Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅതിര്‍ത്തി കടന്ന് ചൈന...

അതിര്‍ത്തി കടന്ന് ചൈന തമ്പടിച്ചു; സംയമനത്തോടെ ഇന്ത്യ

text_fields
bookmark_border
അതിര്‍ത്തി കടന്ന് ചൈന തമ്പടിച്ചു; സംയമനത്തോടെ ഇന്ത്യ
cancel

ന്യൂദൽഹി: ഇന്ത്യൻ അതി൪ത്തിയിൽ ചൈനയുടെ ‘പ്രശ്നരഹിത’ നുഴഞ്ഞുകയറ്റം. ചൈനയുടെ പീപ്പ്ൾസ് ലിബറേഷൻ ആ൪മി ജമ്മു-കശ്മീരിലെ കിഴക്കൻ ലഡാക്കിലുള്ള ദൗലത് ബേഗ് ഓൾഡിയിലെ അതി൪ത്തി നിയന്ത്രണരേഖ മറികടന്ന് 10 കിലോമീറ്റ൪ ഉള്ളിലേക്ക് കയറി തമ്പടിച്ചിരിക്കുകയാണ്. ഡസൻകണക്കിന് ചൈനീസ് സൈനിക൪ ഏപ്രിൽ 15ന് നടത്തിയ നുഴഞ്ഞുകയറ്റപ്രശ്നം തീ൪ത്തെടുക്കാൻ കേന്ദ്ര സ൪ക്കാ൪ നടത്തിയ ശ്രമങ്ങൾ ഇനിയും വിജയിച്ചിട്ടില്ല.
ഇന്ത്യൻ ഭൂപ്രദേശത്ത് ചൈനീസ് പട്ടാളം ക്യാമ്പുതന്നെ സ്ഥാപിച്ചത് രണ്ടു ഹെലികോപ്ടറുകളിൽ സാമഗ്രികൾ എത്തിച്ചുകൊണ്ടാണ്. ഇതേതുട൪ന്ന് ലഡാക്ക് സ്കൗട്ട്സിൻെറ അഞ്ചാം ബറ്റാലിയനെ പരിസരത്തേക്ക് വിന്യസിച്ചിട്ടുണ്ട്. ചൈനീസ് പട്ടാളം സ്ഥാപിച്ച ക്യാമ്പിൽനിന്ന് അര കിലോമീറ്റ൪ മാറി ഇന്ത്യൻ സേന നിലയുറപ്പിച്ചിരിക്കുകയാണ്. ചൈനയോട് ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ തികഞ്ഞ സംയമനം പാലിച്ച് പ്രശ്നപരിഹാര നീക്കങ്ങൾ നടക്കുന്നു.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തിനിടെ ഇന്ത്യ വിമാനമിറങ്ങാൻ സൗകര്യമൊരുക്കിയ സ്ഥലമാണ് ദൗലത് ബേഗ്. അവിടംതന്നെ ചൈന തെരഞ്ഞെടുത്തത് തന്ത്രപരമായ നീക്കമാണെന്ന് വിദഗ്ധ൪ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിമാനമിറങ്ങാൻ പാകത്തിൽ ഈ സ്ഥലം അഞ്ചു വ൪ഷം മുമ്പ് ഇന്ത്യ വീണ്ടും സജ്ജമാക്കി. രണ്ടു രാജ്യങ്ങളും തമ്മിൽ ഒരു സംഘ൪ഷമുണ്ടായാൽ ഇന്ത്യക്ക് വിമാനമിറക്കാൻ കഴിയുന്ന മുന്നണിപ്രദേശം സൈനികമായി ഇന്ത്യയുടെ ആസ്തിയാണ്. ചൈനാ അതി൪ത്തിയോടുചേ൪ന്ന, ഏറ്റവും ഉയരത്തിലുള്ള വിമാനമിറക്കൽ കേന്ദ്രമാണിത്. കേന്ദ്ര സ൪ക്കാ൪ അങ്ങേയറ്റം സൂക്ഷ്മതയോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. അതി൪ത്തി നിയന്ത്രണ രേഖയെക്കുറിച്ച് രണ്ടു രാജ്യങ്ങൾക്കും വ്യത്യസ്ത കാഴ്ചപ്പാടുള്ള പ്രദേശമാണിതെന്ന് കഴിഞ്ഞ ദിവസം സ൪ക്കാ൪ വിശദീകരിച്ചു. ഇവിടെ ചില സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഉഭയകക്ഷി കരാറുകൾക്ക് അനുസൃതമായി അത് സമാധാനപരമായി പരിഹരിക്കാറുമുണ്ട്. ഇപ്പോഴത്തെ സംഭവവും സമാധാനപരമായി പരിഹരിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ട്. രണ്ടിടത്തെയും വിദേശകാര്യ മന്ത്രാലയങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ കൂടിയാലോചനകൾ നടത്തിവരുന്നുണ്ടെന്നും ബന്ധപ്പെട്ടവ൪ വിശദീകരിച്ചു.
സ൪ക്കാ൪ നിലപാട് വിശദമാക്കി പ്രതിരോധമന്ത്രി എ.കെ. ആൻറണിയും തിങ്കളാഴ്ച പ്രതികരിച്ചു. കിഴക്കൻ ലഡാക്കിൽ ഇന്ത്യയുടെ അതി൪ത്തിയിലേക്ക് ചൈനയുടെ പട്ടാളം നുഴഞ്ഞുകയറിയതുമായി ബന്ധപ്പെട്ട സാഹചര്യം പരിഹരിക്കാനും രാജ്യത്തിൻെറ താൽപര്യങ്ങൾ സംരക്ഷിക്കാനും എല്ലാ നടപടിയും എടുക്കുമെന്ന് ആൻറണി പാ൪ലമെൻറിനു പുറത്ത് വാ൪ത്താലേഖകരോട് പറഞ്ഞു. എന്നാൽ, കൂടുതലൊന്നും സംസാരിച്ചില്ല.
തിങ്കളാഴ്ച ചൈനയുടെ വിശദീകരണവും വന്നു. അതി൪ത്തിയിൽ തങ്ങൾ നുഴഞ്ഞുകയറ്റം നടത്തിയെന്ന റിപ്പോ൪ട്ടുകൾ അവ൪ തള്ളി. അതി൪ത്തി നിയന്ത്രണരേഖ ചൈനീസ് സേന ഒരിക്കലും മുറിച്ചുകടന്നിട്ടില്ല. രണ്ടു രാജ്യങ്ങളും തമ്മിലെ കരാറുകൾ അതി൪ത്തി സേന മാനിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുൻയിങ് ബെയ്ജിങ്ങിൽ പറഞ്ഞു. സേന ചൈനയുടെ ഭാഗത്താണ് പട്രോളിങ് നടത്തുന്നത്. ഇതേക്കുറിച്ച് ഇന്ത്യയിലെ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടുണ്ട്. പരസ്പര ബന്ധങ്ങൾ നല്ല നിലയിലാണെന്നും ചൈനീസ് വക്താവ് വിശദീകരിച്ചു.
അന്തിമ പരിഹാരമുണ്ടാകുന്നതുവരെ അതി൪ത്തി മേഖലയിൽ സുരക്ഷിതത്വവും സഹിഷ്ണുതയും ഉറപ്പുവരുത്തണമെന്നാണ് ഇരുപക്ഷവും തീരുമാനിച്ചിട്ടുള്ളത്. പരസ്പരബന്ധത്തിൻെറ വിശാല താൽപര്യങ്ങളെ അതി൪ത്തി വിഷയങ്ങൾ ബാധിക്കരുതെന്നും ധാരണയുണ്ട് -വക്താവ് കൂട്ടിച്ചേ൪ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story