Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപ്രവാസി...

പ്രവാസി ‘ഈന്തപ്പന’യാകണം: റവ. രജി ഡാന്‍ കെ. ഫിലിപ്പോസ്

text_fields
bookmark_border
പ്രവാസി ‘ഈന്തപ്പന’യാകണം:  റവ. രജി ഡാന്‍ കെ. ഫിലിപ്പോസ്
cancel

മനാമ: ‘പ്രവാസ ജീവിതം നയിക്കുന്നവ൪ ഈന്തപ്പനയെപ്പോലെയാകണം. കടുത്ത ചൂടിനോടും തണുപ്പിനോടും മല്ലടിച്ച് അത് ഏറ്റവും മധുരവും ഊ൪ജവുമുള്ള ഈന്തപ്പഴം നൽകുന്നപോലെ തങ്ങളുടെ കുടുംബത്തിനും നാടിനും സമൂഹത്തിനും നല്ലതു ചെയ്ത് പിടിച്ചു നിൽക്കാൻ പ്രവാസിക്കാകണം....’ മൂന്ന് വ൪ഷത്തെ ദൗത്യം പൂ൪ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈൻ മാ൪ത്തോമാ ഇടവകയുടെ അസി. വികാരി റവ. രജി ഡാൻ കെ. ഫിലിപ്പോസിന് പ്രവാസികളോട് നൽകാനുള്ള ഉപദേശമെന്ന നിലയിൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞത് ആറ്റിക്കുറിക്കി വേണമെങ്കിൽ മുകളിലെ രണ്ട് വാചകങ്ങളിൽ ഒതുക്കാം. കാരണം ആ വാക്കുകളിൽ പ്രവാസ സമൂഹത്തിന് നൽകാനുള്ള എല്ലാം ഉൾചേ൪ന്നിരിക്കുന്നു. ‘ഞാൻ അദ്ഭുതത്തോടെയാണ് ഈന്തപ്പനയെ നോക്കാറുള്ളത്. മരുഭൂമിയിലെ കടുത്ത ചൂടിലും മരം കോച്ചുന്ന തണുപ്പിലും ഒറ്റ നിൽപാണത്. ഏത് പ്രതിസന്ധിയെയും തരണം ചെയ്ത് അവസാനം ഈന്തപ്പഴമെന്ന നന്മ പ്രദാനം ചെയ്യുമ്പോൾ അത് നൽകുന്ന സന്ദേശം വളരെ വലുതാണ്’ -അദ്ദേഹം തുട൪ന്നു.
‘കോഴിക്കോട് കാൻസ൪ ബാധിച്ച കുഞ്ഞുങ്ങളുടെ വേദനയകറ്റാനുള്ള ഗൈഡൻസ് സെൻററിൽ പ്രവ൪ത്തിക്കുന്നതിനിടെയാണ് ബഹ്റൈനിലേക്കുള്ള ദൗത്യം ഏറ്റെടുത്ത് വിമാനം കയറുന്നത്. ഗൾഫ് എന്നു കേൾക്കുമ്പോൾ സുഖലോലുപതയാണ് മനസ്സിലേക്ക് വരാറുണ്ടായിരുന്നത്. ഇവിടെയെത്തി ലേബ൪ ക്യാമ്പുകളും മറ്റും സന്ദ൪ശിച്ചപ്പോഴാണ് ഗൾഫിൻെറ മറ്റൊരു മുഖം അനുഭവവേദ്യമാകുന്നത്. ഹൃദയം പൊട്ടുന്ന അനുഭവങ്ങളായിരുന്നു പലതും. ഒരു ക്യാമ്പിലെ രംഗം ഇങ്ങനെ: എട്ട് പേരുള്ള കൊച്ചു മുറിയുടെ കട്ടിലിൻെറ അറ്റത്ത് പഴയ ഒരു കമ്പ്യൂട്ട൪. മറ്റൊരു ഭാഗത്ത് ഒരു പാവക്കുട്ടി....ആ കട്ടിലാണ് അവരുടെ വീട്. അവരുടെ സന്തോഷവും ദു:ഖവുമെല്ലാം ഈ കട്ടിലിൽ അവ൪ ഇറക്കിവെക്കുന്നു. മറ്റൊരാളുടെ അനുഭവം ഇങ്ങനെ: മാസ ശമ്പളമായി കിട്ടുന്ന 90 ദിനാറിൽ ചില്ലിക്കാശ് ബാക്കിവെക്കാതെ അയാൾ കുടുംബത്തിലേക്ക് അയക്കും. ഇവിടെ ജീവിക്കാനുള്ളത് ഒഴിവു വേളയിലെ ഓവ൪ ടൈമിലൂടെ അയാൾ കണ്ടെത്തുന്നു. അതേസമയം, എല്ലാ സാമൂഹിക സേവന മേഖലയിലും അയാൾ വ്യാപൃതനാണ്. തൻെറ പ്രവ൪ത്തനങ്ങൾക്ക് ഒരുതരത്തിലുള്ള പ്രചാരണവും അയാൾ നൽകുന്നില്ല. ഇല്ലാത്തവൻെറ പ്രയാസം അനുഭവത്തിലൂടെ തിരിച്ചറിയുന്നതുകൊണ്ടാകാം അയാൾ തൻെറ പരാധീനതകൾക്കിടയിലും മറ്റുള്ളവ൪ക്ക് ആശ്വാസം നൽകാൻ സമയം കണ്ടെത്തുന്നത്. സമ്പത്തുള്ളവരിൽ ധാരാളം സഹായം ചെയ്യുന്നവരുണ്ട്. എന്നാൽ, മിക്കവരും തിരിച്ച് എന്തെങ്കിലും ആഗ്രഹിക്കുന്നു. ഒന്നുമില്ലെങ്കിൽ പബ്ളിസിറ്റിയെങ്കിലും... ദരിദ്രൻെറ സഹായത്തിന് തിരിച്ചൊന്നും അവ൪ പ്രതീക്ഷിക്കുന്നില്ല. ഇവ൪ ചെയ്യുന്നത് സമൂഹം അറിയുന്നുമില്ല.
ഇവിടെയുള്ള പല പ്രവാസി കുടുംബങ്ങളുടെയും അവസ്ഥ വളരെ ദയനീയമാണ്. ജീവിതത്തിൽ സന്തോഷമറിയാതെയാണ് പലരും ജീവിക്കുന്നത്. സമ്പത്ത് ധാരാളം ലഭിക്കുന്നുണ്ടെങ്കിലും സമാധാനം അവ൪ക്ക് അന്യമാണ്. ജീവിതത്തിൻെറ അ൪ഥം കണ്ടെത്താത്തവരണ് അവ൪. യാന്ത്രിക ജീവിതമാണ് അവ൪ നയിക്കുന്നത്. മലയാളിയുടെ തനത് സ്വഭാവവമായ പത്ര പാരായണമില്ല, പുസ്തക വായനയില്ല... ഞാനായി, എൻെറ കുടുംബമായി എന്ന പ്രവണതയാണവ൪ക്ക്. സമൂഹത്തോട് തനിക്ക് ചില ബാധ്യതകളുണ്ടെന്ന് അവ൪ വിസ്മരിക്കുന്നു. പ്രാ൪ഥനയും അതിനുള്ള വഴിപാടുമായാൽ എല്ലാമായെന്ന വിശ്വാസം ശരിയല്ല. ജീവിതത്തെ കുറച്ചുകൂടി ഗൗരവത്തോടെ കാണാൻ കുടുംബങ്ങൾ തയ്യാറാകണം. ഏകാന്തതയും ഒറ്റപ്പെടലുമാണ് പലപ്പോഴും മാനസിക സംഘ൪ങ്ങളുണ്ടാക്കുന്നത്. സാമൂഹികമായ ഇടപെടലുകളും കൂടിച്ചേരലുകളുമുണ്ടാകുമ്പോൾ സന്തോഷവും വേദനയും കൈമാറ്റം ചെയ്യപ്പെടുന്നു. അപ്പോൾ ലഭിക്കുന്ന ആശ്വാസം ജീവിതത്തന് അ൪ഥം നൽകും. ജീവിതം അവസാനിച്ചു കിട്ടിയെങ്കിലെന്ന ചിന്ത ഒരിക്കലും മനസ്സിലേക്ക് വരില്ല. പ്രവാസിയെ ഒരു കറവപ്പശുപോലെ കാണുന്ന അവരുടെ കുടുംബത്തിൻെറയും സമൂഹത്തിൻെറയും മനോഭാവത്തിനും മാറ്റമുണ്ടാകേണ്ടിയിരിക്കുന്നു.
മൂന്ന് വ൪ഷത്തെ പ്രവാസം തനിക്ക് വലിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രവാസികളോട് ഉദാരമായ സമീപനം പുല൪ത്തുന്ന ഭരണകൂടം. മത, സാമൂഹിക, സാംസ്കാരിക മേഖലയിലെ സജീവത. ഇവിടെയും നാട്ടിലുമുള്ള ദുരിതം അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായുള്ള ആശ്വാസ പ്രവ൪ത്തനങ്ങൾ...ഇങ്ങനെ നിരവധി നന്മകൾക്ക് സാക്ഷിയാകാൻ കഴിഞ്ഞു. ബഹ്റൈൻ കേരളീയ സമാജം, കെ.ഐ.ജി, തനിമ, എസ്.എൻ.സി.എസ്, അൽ അൻസാ൪ സെൻറ൪ തുടങ്ങി നിരവധി സംഘടനകൾ ഒരുക്കിയ വേദികളിൽ പങ്കെടുക്കാനും അവരുമായ ആശയ വിനിമയം നടത്താനും സാധിച്ചു. ഒരു പക്ഷേ, നാടിനേക്കാൾ സാംസ്കാരിക മേഖല സജീവമാണിവിടെ. ‘സാധ്യതയുടെ വാതായനങ്ങൾ’ എന്ന തൻെറ പുസ്തകം ബഹ്റൈനിലിരുന്ന് പ്രസിദ്ധീകരിക്കാനായത് അതീവ സന്തോഷം നൽകുന്നു. അങ്ങനെ ആത്മീയതക്ക് സാമൂഹിക മാനം നൽകുന്ന രജി ഡാൻ കെ. ഫിലിപ്പോസ് കഥയും കവിതയും ലേഖനങ്ങളും എഴുതാനും ചിത്രം വരക്കാനും സമയം കണ്ടെത്തുന്നു. ലിംനേഷ് അഗസ്റ്റ്യനും ഹരീഷ് മേനോനുമൊപ്പം നടത്തിയ ചിത്ര രചനകൾ കൂടി ഓ൪ത്തെടുത്താണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്. കോഴഞ്ചേരി കുറുന്തോട്ടിക്കൽ തുണ്ടിയിൽ കെ.സി. ഫിലിപ്പിൻെറയും അന്നമ്മയുടെയും മകനായ അദ്ദേഹം ഇനി കുന്നംകുളത്തെ പെയ്ങ്ങാംമുക്ക്, മൂക്കുതല ഇടവകയിലേക്കാണ് യാത്രയാകുന്നത്. മനിയാണ് ഭാര്യ. ഒമ്പതിൽ പഠിക്കുന്ന ആ൪ദ്രയും മൂന്നിൽ പഠിക്കുന്ന ആശ്രിതും മക്കൾ.

Show Full Article
TAGS:
Next Story