മദ്യത്തിനെതിരെ ഒറ്റയാള്‍ നാടകവുമായി ബബില്‍ തൃശൂരില്‍
text_fieldsതൃശൂ൪: വിലങ്ങിട്ട സ്വന്തം കൈകളിലെ മദ്യത്തിന് വേണ്ടിയുള്ള ഒരാളുടെ പരാക്രമം കണ്ട് കണ്ടുനിന്നവ൪ ആദ്യം അമ്പരന്നു. കൂടി നിൽക്കുന്നവരുടെ അടുത്തേക്ക് പിറുപിറുത്തും ലക്കുകെട്ടും കരഞ്ഞും വരുന്നയാളെ കണ്ട് സ്ത്രീകളും കൂടി നിന്നവരും ഒഴിഞ്ഞുമാറി. ഇതിനിടയിൽ ഇയാൾ പറയുന്നു ‘മദ്യം വേണ്ട. ഇത് എന്നെ ചങ്ങലക്കിട്ടിരിക്കുന്നു. നിങ്ങളും പറയണം കുടിക്കുന്നവരോട് വേണ്ടെന്ന്’.
നടനും പൗരാവകാശ പ്രവ൪ത്തകനുമായ ബബിൽ പെരുന്നയുടെ മദ്യത്തിനെതിരായ ബോധവത്കരണ നാടക യാത്രയിലെ തൃശൂരിലെ അവതരണമായിരുന്നു ഇത്. മദ്യം മനുഷ്യൻെറ മനസ്സിനെയും ശരീരത്തെയും കൂച്ചുവിലങ്ങിടുന്ന ദൈന്യത വരച്ചുകാട്ടി ബബിലിൻെറ 100ാം വേഷത്തിലെ 6000ത്തെ അവതരണമായിരുന്നു സാംസ്കാരിക നഗരിയിൽ അരങ്ങേറിയത്.
വിലക്കയറ്റത്തിനെതിരെ ‘തീവില’ എന്ന ഒറ്റയാൾ നാടകം സെക്രട്ടേറിയറ്റിന് മുന്നിൽ അവതരിപ്പിച്ചതിലൂടെയാണ് ബബിൽ ജനശ്രദ്ധ നേടിയത്. വേഷപ്പക൪ച്ചകളിലൂടെ തിന്മകൾക്കും അഴിമതിക്കുമെതിരായ ഒറ്റയാൾ സമരത്തിൽ ഇതിനകം 100 വേഷങ്ങളും പൂ൪ത്തീകരിച്ചു. പ്രസ്ക്ളബ് പരിസരത്തായിരുന്നു മദ്യത്തിനെതിരായ ബോധവത്കരണവും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങളോടുള്ള പ്രതിഷേധവും ആയി 20 മിനിറ്റുള്ള ഏകാംഗ നാടകം അരങ്ങേറിയത്. ജനകീയ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ ഏകാഭിനയത്തിലൂടെ സമരമുഖം തീ൪ക്കുകയാണ് ബബിൽ. അഴിമതി, വിലക്കയറ്റം, വ൪ഗീയത, മരുന്നുവിപണിയിലെ വിലക്കയറ്റവും ചൂഷണവും, ബ്ളേഡ് മാഫിയ, മയക്കുമരുന്ന്, വൈദ്യുതി ചാ൪ജ് വ൪ധന, കൊക്കകോള നാടുവിടുക, പരിസ്ഥിതി മലിനീകരണം, സ്ത്രീപീഡനം, ബാലവേല, എൻഡോസൾഫാൻ നിരോധിക്കുക, എയ്ഡ്സ്, പ്രവാസികളുടെ കഷ്ടപ്പാടുകൾ, കലാകാരന്മാരോടുള്ള അവഗണന തുടങ്ങിയ നിരവധി വിഷയങ്ങളുമായി ബബിൽ വേഷമിട്ടുകഴിഞ്ഞു. നാടകമത്സരങ്ങളിൽ നല്ല നടൻ, മികച്ച ഹാസ്യനടൻ എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട് മിമിക്രി ആ൪ടിസ്റ്റ് കൂടിയായ ബബിൽ. സ്വാതന്ത്ര്യ സമര സേനാനിയും ആദ്യകാല പത്രമായ രാഷ്ട്രപതിയുടെ പത്രാധിപരായിരുന്ന ഉലഹന്നാൻെറയും മറിയാമ്മയുടെയും മകനാണ്. ആകാശവാണി നാടകങ്ങൾക്ക് ശബ്ദം നൽകി വരുന്നു. കുട്ടികൾക്ക് അഭിനയം, മിമിക്രി, മോണോ ആക്ട്, നാടകം എന്നിവ പരിശീലിപ്പിക്കുന്നുണ്ട്. മേക്കപ്പ്മാനും കൂടിയാണ് ബബിൽ. കാസ൪കോടുനിന്നും ആരംഭിച്ച് തിരുവനന്തപുരത്തേക്കാണ് ബബിലിൻെറ നാടക യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
