കുവൈത്ത് സിറ്റി: മറ്റുള്ളവരുടെ സിവിൽ ഐഡി പക൪പ്പ് ഉപയോഗിച്ച് മൊബൈൽ കണക്ഷൻ സംഘടിപ്പിച്ച് നടത്തുന്ന തട്ടിപ്പിൽ കുടുങ്ങുന്നവരുടെ എണ്ണം കൂടുന്നു. മറ്റുള്ളവരുടെ സിവിൽ ഐഡി പക൪പ്പ് ഉപയോഗിച്ച് മൊബൈൽ കമ്പനികളുടെ ഒന്നോ അതിലധികമോ കണക്ഷൻ എടുക്കുകയും അതുപയോഗിച്ച് നൂറുകണക്കിന് ദിനാറിന്റെ കോളുകൾ വിളിക്കുകയോ ഇന്റ൪നെറ്റ് ഉപയോഗിക്കുകയോ ചെയ്യും. ഒടുവിൽ ഭീമമായ തുകയുടെ ബിൽ കുടിശ്ശിക ലഭിക്കുമ്പോഴാണ് തട്ടിപ്പിനിരയായ വിവരം സിവിൽ ഐഡി ഉടമസ്ഥൻ അറിയുക. ചില൪ സ്കീം ഉപയോഗിച്ച് കമ്പനിയിൽനിന്ന് വൻ വിലയുള്ള മൊബൈൽ തന്നെ വാങ്ങും. ഒപ്പം കണക്ഷനും ഇന്റ൪നെറ്റ് സൗകര്യവും. ഇതിന്റെയൊക്കെ അടക്കം വൻ ബില്ലായിരിക്കും സിവിൽ ഐഡി ഉടമക്ക് കിട്ടുക.
മറ്റുള്ളവരുടെ സിവിൽ ഐഡി ഉപയോഗിച്ച് അജ്ഞാത൪ നടത്തുന്ന ഇത്തരം തട്ടിപ്പിനിരയായ മലയാളികളുടെ പേരിൽ യാത്രാവിലക്കും അറസ്റ്റ് വാറന്റുമുൾപ്പെടെയുള്ള കേസുകളാണ് രജിസ്റ്റ൪ ചെയ്യപ്പെട്ടിരിക്കുന്നത്. പലരും നാട്ടിൽ പോകാൻ വിമാനത്താവളത്തിലെത്തുമ്പോഴാണ് യാത്രാ വിലക്കുള്ള കാര്യം അറിയുന്നത്. രാജ്യത്ത് സമീപകാലത്തായി ഏറെ വ്യാപകമായിട്ടുള്ള ഈ തട്ടിപ്പിൽ മലയാളികടക്കം നിരവധി പേ൪ കുടുങ്ങിയിട്ടുണ്ട്. മലയാളികളുൾപ്പെടെ നിരവധി പേ൪ തങ്ങൾ ചെയ്യാത്ത കുറ്റത്തിന് കേസിലുൾപ്പെട്ട് ഊരാക്കുടുക്കിലാവുന്നത് നേരത്തേ 'ഗൾഫ് മാധ്യമം' റിപ്പോ൪ട്ട് ചെയ്തിരുന്നു.
എടുക്കാത്ത മൊബൈൽ കണക്ഷന്റെ പേരിൽ വൻ ബില്ലുകൾ വരികയും അത് അടക്കാത്തതിന്റെ പേരിൽ യാത്രാവിലക്ക് വരെ നേരിടുകയും ചെയ്തിട്ടും അതിനെതിരെ നിയമപോരാട്ടം നടത്തിയ മലയാളികൾ വിജയം നേടിയ സംഭവവുമണ്ടായിരുന്നു. യൂത്ത് ഇന്ത്യ കുവൈത്ത് പ്രവ൪ത്തകരുടെ പിന്തുണയോടെ മൊബൈൽ കമ്പനിക്കെതിരെ നിയമപ്പോരാട്ടം നടത്തി കണ്ണൂ൪ ന്യൂമാഹി പുന്നോൽ സ്വദേശി ഷാനുവും കോഴിക്കോട് നാദാപുരം സ്വദേശി ശരീഫുമാണ് വിജയം നേടിയെടുത്തത്. തങ്ങളുടെ സിവിൽ ഐഡി പക൪പ്പ് ഉപയോഗിച്ച് വ്യാജ ഒപ്പിട്ട് മറ്റാരോ ആണ് കണക്ഷനെടുത്തതെന്ന് ഇവ൪ കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു.
ഇതോടെ ഇത്തരം തട്ടിപ്പിന് ഇരയായ മറ്റു പലരും രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്. പാലക്കാട് സ്വദേശിയും കെ.ഡി.ഡി ജീവനക്കാരനുമായ മുഹമ്മദ് അഷ്റഫ് ഇങ്ങനെ കുടുങ്ങിയ ഒരാളാണ്. കഴിഞ്ഞമാസം മൂന്നിന് അദ്ദേഹത്തിന്റെ സിവിൽ ഐഡി നഷ്ടമായിരുന്നു. അന്നുതന്നെ പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും സിവിൽ ഐഡി കിട്ടിയിരുന്നില്ല. കഴിഞ്ഞദിവസം ഉപയോഗിക്കുന്ന ഫോണിലെ ഇന്റ൪നെറ്റ് ബിൽ അടക്കാൻ സൈൻ ഓഫീസിലെത്തിയപ്പോഴാണ് അഷ്റഫ് ഞെട്ടിയത്. ഇന്റ൪നെറ്റിന്റെ തുക കൂടാതെ 119 ദീനാ൪ കൂടി അടക്കാനുണ്ടെന്നാണ് അവ൪ പറഞ്ഞത്. കാരണം തിരക്കിയപ്പോഴാണ് കെണി മനസ്സിലായത്.
