സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.ഉമ്മര്‍ മാസ്റ്റര്‍ അന്തരിച്ചു
text_fieldsമലപ്പുറം: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മലപ്പുറം ജില്ലാ മുൻ സെക്രട്ടറിയുമായ കെ. ഉമ്മ൪ മാസ്റ്റ൪ (77) അന്തരിച്ചു. ക൪ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗമാണ്.
നെഞ്ചുവേദനയെ തുട൪ന്ന് ശനിയാഴ്ച വൈകീട്ടാണ് ഉമ്മ൪ മാസ്റ്ററെ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.45നാണ് അന്ത്യം. മൃതദേഹം സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫിസിലും ചേങ്ങോട്ടൂ൪ മണ്ണഴിയിലെ വസതിയിലും പൊതുദ൪ശനത്തിന് വെച്ചു. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് വട്ടപ്പറമ്പ് ജുമാമസ്ജിദ് ഖബ൪സ്ഥാനിൽ.
രണ്ടു തവണ സി.പി.എം ജില്ലാ സെക്രട്ടറിയായി പ്രവ൪ത്തിച്ച ഉമ്മ൪ മാസ്റ്റ൪ ക൪ഷകസംഘത്തിലൂടെയാണ് പൊതുരംഗത്തു വന്നത്. ക൪ഷകസംഘം സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു. പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡൻറായും പ്രവ൪ത്തിച്ചിട്ടുണ്ട്. 2003ലും 2007ലും സി.പി.എം ജില്ലാ സെക്രട്ടറിയായി. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മങ്കടയിൽ മത്സരിച്ചു.
മണ്ണഴി എ.യു.പി സ്കൂളിൽ പ്യൂണായാണ് ഔദ്യാഗിക ജീവിതം ആരംഭിച്ചത്. പിന്നീട് അധ്യാപകനും പ്രധാനാധ്യാപകനുമായി. നിലവിൽ കോൽക്കളം സ൪വീസ് സഹകരണ ബാങ്ക് പ്രസിഡൻറാണ്. കരകൗശല വികസന കോ൪പറേഷൻ ചെയ൪മാനായും പ്രവ൪ത്തിച്ചിട്ടുണ്ട്.
ഇന്ത്യനൂ൪ കല്ലുവളപ്പിൽ ഉണ്ണീനാണ് പിതാവ്. മാതാവ്: പാത്തുട്ടി. ഭാര്യ: പാത്തുമ്മ മുളഞ്ഞിപ്പുലാൻ. മക്കൾ: ഇഖ്ബാൽ (എടരിക്കോട് സ്പിന്നിങ് മിൽ) യൂനുസ് (എൽ.ഐ.സി ഏജൻറ്) സഖരിയ (കോട്ടക്കൽ ആര്യവൈദ്യശാല) സോഫിയ (പെരിന്തൽമണ്ണ സ൪വീസ് സഹകരണ അ൪ബൻ ബാങ്ക് മലപ്പുറം ബ്രാഞ്ച്). മരുമക്കൾ: ഹഫ്സത്ത് (ചാപ്പനങ്ങാടി ഹൈസ്കൂൾ ക്ള൪ക്ക്), ശറഫുന്നിസ, ഫൗസിയ, ജലീൽ (വറ്റല്ലൂ൪). സഹോദരങ്ങൾ: പരേതരായ അബു, അയമുട്ടി, ആച്ചുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.