ജഗതിയെ ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു
text_fieldsതിരുവനന്തപുരം: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ജഗതി ശ്രീകുമാറിനെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദ൪ശിച്ചു. ഭാര്യ മറിയാമ്മ ഉമ്മനും മകൻ ചാണ്ടി ഉമ്മനുമൊപ്പമായിരുന്നു മുഖ്യമന്ത്രി ജഗതിയുടെ പേയാട്ടെ വസതിയിലെത്തിയത്. സന്ദ൪ശനമുറിയിൽ ഇരുന്ന ഇവരുടെ അടുത്തേക്ക് മകൻ രാജ്കുമാ൪ ജഗതിയെ വീൽചെയറിൽ കൊണ്ടുവന്നു.
എല്ലാവരെയും ഒറ്റനോട്ടത്തിൽതന്നെ തിരിച്ചറിഞ്ഞെന്ന് ജഗതിയുടെ മുഖത്തെപുഞ്ചിരി തെളിയിച്ചു. അടുത്തെത്തി കൈനീട്ടിയ മുഖ്യമന്ത്രിയെ കൈ കൊടുത്താണ് ജഗതി സ്വീകരിച്ചത്. മനസ്സിലായോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് പുഞ്ചിരിയായിരുന്നു മറുപടി. പിന്നെ ചികിത്സയുടെ വിവരങ്ങൾ മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. ഒന്നിനും ജഗതി മറുപടി പറഞ്ഞില്ലെങ്കിലും എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.
അപകടത്തിനുശേഷം മുഖ്യമന്ത്രി ആദ്യമായാണ് ജഗതിയെ നേരിട്ട് കാണുന്നത്. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാണാനെത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ജഗതിക്ക് എതു തരത്തിലുള്ള ചികിത്സ ലഭ്യമാക്കാനും സ൪ക്കാ൪ തയാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. വേഗം പൂ൪ണ ആരോഗ്യവാനായി സിനിമയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പരസഹായത്തോടെ നടന്ന് തുടങ്ങിയെന്നും കസേരയിൽ ബാലൻസ് ചെയ്ത് ഇരിക്കാനും ഇടതുകൈ അനായാസം ചലിപ്പിക്കാനാവുമെന്നും ഭാര്യ ശോഭ പറഞ്ഞു. വെല്ലൂരിലെ ചികിത്സ തന്നെയാണ് തുടരുന്നത്. 21 ദിവസത്തെ മ൪മചികിത്സയും നടത്തിയിരുന്നു. ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നും അവ൪ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 10.45 ഓടെ അരമണിക്കൂറോളം വീട്ടിൽ തങ്ങിയ ശേഷമാണ് മുഖ്യമന്ത്രിയും കുടുംബവും മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
