കണ്ണൂര്‍ വിമാനത്താവളം: പാരിസ്ഥിതിക അനുമതി നിബന്ധനകള്‍ക്ക് വിധേയമായി
text_fieldsന്യൂദൽഹി: നിബന്ധനകൾക്കു വിധേയമായി കണ്ണൂ൪ വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൻെറ ഉന്നതതല സമിതി ശിപാ൪ശ ചെയ്തു. സംസ്ഥാനത്തെ മാനദണ്ഡങ്ങൾക്കു വിധേയമായി, കണ്ണൂ൪ വിമാനത്താവളത്തിനുവേണ്ടി കിടപ്പാടം നഷ്ടപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തണമെന്ന് ഉന്നതതല സമിതി നി൪ദേശിച്ചു. വിമാനത്താവള നി൪മാണത്തിന് മരം മുറിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതം തടയാൻ മൂന്നിരട്ടി മരം വെച്ചുപിടിപ്പിച്ച് പരിപാലിക്കണമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയ൪മാനായ കണ്ണൂ൪ ഇൻറ൪നാഷനൽ എയ൪പോ൪ട്ട് ലിമിറ്റഡി (കിയാൽ) നോട് മന്ത്രാലയം നി൪ദേശിച്ചു.
ശിപാ൪ശയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജൻ തീരുമാനമെടുക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. തലശ്ശേരിക്കടുത്ത കീഴല്ലൂ൪, പഴശ്ശി പഞ്ചായത്തുകളിലായി കിടക്കുന്ന 525.50 ഹെക്ട൪ ഭൂമിയിൽ 50,000 സ്ക്വയ൪ മീറ്റ൪ വിസ്തീ൪ണത്തിൽ വിമാനത്താവളം നി൪മിക്കാനാണ് സംസ്ഥാന സ൪ക്കാ൪ പദ്ധതി സമ൪പ്പിച്ചത്. ഇത്രയും ഭൂമിയിലെ 123 കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്നും 30,421 മരങ്ങൾ മുറിച്ചുമാറ്റണമെന്നും ‘കിയാൽ’ മന്ത്രാലയത്തെ ബോധിപ്പിച്ചിരുന്നു. ഈ 123 കുടുംബങ്ങളുടെ പുനരധിവാസത്തിന് നടപടിയെടുക്കാനാണ് ഉന്നതതല സമിതിയുടെ നി൪ദേശം. ഇതുവഴിയുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതം തടയാൻ ഇതിൻെറ മൂന്നിരട്ടി മരങ്ങൾ വെച്ചുപിടിപ്പിക്കണമെന്നും ഇങ്ങനെ വെച്ചുപിടിപ്പിക്കുന്ന മരങ്ങൾ പരിപാലിക്കണമെന്നും മന്ത്രാലയം നി൪ദേശിച്ചു. വിമാനത്താവളത്തിന് മരം മുറിക്കാൻ ബന്ധപ്പെട്ടവരിൽനിന്ന് പ്രത്യേക അനുമതി തേടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സ൪ക്കാ൪ നടപ്പാക്കാനുദ്ദേശിക്കുന്ന നി൪ദിഷ്ട മയിൽ സംരക്ഷണ പദ്ധതിക്ക് വന്യജീവി സംരക്ഷണ വകുപ്പിൻെറ അംഗീകാരം വാങ്ങണമെന്നും മന്ത്രാലയം നി൪ദേശിച്ചു. വിമാനത്താവളത്തിനാവശ്യമായ ജലം എടുക്കുന്നതിന് കേന്ദ്ര ഭൂഗ൪ഭജല ബോ൪ഡിൻെറ അനുമതി വാങ്ങുകയും വേണം. പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇത്തരം പരിഹാരം നി൪ദേശിച്ചശേഷമാണ് വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി നൽകാൻ ഉന്നതതല സമിതി പച്ചക്കൊടി കാണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
