തമിഴ്നാട് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട കൊലക്കേസ് പ്രതി നിലമ്പൂരില്‍ പിടിയില്‍
text_fieldsനിലമ്പൂ൪: ജാമ്യാപേക്ഷ പരിഗണിക്കാൻ ജയിലിൽനിന്ന് കോടതിയിലേക്ക് കൊണ്ടുപോകും വഴി പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട കൊലപാതക കേസിലെ പ്രതി എട്ട് വ൪ഷത്തിനുശേഷം നിലമ്പൂരിൽ പൊലീസിൻെറ പിടിയിലായി. കന്യാകുമാരി കൽകുളം താലൂക്ക് ത്രിപരപ്പ് തെക്കേ വീട്ടുവിളൈ മണി എന്ന കുമാരനാണ് (46) അറസ്റ്റിലായത്.
രക്ഷപ്പെട്ട് കേരളത്തിലെത്തിയ ഇയാൾ ചോക്കാട് പൊട്ടിക്കല്ലിൽ വിവാഹം കഴിച്ച് താമസിച്ചുവരികയായിരുന്നു. ഭ൪ത്താവ് തന്നെയും കുട്ടികളെയും മ൪ദിക്കുന്നുവെന്ന ഭാര്യയുടെ പരാതിയിലാണ് ഇയാളെ നിലമ്പൂ൪ എസ്.ഐ സുനിൽ പുളിക്കൽ കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധ കാര്യങ്ങൾ പറഞ്ഞതോടെ സംശയം തോന്നിയ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു.
1986ൽ ഇയാളും സഹോദരനും അച്ഛനും സഹോദരി ഭ൪ത്താവും ചേ൪ന്ന് തൻസിലാൻ (32) എന്ന പട്ടാളക്കാരനെ വെട്ടിയും കുത്തിയും കൊലപ്പൊടുത്തിയെന്നാണ് കേസ്. തമിഴ്നാട് വിരുദ നഗ൪ പച്ചക്കരപ്പട്ടി സ്റ്റേഷനിലാണ് കേസുള്ളത്. നിരപരാധിയാണെന്ന് കണ്ട് അച്ഛൻ തോംസനെ കോടതി വെറുതെ വിട്ടിരുന്നു. കുറ്റക്കാരനാണെന്ന് കണ്ട് സഹോദരി ഭ൪ത്താവിനെയും സഹോദരനെയും ഇയാളെയും കോടതി ജീവപരന്ത്യം ശിക്ഷക്ക് വിധിച്ചു. ഒമ്പതര വ൪ഷം ജയിൽ ശിക്ഷയനുഭവിച്ച ശേഷം വെല്ലൂ൪ ജയിലിൽനിന്ന് കന്യാകുമാരി തകല കോടതിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. ബന്ധുവായ യുവാവ് നിലമ്പൂരിൽ ടാപ്പിങ് ജോലിക്ക് വന്നിരുന്നുവെന്ന വിവരത്തെ തുട൪ന്നാണ് താൻ നിലമ്പൂരിലെത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
