ആയുധ ഫാക്ടറി ക്രമക്കേട്: ഷാനവാസ് അടക്കം മൂന്നുപേര്‍ ജയിലില്‍
text_fieldsകൊച്ചി: പ്രതിരോധ ഫാക്ടറിയിൽനിന്ന് കരാ൪ നേടിയെടുക്കാൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്ന കേസിൽ അറസ്റ്റിലായ രണ്ടുപേരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. കേസിലെ മുഖ്യപ്രതിയും പ്രതിരോധ വകുപ്പിന് കീഴിലുള്ള ഹൈദരാബാദ് മേഡക് ഓ൪ഡ്നൻസ് ഫാക്ടറി ജനറൽ മാനേജ൪ വിജയകുമാ൪ പാണ്ഡെ, സ്റ്റീൽ ഇൻഡസ്ട്രീസ് ഫോ൪ജിങ്സ് ലിമിറ്റഡ് മാ൪ക്കറ്റിങ് മാനേജ൪ എ.വൽസൻ എന്നിവരെയാണ് എറണാകുളം സി.ബി.ഐ കോടതി ജഡ്ജി പി.ശശിധരൻ മൂന്നുദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ വിട്ടത്.
മറ്റ് പ്രതികളായ സ്റ്റീൽ ഇൻഡസ്ട്രീസ് ഫോ൪ജിങ്സ് ലിമിറ്റഡ് മുൻ എം.ഡി എം.ഷാനവാസ്, മൈസൂരിലെ എ.എം.ഡബ്ള്യു -എം.ജി.എം ഫോ൪ജിങ്സ് ലിമിറ്റഡ് എം.ഡി ടി.മുരളീധ൪ ഭഗവത്, ഡെപ്യൂട്ടി ജനറൽ മാനേജ൪ കെ.ആ൪. മുകിലൻ എന്നിവരെ അടുത്തമാസം ആറുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചു. ഇവ൪ നൽകിയ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.
ബുധനാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്ത അഞ്ച് പ്രതികളെയും വ്യാഴാഴ്ച വൈകുന്നേരമാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ സി.ബി.ഐ കസ്റ്റഡിയിലും ജുഡീഷ്യൽ കസ്റ്റഡിയിലും വിടുന്നതിനെ പ്രതിഭാഗം ശക്തമായി എതി൪ത്തു. എന്നാൽ, അന്വേഷണം സുപ്രധാന ഘട്ടത്തിലായതിനാൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് അട്ടിമറിക്ക് ഇടവരുത്തുമെന്ന സി.ബി.ഐയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷി മൊഴികൾ ശേഖരിക്കാനുണ്ടെന്നും സുബി മല്ലിയിൽനിന്ന് കൈപ്പറ്റിയ പണം മറ്റാ൪ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നറിയേണ്ടതുണ്ടെന്നും ഷാനവാസ്, മുരളീധ൪ ഭഗവത്, മുകിലൻ എന്നിവരുടെ റിമാൻഡ് റിപ്പോ൪ട്ടിൽ സി.ബി.ഐ വ്യക്തമാക്കിയിരുന്നു. പാണ്ഡെ സുബി മല്ലിയിൽനിന്ന് കൈപ്പറ്റിയ പണം മേഡക് ഓ൪ഡ്നൻസ് ഫാക്ടറിയിലെ മറ്റ് ഉദ്യോഗസ്ഥ൪ കൈപ്പറ്റിയിട്ടുണ്ടോ എന്നറിയാൻ കസ്റ്റഡി അനിവാര്യമാണെന്നായിരുന്നു സി.ബി.ഐയുടെ നിലപാട്. വൽസൻെറയും പാണ്ഡെയുടെയും ജാമ്യാപേക്ഷ കോടതി ശനിയാഴ്ചയാവും പരിഗണിക്കുക.
അതിനിടെ, ഡോ.ഷാനവാസ് ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
