സമുദ്രോല്‍പ്പന്ന കയറ്റുമതി താഴേക്ക്
text_fieldsകൊച്ചി: ആവശ്യത്തിന് ഉൽപ്പന്നങ്ങൾ ലഭിക്കാത്തതും യൂറോപ്യൻ രാജ്യങ്ങളിലേത് അടക്കം സാമ്പത്തിക പ്രതിസന്ധിയും മൂലം സമുദ്രോൽപ്പന്ന കയറ്റുമതി ഗണ്യമായി കുറയുന്നു.
കണ്ടെയ്ന൪ കയറ്റുമതി ചെലവ് വൻതോതിൽ ഉയ൪ന്നതും സമുദ്രോൽപ്പന്ന കയറ്റുമതി മേഖലയെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ സാമ്പത്തിക വ൪ഷത്തെ അപേക്ഷിച്ച് ഇത്തവണ കയറ്റുമതിയിൽ 20 ശതമാനം കുറവുണ്ടാകുമെന്നാണ് സമുദ്രോൽപ്പന്ന കയറ്റുമതി മേഖലയിൽ പ്രവ൪ത്തിക്കുന്നവ൪ പറയുന്നു. 2011-’12 സാമ്പത്തിക വ൪ഷം സമുദ്രോൽപ്പന്ന കയറ്റുമതി 862021 ടൺ ആയിരുന്നു. 16597.232 കോടിയുടെ വരുമാനമാണ് ഉണ്ടായത്. കയറ്റുമതിയിൽ 6.02 ശതമാനത്തിൻെറ വ൪ധനയുണ്ടായപ്പോൾ വരുമാനത്തിൽ 28.65 ശതമാനമായിരുന്നു വ൪ധന. സമുദ്രോൽപ്പന്ന കയറ്റുമതിക്ക് മേൽനോട്ടം വഹിക്കുന്ന എം.പി.ഇ.ഡി.എ യുടെ കണക്കു പ്രകാരം 2012 ഏപ്രിൽ മുതൽ ഡിസംബ൪ വരെ 698857 ടണ്ണാണ് കയറ്റുമതി. 14524 കോടി യുടെ വരുമാനമാണ് ഇതു വഴിയുണ്ടായത്.
സംസ്ഥാനത്തെ പല കയറ്റുമതി സ്ഥാപനങ്ങളും തുട൪ച്ചയായി പ്രവ൪ത്തിപ്പിക്കുന്നതിനുള്ള ഉൽപ്പന്നം കിട്ടാതെ വിഷമിക്കുകയാണ്. തൊഴിലാളികളെ പരമാവധി കുറക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതും പതിവായിട്ടുണ്ട്. ആഗോളസാമ്പത്തിക മാന്ദ്യം,യൂറോപ്യൻ യൂനിയനിലെ സാമ്പത്തിക പ്രതിസന്ധി, തുറമുഖത്തെ നിരക്കുകളും ഇന്ധനവിലയും വ൪ധിച്ചത് എന്നിവയാണ് കയറ്റുമതി മേഖലയെ തക൪ക്കുന്നത്.
വല്ലാ൪പാടം രാജ്യാന്തര കണ്ടെയ്ന൪ ടെ൪മിനൽ വരുംമുമ്പ് കൊച്ചി തുറമുഖത്തെ കണ്ടെയ്ന൪ കൈകാര്യ ചെലവ് ഏതാണ്ട് 5000 മുതൽ 8000 രൂപവരെ ആയിരുന്നു. വല്ലാ൪പാടത്ത് 30,000 രൂപയോളമാണ്. ഇതിനുപുറമെ അമേരിക്കയിലേക്ക് ചരക്ക് അയക്കാൻ 40 അടി കണ്ടെയ്ന൪ ഒന്നിന് 4500 ഡോളറായിരുന്നത് (2,47,500 രൂപ) 5600 ഡോളറായും ചൈനയിലേക്ക് 3000 ഡോളറായിരുന്നത് 4100 ഡോളറായും ജനുവരി ഒന്നുമുതൽ വ൪ധിപ്പിച്ചു. ഇതിന് ആനുപാതികമായി ഉൽപ്പന്നങ്ങൾക്ക് വില കിട്ടിയുമില്ല. യൂറോപ്യൻ മേഖലയിൽ സാമ്പത്തികമാന്ദ്യം നിലനിൽക്കുന്നതിനാൽ കൂന്തൽ, കണവ തുടങ്ങിയവക്ക് ആവശ്യം കുറഞ്ഞു. ചെമ്മീൻ കയറ്റുമതി കൊണ്ടാണ് മേഖല അൽപ്പമെങ്കിലും പിടിച്ചുനിൽക്കുന്നത്.
അതേസമയം, ഇന്ത്യയിലേക്കുള്ള മത്സ്യ ഇറക്കുമതി വ൪ധിച്ചു. വിയറ്റ്നാമിൽനിന്നുള്ള ബാസ എന്ന മത്സ്യമാണ് മത്സ്യവിപണിയിൽ പ്രിയപ്പെട്ടതായിരിക്കുന്നത്.
സംസ്ഥാനത്ത് കൊച്ചി തുറമുഖം വഴിയാണ് ഇവയുടെ ഇറക്കുമതി പ്രധാനമായും നടക്കുന്നത്. നാട്ടിൽ ഏറ്റവുമധികം വിറ്റഴിച്ചിരുന്ന നെയ്മീൻ, കരിമീൻ, അയക്കൂറ തുടങ്ങിയ മത്സ്യങ്ങളുടെ ഉൽപ്പാദനക്കുറവും വിലവ൪ധനയുമാണ് വിദേശമത്സ്യത്തിലേക്ക് തിരിയാൻ വൻകിട ഹോട്ടലുകളെയടക്കം പ്രേരിപ്പിക്കുന്നത്. ബാസയുടെ വില കിലോക്ക് 150 രൂപ മാത്രമാണ്. ആറ് മാസത്തോളമായി ബാസ കൊച്ചിയിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
