ചെറുകിട സ്ഥാപനങ്ങള്‍ പൂട്ടിക്കല്‍ ലക്ഷ്യമല്ല -സൗദി മന്ത്രാലയം
text_fields- ‘സ്മാ൪ട്ട് ചെക്കിങ്’ പുതിയ പരിശോധന രീതി
- പഴുതടച്ച പരിശോധനയിലൂടെ വ്യാജ സ്വദേശിവത്കരണം തടയും
റിയാദ്: ചില മാധ്യമങ്ങളും വ്യക്തികളും വിശേഷിപ്പിക്കുന്നത് പോലെ നിതാഖാത്തിൻെറ പുതിയ ഘട്ടത്തിൽ ചെറുകിട സ്ഥാപനങ്ങളോട് മന്ത്രാലയം യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രാലയത്തിലെ തൊഴിലാളി വിഷയങ്ങളുമായി ബന്ധപ്പെട്ട അണ്ട൪ സെക്രട്ടറി അഹ്മദ് അൽഹുമൈദാൻ പറഞ്ഞു. മറിച്ച് വ്യാജ സ്വദേശിവത്കരണം അവസാനിപ്പിക്കലും ബിനാമി സ്ഥാപനങ്ങൾ ഇല്ലാതാക്കലും മാത്രമാണ് ലക്ഷ്യമാക്കുന്നത്. നിയമാനുസൃതം പ്രവ൪ത്തിക്കുന്ന സ്ഥാപനങ്ങൾക്ക് രാജ്യത്ത് എല്ലാ സ്വാതന്ത്ര്യവും സൗകര്യവും മന്ത്രാലയത്തിൻെറ സേവനവും ലഭിക്കുമെന്നും വക്താവ് കൂട്ടിച്ചേ൪ത്തു. ജോലിക്കാരുടെ ശമ്പളം നൽകുന്നത് ഇലക്ട്രോണിക് രീതിയിൽ ബാങ്ക് വഴിയായിരിക്കണമെന്നും ജോലിക്കാ൪ ഗോസിയിൽ രജിസ്റ്റ൪ ചെയ്തവരായിരിക്കണമെന്നും തൊഴിൽ മന്ത്രാലയം മുമ്പ് വ്യക്തമാക്കിയിരുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണം കൂടി ഉറപ്പുവരുത്താനാണ് ഈ നിബന്ധന നടപ്പാക്കിയത്.
നിതാഖാത്തിൻെറ പുതിയ ഘട്ടത്തിൽ പഴുതടച്ച പരിശോധനയാണ് തൊഴിൽ മന്ത്രാലയം നടത്താനുദ്ദേശിക്കുന്നതെന്ന് ഹുമൈദാൻ പറഞ്ഞു. ‘സ്മാ൪ട്ട് ചെക്കിങ്’ എന്ന് പേരിട്ട് വിളിക്കുന്ന പരിശോധനയിലൂടെ മൂന്ന് കാര്യങ്ങൾ പരിശോധക൪ ഉറപ്പുവരുത്തും. രേഖകളിൽ മാത്രമുള്ള വ്യാജ സ്വദേശിവത്കരണം അവസാനിപ്പിക്കലാണ് സ്മാ൪ട്ട് ചെക്കിങ്ങിലൂടെ മന്ത്രാലയം ലക്ഷ്യമാക്കുന്നത്. സ്ഥാപനത്തിൽ രജിസ്റ്റ൪ ചെയ്ത സ്വദേശി തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാ൪ പരിശോധന, സ്വദേശി ഉദ്യോഗസ്ഥൻെറ മാസാന്ത വേതനം ബാങ്ക് വഴി ട്രാൻസ്ഫ൪ ചെയ്തതിൻെറ രേഖ, ജനറൽ ഓ൪ഗനൈസേഷൻ ഫോ൪ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) സ്വദേശിയെ സ്ഥാപനത്തിൻെറ കീഴിൽ റജിസ്റ്റ൪ ചെയ്തതിൻെറ രേഖ എന്നീ മൂന്ന് സുപ്രധാന രേഖകളുടെ അടിസ്ഥാനത്തിലുള്ള പഴുതടച്ച പരിശോധനക്കാണ് മന്ത്രാലയം സ്മാ൪ട്ട് ചെക്കിങ് എന്ന് പേരിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
