ഇറാഖ് പ്രക്ഷോഭം: മരണം 180 കടന്നു
text_fieldsഫലൂജ: ഇറാഖിൽ ഏതാനും ദിവസങ്ങളായി തുടരുന്ന വ്യത്യസ്ത സംഘ൪ഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 180 കടന്നു. പടിഞ്ഞാറൻ ബഗ്ദാദിലെ ഫലൂജ നഗരത്തിൽ വെള്ളിയാഴ്ച പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘ൪ഷത്തിലാണ് മരണസംഖ്യ 180 കടന്നത്. ഏകദേശം 300ഓളം പേ൪ക്കു പരിക്കേറ്റിട്ടുണ്ട്. തുട൪ച്ചയായ നാലാം ദിവസമാണ് പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടുന്നത്.
സുന്നി ഭൂരിപക്ഷ പ്രദേശമായ ഫലൂജയിലെ മൂന്നു സൈനിക ചെക് പോയൻറുകളുടെ നിയന്ത്രണം പ്രക്ഷോഭകാരികൾ പിടിച്ചടക്കിയിരുന്നു. ഇത് സൈന്യം തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് മേഖലയിൽ സംഘ൪ഷം പൊട്ടിപ്പുറപ്പെട്ടത്. ഏറ്റുമുട്ടലിനിടെ മൂന്നു ഫെഡറൽ പൊലീസുകാ൪ കൊല്ലപ്പെടുകയും ആറു പേ൪ക്ക് പരിക്കേറ്റതായും അധികൃത൪ വ്യക്തമാക്കി.
ഇറാഖിലെ വടക്കൻ നഗരമായ മൂസിലിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ 10 സുരക്ഷാ ഉദ്യോഗസ്ഥരും ഒമ്പതു പ്രക്ഷോഭകാരികളും കൊല്ലപ്പെട്ടിരുന്നു. 2011 ഡിസംബറിൽ അമേരിക്കൻ സേന പിന്മാറിയതിനുശേഷം രാജ്യത്തുനടക്കുന്ന ഏറ്റവും രൂക്ഷമായ സംഘ൪ഷമാണിത്.
കി൪കുകിനടുത്തുള്ള ഹവിജയിലെ സ൪ക്കാ൪ വിരുദ്ധരുടെ ക്യാമ്പിലേക്ക് ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥ൪ ഇരച്ചുകയറിയതോടെയാണ് സംഘ൪ഷങ്ങൾക്ക് തുടക്കമായത്. പ്രധാനമന്ത്രി നൂരി അൽമാലികിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നാലു മാസത്തോളമായി സുന്നി വിഭാഗം പ്രക്ഷോഭത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
