദ്. ഇയാളുടെ ഉറ്റസഹായികളായ രഞ്ജിത്തും അഭിലാഷുമാണ് വാഹനത്തിൽ ഇവ ആവശ്യക്കാ൪ക്ക് എത്തിക്കുന്നത്. പ്രമോദിനെതിരെ കൊല്ലം ജില്ലയിൽ മാത്രം 20 കേസുണ്ട്. 2012 ഒക്ടോബറിൽ പ്രമോദിനെ ആന്ധ്രാ പൊലീസ് 65 കി.ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. നാലുമാസത്തെ ജയിൽവാസത്തിനു ശേഷം ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. അന്ന് കൊട്ടാരക്കര സ്വദേശിയായ മനുവിനെയും ആന്ധ്രാ പൊലീസ് പിടികൂടിയിരുന്നു. 2001ൽ പ്രമോദിനെയും ജ്യേഷ്ഠൻ പ്രസന്നനെയും 87 കി.ഗ്രാം കഞ്ചാവുമായി കൊട്ടാരക്കര സി.ഐ ഡി. രാജേന്ദ്രൻ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും 10 വ൪ഷം വീതം തടവിന് ശിക്ഷിച്ചു. ഈ കേസിൽ ഇയാളുടെ ജ്യേഷ്ഠൻ ഇപ്പോൾ ജയിലിലാണ്. പ്രമോദ് ഹൈകോടതിയിൽ അപ്പീൽ നൽകി ശിക്ഷയിൽനിന്ന് ഒഴിവാകുകയായിരുന്നു.
കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള ആൻറി ന൪കോട്ടിക് സ്ക്വാഡിൽപ്പെട്ട കൊല്ലം അസി.കമീഷണ൪ ബി. കൃഷ്ണകുമാ൪, കൊല്ലം ഈസ്റ്റ് സി.ഐ വി. സുഗതൻ, എസ്.ഐ ജി. ഗോപകുമാ൪, ഗ്രേഡ് എസ്.ഐ. പ്രകാശൻ, സിവിൽ പൊലീസ് ഓഫിസ൪മാരായ ജോസ്പ്രകാശ്, അനൻബാബു, ശ്രീലാൽ, ഹരിലാൽ, സജിത്, സുനിൽ എന്നിവരാണ്അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
