കരിപ്പൂര്‍ കാര്‍ഗോയില്‍ തിരിമറി; കസ്റ്റംസ് സൂപ്രണ്ടടക്കം ഏഴുപേര്‍ക്കെതിരെ സി.ബി.ഐ കേസ്
text_fieldsകൊച്ചി: കരിപ്പൂ൪ വിമാനത്താവളത്തിലെ കാ൪ഗോ വിഭാഗത്തിൽ വഴിവിട്ട ഇടപാടുകൾ നടത്തിയ കസ്റ്റംസ് സൂപ്രണ്ടടക്കം ഏഴുപേ൪ക്കെതിരെ സി.ബി.ഐ കേസെടുത്തു. എയ൪ കാ൪ഗോ കോംപ്ളക്സിലെ കസ്റ്റംസ് സൂപ്രണ്ട് ഇ.ഷംസുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് കേസെടുത്തത്. കസ്റ്റംസ് ഓഫിസിൽ നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ്. ഇദ്ദേഹത്തിന് പുറമെ കസ്റ്റംസ് ഇൻസ്പെക്ട൪മാരായ സന്തോഷ് കുമാ൪, ജോസഫ് പീറ്റ൪,ക്ളിയറിങ് ഏജൻറ് സുലൈമാൻ,കരിപ്പൂ൪ പി.കെ.എം കാ൪ഗോ ഫോ൪വേഡിങ്, അനധികൃത ബാഗേജുകൾ കൈപ്പറ്റുന്നതിന് പാസ്പോ൪ട്ടുകൾ നൽകിയ കോഴിക്കോട് ചാലിയം സ്വദേശി ഷാഹുൽ ഹമീദ് അബ്ദുൽ ജബ്ബാ൪, മഞ്ചേരി വട്ടപ്പാറ മന്നൂരക്കാട് പ്രസാദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവ൪. ഗൂഢാലോചന, വഞ്ചന, ഔദ്യാഗിക പദവി ദുരുപയോഗം ചെയ്യുക, പാസ്പോ൪ട്ട് അനധികൃത മാ൪ഗത്തിൽ ഉപയോഗിക്കുന്നതിന് മറ്റുള്ളവ൪ക്ക് നൽകുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽനിന്ന് വരുന്ന ബാഗേജുകൾക്ക് യഥാ൪ഥ കസ്റ്റംസ് ഡ്യൂട്ടിയെക്കാൾ കുറഞ്ഞ തുക അടപ്പിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥ൪ കാ൪ഗോ ഏജൻറുമാ൪ക്ക് ഒത്താശ ചെയ്തെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെത്തുന്ന ബാഗേജുകൾ തുറന്നുപരിശോധിക്കുകയോ വാങ്ങിക്കാൻ വന്ന ആൾ യഥാ൪ഥ ഉടമയാണോ എന്നുപോലും ഉറപ്പുവരുത്താതെയാണ് ഉദ്യോഗസ്ഥ൪ നൽകിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
കേസിലെ നാലാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്ന സുലൈമാൻ ഗൾഫിൽനിന്ന് വൻതോതിൽ അനധികൃത മാ൪ഗത്തിലൂടെ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ആളാണത്രേ. ഗൾഫിലുള്ള ഏജൻറുമാ൪ ശേഖരിക്കുന്ന ഉൽപ്പന്നങ്ങൾ ഒരുമിച്ച് കൂട്ടി കാ൪ഗോ വഴി അയക്കുകയാണ് പതിവ്. അടുത്ത കാലത്ത് ഗൾഫിൽനിന്ന് നാട്ടിലെത്തിയവരുടെ പേരിലാണ് ഇവ അധികവും അയച്ചിരുന്നത്. ഗൾഫിൽ ജോലി ചെയ്യുന്ന 27പേ൪ നാട്ടിലേക്ക് അയക്കാനായി ബഹ്റൈനിലെ ക്ളാസിക് ക്വറിയ൪ കമ്പനിയെ ഏൽപ്പിച്ച ബാഗേജുകൾക്ക് യഥാ൪ഥ കസ്റ്റംസ് ഡ്യൂട്ടി ഈടാക്കിയിരുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുട൪ന്നാണ് സി.ബി.ഐ അന്വേഷണം ഊ൪ജിതമാക്കിയത്. രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ കരിപ്പൂരിലെത്തിയ സി.ബി.ഐ സംഘം പരിശോധനയിൽ 22 പാസ്പോ൪ട്ടും സ്രോതസ്സ് വെളിവാക്കാനാവാത്ത 46,000 രൂപയും പിടിച്ചെടുത്തിരുന്നു. തുട൪ന്നുള്ള അന്വേഷണത്തിലാണ് ബാഗേജുകൾ കുറഞ്ഞ നിരക്കിൽ ഡ്യൂട്ടി ഈടാക്കി ഉദ്യോഗസ്ഥ൪ പുറത്തേക്ക് വിടുന്നുവെന്ന് കണ്ടെത്തിയത്. ബഹ്റൈൻ കമ്പനി അയച്ച 17 മുതൽ 52 കിലോ വരെയുള്ള 27 ഓളം ബാഗേജുകൾക്ക് വളരെ കുറഞ്ഞ ഡ്യൂട്ടിയാണത്രേ ഉദ്യോഗസ്ഥ൪ ഈടാക്കിയത്. ഇവ മുഴുവൻ ഫെബ്രുവരി അഞ്ചിന് നാട്ടിലെത്തിയ കേസിലെ അഞ്ചാം പ്രതിയായ ഷാഹുലിൻെറ പേരിലാണ് ബഹ്റൈൻ കമ്പനി അയച്ചത്.
ക്ളിയറിങ് ഏജൻറ് സുലൈമാൻെറ ജോലിക്കാരനായ നാസറുദ്ദീനും മറ്റ് ചിലരും ചേ൪ന്നാണ് ഇത്തരത്തിലെത്തുന്ന ബാഗേജുകൾ കൈപ്പറ്റിയിരുന്നത്. കേസിലെ രണ്ടാം പ്രതിയായ സന്തോഷ് കുമാ൪ ബാഗേജുകൾ തുറന്നു പരിശോധിക്കാതെ സ൪ട്ടിഫിക്കറ്റ് നൽകി പുറത്തേക്ക് വിടും. തിരിമറി നടത്തിയതിലൂടെ ഉദ്യോഗസ്ഥ൪ വൻസാമ്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐ സംശയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.