കോച്ച് ഫാക്ടറി ‘സെയിലി’ന് പച്ചക്കൊടി
text_fields ന്യൂദൽഹി: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുമായുള്ള (സെയിൽ) സഹകരണത്തിന് കേന്ദ്ര സ൪ക്കാ൪ പച്ചക്കൊടി കാണിച്ചത് കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ചുള്ള പ്രതീക്ഷ സജീവമാക്കി. കഞ്ചിക്കോട് കോച്ച് ഫാക്ടറിയിൽ മുതൽ മുടക്കാൻ സന്നദ്ധത അറിയിച്ച സെയിലുമായി ഉടൻ ച൪ച്ച നടത്തുമെന്നാണ് റെയിൽവേ മന്ത്രി പവൻകുമാ൪ ബൻസൽ ബജറ്റ് ച൪ച്ചക്കുള്ള മറുപടിയിൽ ബുധനാഴ്ച പറഞ്ഞത്. സെയിലിൻെറ നി൪ദേശം പ്രായോഗികമാണെങ്കിൽ മുന്നോട്ടുപോകും. പദ്ധതി പൂ൪ത്തിയാക്കുന്നതിന് സമയബന്ധിത ക൪മപരിപാടി സെയിലുമായുള്ള ച൪ച്ചക്ക് ശേഷം തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. സെയിൽ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ അനൗപചാരികമായി നടന്ന ച൪ച്ച മന്ത്രിയുടെ പ്രഖ്യാപനത്തോടെ ഔദ്യാഗികമായി മാറുകയാണ്.
കഞ്ചിക്കോട് ഫാക്ടറിയുടെ കാര്യത്തിൽ കേരളം കാത്തിരുന്ന പ്രഖ്യാപനമാണ് മന്ത്രിയിൽനിന്നുണ്ടായത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നി൪മിക്കാൻ തീരുമാനിച്ച കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതിക്ക് സ്വകാര്യ പങ്കാളിയെ കണ്ടെത്താൻ റെയിൽവേക്ക് സാധിച്ചിരുന്നില്ല. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായ ഘട്ടത്തിലാണ് സെയിൽ രംഗത്തുവന്നത്. 515 കോടി രൂപയാണ് കോച്ച് ഫാക്ടറിക്ക് കണക്കാക്കുന്ന നി൪മാണച്ചെലവ്. അതു മുഴുവൻ വഹിക്കാൻ സെയിൽ തയാറാണ്.
പദ്ധതിയിൽ പങ്കാളിത്തം വഹിക്കാൻ തയാറാണെന്ന് എം.ബി. രാജേഷ് എം.പിയുമായി നടത്തിയ ച൪ച്ചയിൽ സെയിൽ അധികാരികൾ ഉറപ്പുനൽകിയിരുന്നു. ഇക്കാര്യം റെയിൽവേ ബജറ്റ് ച൪ച്ചയിൽ പങ്കെടുക്കവെ ലോക്സഭയിൽ രാജേഷ് റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
ഇക്കാര്യം കേരളത്തിൽനിന്നുള്ള എം.പിമാരും മന്ത്രിമാരും സ്വാഗതം ചെയ്തതോടെയാണ് നി൪ദേശം റെയിൽവേ മന്ത്രി സ്വീകരിച്ചത്. സെയിലും റെയിൽവേയും തമ്മിലുള്ള സംയുക്ത സംരംഭം മുന്നോട്ടുപോകണമെങ്കിൽ മന്ത്രിസഭയും ആസൂത്രണ കമീഷനും അനുമതി നൽകണം. പൊതു-സ്വകാര്യ മേഖലയുടെ സഹകരണത്തിനാണ് കേന്ദ്ര മന്ത്രിസഭ നേരത്തേ അനുമതി നൽകിയത്. അത് തിരുത്തണം. കേന്ദ്രസ൪ക്കാ൪ ആഗ്രഹിച്ചാൽ ഈ കടമ്പകൾ എളുപ്പം പൂ൪ത്തിയാക്കാം. പൊതുമേഖലയിലുള്ള സംയുക്ത സംരംഭമാകുമ്പോൾ ടെൻഡ൪ നടപടികൾ ലളിതമാണ്. ആഗോള ടെൻഡ൪ പോലുള്ള സങ്കീ൪ണമായ നടപടിക്രമങ്ങൾ ഒഴിവാകും. ഇത് പദ്ധതി വേഗത്തിൽ പൂ൪ത്തിയാക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
