കുര്യനെതിരായ ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി
text_fieldsകൊച്ചി: സൂര്യനെല്ലി കേസിൽ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്ക൪ പി.ജെ. കുര്യനെതിരെ ബലാത്സംഗക്കുറ്റത്തിന് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കാൻ ഹൈകോടതി മാറ്റി. ഏപ്രിൽ പകുതി മുതൽ ആരംഭിച്ച് മേയ് മൂന്നാം വാരം വരെ നീളുന്ന അവധിക്കാലത്തിന് ശേഷം കേസ് പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് മാറ്റുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമാക്കി സ൪ക്കാ൪ സത്യവാങ്മൂലം നൽകണമെന്ന നി൪ദേശത്തോടെയാണ് ഹരജി മാറ്റിയത്.
1996ൽ പീഡന സംഭവമുണ്ടായത് മുതൽ കേസുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും വിശദീകരിക്കാനാണ് നി൪ദേശം. സി.പി.ഐയുടെ വനിതാ സംഘടനയായ കേരള മഹിളാ സംഘം നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
1996ൽ കേസുണ്ടായ നാൾ മുതൽ കുര്യൻെറ പേര് പെൺകുട്ടി പറയുന്നുണ്ടെങ്കിലും എഫ്.ഐ.ആ൪ ഇടാതെ പ്രാഥമികാന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്ന് പ്രഖ്യാപിച്ച് തീ൪പ്പാക്കുകയായിരുന്നെന്ന് ഹരജിയിൽ വ്യക്തമാക്കിയിരുന്നു. തുട൪ന്ന് പെൺകുട്ടി തൊടുപുഴ കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൻമേൽ കുര്യനെതിരെ നടപടിയാരംഭിച്ചെങ്കിലും പെൺകുട്ടി നൽകിയ തെളിവ് അവ്യക്തമെന്ന നിലയിൽ ഉയ൪ന്ന കോടതികൾ കുര്യനെ കുറ്റവിമുക്തമാക്കി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് എഫ്.ഐ.ആ൪ പോലുമില്ലാതെ കേസന്വേഷണം അട്ടിമറിച്ചത്. പെൺകുട്ടി പരാതിയിൽ ഉറച്ചു നിൽക്കുന്നത് കൂടാതെ പുതിയ വെളിപ്പെടുത്തലുകളുണ്ടായ സാഹചര്യത്തിൽ സത്യം പുറത്തു കൊണ്ടുവരാൻ അന്വേഷണം അനിവാര്യമാണെന്നും അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പിനോടും ഡി.ജി.പിയോടും നി൪ദേശിക്കണമെന്നും ഹരജിക്കാ൪ ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണം നടത്തി കുര്യനെതിരായ ആരോപണം നേരത്തേ തള്ളുകയും സ്വകാര്യ അന്യായത്തിൻമേലുള്ള നടപടി ഹൈകോടതിയും സുപ്രീം കോടതിയും റദ്ദാക്കുകയും കുറ്റവിമുക്തനാക്കുകയും ചെയ്തതാണെന്ന് ഡി.ജി.പി കോടതിയിൽ ആവ൪ത്തിച്ചു. എന്നാൽ, പത്രവാ൪ത്തകളല്ലാതെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതിക്ക് അറിയില്ലെന്ന് വ്യക്തമാക്കിയാണ് സ൪ക്കാ൪ വിശദീകരണം നൽകാൻ ഡിവിഷൻബെഞ്ച് നി൪ദേശിച്ചത്. ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് സംഘടന നൽകിയ പൊതുതാൽപ്പര്യ ഹരജി നിലനിൽക്കുന്നതാണോയെന്ന കാര്യത്തിൽ വാദം നടത്തേണ്ടതുണ്ടെന്ന നിലപാട് കോടതി ആവ൪ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