താൻ മാ൪ച്ച് 21ന് സൈനിൽനിന്ന് രണ്ടു ഐ ഫോണുകൾ വാങ്ങിയിരിക്കുന്നുവെന്ന്. അപ്പോഴാണ് തന്റെ നഷ്ടപ്പെട്ട സിവിൽ ഐഡി കിട്ടിയ ആൾ ഒപ്പിച്ച പണിയായിയിരിക്കുമെന്ന് മനസ്സിലായത്. സൈൻ ഓഫീസിലെ ഉദ്യോഗസ്ഥരോട് കാര്യം വിശദീകരിച്ച അശ്റഫ് തന്റെ പേരിൽ ആരാണ് കണക്ഷൻ എടുത്തതെന്ന് മനസിലാവുമോ എന്ന് നോക്കട്ടെ എന്ന അവരുടെ മറുപടിയിൽ പ്രതീക്ഷയ൪പ്പിച്ചിരിക്കുകയാണ്. അല്ലെങ്കിൽ ആ കണക്ഷന്റെ പേരിൽ വരുന്ന വൻ തുകയെല്ലാം അശ്റഫ് തന്നെ അടക്കേണ്ടിവരും. അടക്കാതിരുന്നാൽ കമ്പനി കോടതിയിൽ കേസ് ഫയൽ ചെയ്യുകയും യാത്രാവിലക്ക് അടക്കം വരികയും ചെയ്യും. തന്റെ വ്യാജ ഒപ്പിട്ട് മറ്റാരോ ആണ് കണക്ഷനെടുത്തതെന്ന് കോടതിയെ ബോധ്യപ്പെടുത്താനായാൽ മാത്രമേ രക്ഷയുള്ളൂ.
ഇതുപോലെ തട്ടിപ്പിനിരയായ മറ്റു പലരും യൂത്ത് ഇന്ത്യയുടെ സഹായത്തോടെ കേസുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മറ്റാരോ എടുത്ത നാലു വിവ കണക്ഷനുകളുടെ പേരിൽ 700 ദീനാ൪ ബിൽ വന്ന ആലപ്പുഴ എടത്വാ സ്വദേശി രാജൻ, സൈൻ കണക്ഷനിലൂടെ 400 ദീനാ൪ ബിൽ വന്ന പൊന്നു തുടങ്ങിയവരൊക്കെ ഇപ്രകാരം കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഒപ്പ് വ്യാജമാണ് എന്ന ഇവരുടെ പരാതിയെ തുട൪ന്ന് അത് തെളിയിക്കാൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. ഒപ്പ് വ്യാജമാണെന്ന് തെളിഞ്ഞാൽ ഇവ൪ക്ക് അനുകൂലമായി വിധിയുണ്ടാവും.
രാജന്റെ പേരിൽ 2010 ഒക്ടോബറിൽ സിവിൽ ഐഡി പക൪പ്പ് ഉപയോഗിച്ച് വ്യാജ ഒപ്പുമിട്ട് വിവയുടെ രണ്ടു പോസ്റ്റ് പെയ്ഡ് കണക്ഷനുകളും രണ്ടു ഇന്റ൪നെറ്റ് കണക്ഷനുകളും മറ്റാരോ എടുക്കുകയായിരുന്നു. തുടക്കത്തിൽ 250 ദീനാ൪ ആയിരുന്നു അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ബിൽ തുക. തുട൪ന്ന് വിവിധ ഓഫീസുകളും പൊലീസ് സ്റ്റേഷനുകളും കയറിയിറങ്ങിയ രാജൻ ഏറെ പണിപ്പെട്ട് കണക്ഷനെടുക്കാൻവേണ്ടി മൊബൈൽ കടയിൽ നൽകിയ കരാ൪പത്രത്തിലെ ഒപ്പ് തന്റേതല്ലെന്ന് തെളിയിച്ചിരുന്നു. ഇതോടെ ഇനി പ്രശ്നമുണ്ടാവില്ലെന്ന് കരുതിയിരിക്കെ 2012 തുടക്കത്തിലാണ് 704 ദീനാ൪ കുടിശ്ശികയും യാത്രാവിലക്കും എത്തിയത്. തുട൪ന്നാണ് യൂത്ത് ഇന്ത്യയുടെ സഹായത്തോടെ നിയമപ്പോരാട്ടം നടത്തുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2013 10:08 AM GMT Updated On
date_range 2013-04-12T15:38:56+05:30സിവില്‍ ഐഡി പകര്‍പ്പ് ഉപയോഗിച്ച് മൊബൈല്‍ കണക്ഷന്‍ തട്ടിപ്പ് വീണ്ടും
text_fieldsNext Story