ആയുധ സാമഗ്രി ഇടപാട്: എ. വത്സന്‍െറ വിയ്യൂരിലെ വീട്ടില്‍ റെയ്ഡ്
text_fieldsകൊച്ചി: ആയുധ സാമഗ്രി ഇടപാടിൽ തൃശൂരിലെ സ്റ്റീൽ ഇൻഡസ്ട്രീസ് ഫോ൪ജിങ് ലിമിറ്റഡ് സീനിയ൪ മാ൪ക്കറ്റിങ് മാനേജ൪ എ. വത്സന് ലഭിച്ച കൈക്കൂലി പണം ബാങ്കിൽ നിക്ഷേപിച്ചതിൻെറ രേഖകൾ സി.ബി.ഐ പിടിച്ചെടുത്തു. വത്സൻെറ തൃശൂ൪ വിയ്യൂരിലെ വീട്ടിൽ വ്യാഴാഴ്ച രാത്രി സി.ബി.ഐ സംഘം നടത്തിയ പരിശോധനയിലാണ് രണ്ടുലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതിൻെറ രേഖകൾ പിടിച്ചെടുത്തത്. ഇത് സുബി മല്ലിയിൽനിന്ന് ലഭിച്ച മൂന്നുലക്ഷം രൂപയിൽ ഉൾപ്പെട്ട പണമാണെന്ന് വത്സൻ സി.ബി.ഐയുടെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇതേതുട൪ന്ന് വത്സനെ കസ്റ്റഡി കാലാവധി അവസാനിക്കാൻ ഒരുദിവസം കൂടി ബാക്കിയിരിക്കെ വെള്ളിയാഴ്ച വൈകുന്നേരം സി.ബി.ഐ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2012 ഡിസംബ൪ ആറിനാണ് വിയ്യൂ൪ സ൪വീസ് സഹകരണബാങ്കിൽ വത്സൻ രണ്ട് ലക്ഷം രൂപ സ്ഥിരനിക്ഷേപമായി ഡെപ്പോസിറ്റ് ചെയ്തത്. അരലക്ഷം രൂപ വീതം ബാങ്കിൽ നിക്ഷേപിച്ചതിൻെറ നാല് രസീതുകളാണ് വത്സൻെറ വീട്ടിൽ നടത്തിയ പരിശോധനയിൽ സി.ബി.ഐക്ക് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബ൪ 31നാണ് സുബി മല്ലിയിൽനിന്ന് വത്സൻ പണം കൈപ്പറ്റിയത്. ആറ് ദിവസം കഴിഞ്ഞ് ഡിസംബ൪ ആറിനാണ് തുക ഇയാൾ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. വത്സനെതിരായ ശക്തമായ തെളിവാണ് ഈ രേഖകളെന്ന് സി.ബി.ഐ വൃത്തങ്ങൾ പറഞ്ഞു. വത്സൻെറ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഡെപ്പോസിറ്റ് രസീതുകൾ സി.ബി.ഐ അന്വേഷണ സംഘം വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി.
ആയുധ സാമഗ്രി ഇടപാടിന് എസ്.ഐ.എഫ്.എല്ലിൽനിന്ന് സുബി മല്ലിക്ക് കമീഷനായി ലഭിച്ച 18 ലക്ഷം രൂപയിൽ എട്ട് ലക്ഷം രൂപയാണ് എം.ഡിയായിരുന്ന എസ്. ഷാനവാസിനും വത്സനുമുള്ള വിഹിതമായി നൽകിയിരുന്നത്. ഇതിൽ വത്സൻെറ പങ്ക് നാലുലക്ഷം രൂപയായിരുന്നുവെങ്കിലും നേരത്തേ ഒരു ലക്ഷം രൂപ ഷാനവാസിന് വത്സൻ നൽകാനുണ്ടായിരുന്നതിനാൽ മൂന്നുലക്ഷം രൂപയാണ് സുബി മല്ലി നൽകിയ പണത്തിൽനിന്ന് ഇയാൾക്ക് ലഭിച്ചത്. ഇതിൽ രണ്ടുലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ച വത്സൻ ഒരു ലക്ഷം രൂപ വീട് പണിക്ക് ടൈൽസ് വാങ്ങാനും മറ്റും ചെലവിട്ടതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
ഹൈദരാബാദിലെ മേഡക് ഓ൪ഡനൻസ് ഫാക്ടറി മാനേജിങ് ഡയറക്ട൪ വി.കെ. പാണ്ഡേക്ക് സുബി മല്ലിയിൽനിന്ന് ലഭിച്ച മൂന്നുലക്ഷം രൂപ എവിടേക്കാണ് പോയതെന്നതുസംബന്ധിച്ചും സി.ബി.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
