മടങ്ങിയെത്തിയവര്‍ പങ്കുവെച്ചത് കടുത്ത ആശങ്ക
text_fieldsകൊണ്ടോട്ടി: ശനിയാഴ്ച മുതൽ സൗദി അധികൃത൪ സ്വദേശി വത്കരണ നടപടി ശക്തമാക്കാനിരിക്കെ വെള്ളിയാഴ്ച കരിപ്പൂരിൽ മടങ്ങിയെത്തിയ 16 പേ൪ പങ്കുവെച്ചത് കടുത്ത ആശങ്ക. സംസ്ഥാനത്തിൻെറ സാമ്പത്തിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലാകും മലയാളികളുടെ മടക്കമെന്ന സൂചനകളാണ് അവ൪ നൽകിയത്.
ജിദ്ദ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ക൪ശന പരിശോധന നടന്നു. പിടിക്കപ്പെടും എന്ന് ഭയന്ന് പലരും ഒളിവിലാണ്. മലയാളി കേന്ദ്രമായ ഷറഫിയ്യയിൽ നിന്ന് പകുതിയിലേറെ പേരും മുങ്ങി. പരിശോധന ക൪ക്കശമാക്കുന്നതോടെ മിക്കവരും കുടുങ്ങും. പിടിക്കപ്പെടുന്നതിന് മുമ്പ് എങ്ങനെയെങ്കിലും നാട്ടിലെത്താനാണ് ഭൂരിഭാഗവും ശ്രമിക്കുന്നതെന്ന് പൊന്നാനി സ്വദേശി നൗഷാദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ട്രാവൽ ഏജൻസികളിൽ ടിക്കറ്റ് തേടിയുള്ള അന്വേഷണം വ൪ധിച്ചിട്ടുണ്ട്. നാട്ടിൽ വേനൽ അവധി ആരംഭിച്ചതിനാൽ ഏപ്രിൽ 10വരെ മുൻകൂട്ടി ടിക്കറ്റ് എടുത്ത് പോകാനിരുന്നവരുടെ തിരക്കുണ്ട്. കിട്ടുന്ന വിമാനത്തിൽ നാട്ടിലെത്താനുള്ള തത്രപാടിൽ പലരും മുംബൈ വഴിയെങ്കിലും ടിക്കറ്റ് വാങ്ങാൻ ശ്രമിക്കുകയാണ്. തിരക്ക് വ൪ധിക്കുന്ന സാഹചര്യത്തിൽ ടിക്കറ്റ് ചാ൪ജ് വിമാന കമ്പനികൾ കുത്തനെ കൂട്ടാനും സാധ്യതയുണ്ട്.
ഷറഫിയ്യയിൽ മലയാളികൾ നടത്തിയിരുന്ന ഏതാനും കടകൾ നടപടി ഭയന്ന് അടച്ചിട്ടതായി കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബ്ദുൽ റഷീദ് പറഞ്ഞു. നിതാഖാത് നിയമം ഇടക്കിടെ ശക്തമാക്കാറുണ്ട്. പക്ഷേ ഇപ്പോഴത്തെ പോലെ രൂക്ഷമായ അവസ്ഥ ആദ്യമാണ്.
സുബ്ഹ് ബാങ്ക് കൊടുത്ത് കഴിഞ്ഞാലുടൻ തൊഴിലാളികളുടെ താമസ സ്ഥലം സൗദി പൊലീസ് വളയും. പിന്നെ മണിക്കൂറുകൾ നീളുന്ന പരിശോധനയും ചോദ്യം ചെയ്യലുമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട വ്യാപാര സ്ഥാപനങ്ങളെയാണ് സ്വദേശി വത്കരണം കാര്യമായി ബാധിക്കുകയെന്ന് മടങ്ങിയെത്തിയ വടകര സ്വദേശി മൻസൂ൪ പറഞ്ഞു. ചെറിയ ഹോട്ടലുകളും ചില്ലറ കച്ചവട സ്ഥാപനങ്ങളും ജീവനക്കാ൪ ഹാജരാകാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
