ഭീകരക്കേസുകളില്‍ കുരുങ്ങിയവര്‍ക്ക് കട്ജുവിന്റെ അത്താണി
text_fieldsന്യൂദൽഹി: ഭീകരക്കേസുകളിൽ കുരുങ്ങിയ നിരപരാധികളായ മുസ്ലിംകൾക്ക് വേണ്ടി പ്രസ് കൗൺസിൽ ചെയ൪മാൻ മാ൪ക്കണ്ഡേയ കട്ജു അവസാന അത്താണി ഒരുക്കുന്നു. വിശ്വസനീയമായ കുറ്റം ചുമത്താതെ നിരവധി കാലമായി ജയിലിൽ കഴിയുന്ന മുസ്ലിംകളുടെ കേസുകൾ കണ്ടെത്തുന്നതിന് ‘കോ൪ട്ട് ഓഫ് ലാസ്റ്റ് റിസോ൪ട്ട്’ എന്ന പേരിൽ ലാഭേച്ഛയില്ലാതെ പ്രവ൪ത്തിക്കുന്ന സംഘത്തിന് കട്ജു രൂപം നൽകി. മുംബൈയിലെ അഭിഭാഷകൻ മജീദ് മേമൻ, സിനിമാ നി൪മാതാവ് മഹേഷ് ഭട്ട് എന്നിവ൪ കട്ജുവിൻെറ സംഘത്തിലെ പ്രമുഖരാണ്.
ഭീകരക്കേസുകളിൽ കുരുക്കി ജയിലുകളിലിട്ട നിരപരാധികളായ മുസ്ലിം യുവാക്കൾക്ക് നീതി ഉറപ്പുവരുത്താൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സ൪ക്കാ൪ വ്യക്തമാക്കിയതിന് പിറകെയാണ് രാജ്യമൊട്ടുക്കുമുള്ള ഇത്തരം കേസുകൾ കണ്ടെത്തി പുറത്തെടുക്കാൻ കട്ജു നേരിട്ടിറങ്ങുന്നത്.
ഇത്തരം കേസുകൾക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്നും കേസുകളിൽ മുസ്ലിം യുവാക്കളെ കുരുക്കുന്ന ഉദ്യോഗസ്ഥ൪ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളുമെന്നും നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെടുന്നവ൪ക്ക് നഷ്ടപരിഹാരം നൽകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. വിചാരണയിലുള്ളതും കുറ്റം ചുമത്തിയതുമായ മുഴുവൻ ഭീകരക്കേസുകളുടെയും വിശദാംശങ്ങൾ സംഘം രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളോടും ആവശ്യപ്പെടുമെന്ന് ജസ്റ്റിസ് മാ൪ക്കണ്ഡേയ കട്ജു പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഈ കേസുകളിൽ അന്യായം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ജാമ്യാപേക്ഷക്കുള്ള സാധ്യതകൾ ആരായുകയും ചെയ്യും. ആവശ്യമെങ്കിൽ തടവ് കാലാവധി കുറക്കാൻ രാഷ്ട്രപതിക്കും ഗവ൪ണ൪മാ൪ക്കും ദയാഹരജി സമ൪പ്പിക്കും. പൊലീസിനെ ബോധവത്കരിക്കാനുള്ള പ്രവ൪ത്തനങ്ങളും സംഘം ആവിഷ്ക്കരിക്കും.വിവിധ അന്വേഷണ ഏജൻസികൾ രാജ്യവ്യാപകമായി മുസ്ലിംകളെ ഭീകരക്കേസുകളിൽ കുരുക്കുന്നത് തുട൪ക്കഥയാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഘത്തിന് കട്ജു രൂപം നൽകിയത്.
ഇത്തരം കേസുകളിൽ പൊലീസ് തെളിവ് കെട്ടിച്ചമക്കുകയാണെന്ന് കട്ജു പ്രസ്താവനയിൽ പറഞ്ഞു. വ൪ഷങ്ങൾ നിരവധി കഴിഞ്ഞ ശേഷമാണ് ഇവരെ നിരപരാധികളെന്ന് പറഞ്ഞ് കോടതി വിട്ടയക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണെന്നും ആ സമുദായക്കാരെല്ലാം ഭീകരരുമാണെന്ന സംശയത്തിൽ നിന്നാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും കട്ജു പറഞ്ഞു. എല്ലാ മുസ്ലിംകളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ലിംകളാണെന്ന ഭയാനകമായ സാമാന്യതത്ത്വം 2001 മുതൽ ഇന്ത്യൻ മുഖ്യധാരയിൽ സൃഷ്ടിച്ചുവെച്ചിരിക്കുകയാണ്. നിരപരാധികളെ എത്ര കാലം ജയിലിലിട്ടാലും പ്രശ്നമല്ലാതായിരിക്കുന്നു. ഈ സാഹചര്യം മാറിയില്ലെങ്കിൽ തിരിച്ച് പ്രതികാരത്തിൻെറയും വെറുപ്പിൻെറയും പുതിയ വലയങ്ങൾ രൂപപ്പെടുമെന്ന് കട്ജു മുന്നറിയിപ്പ് നൽകി. അനീതി വെറുപ്പിലേക്കും അക്രമത്തിലേക്കും നയിച്ചാൽ നാം ചെന്നെത്തുക ഭീതിദമായ കാലത്തേക്കായിരിക്കുമെന്നും കട്ജു ഓ൪മിപ്പിച്ചു.
ഭീകരക്കുറ്റം ചുമത്തി മുസ്ലിം യുവാക്കൾക്കെതിരെ എടുത്ത കേസുകൾ പുന$പരിശോധിക്കണമെന്നും ഇത്തരം കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നുമായിരുന്നു നേരത്തേ ന്യൂനപക്ഷ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. നിരപരാധികളാണെന്ന് കണ്ട് കോടതി വിട്ടയക്കുന്ന യുവാക്കൾക്ക് നഷ്ടപരിഹാരം നൽകാനും അവരെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ ശിക്ഷാ നടപടി കൈക്കൊള്ളാനും മന്ത്രാലയം നി൪ദേശം വെച്ചു. ജയിലിൽ കുരുങ്ങിക്കിടക്കുന്ന മുസ്ലിം യുവാക്കളുടെ വിചാരണ എളുപ്പത്തിലാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന നി൪ദേശത്തെ പിന്തുണക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാ൪ ഷിൻഡെ ന്യൂനപക്ഷ മന്ത്രി റഹ്മാൻ ഖാന് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
