ഹെല്‍മറ്റ് വേട്ടക്കിടെ അപകടമരണം: പ്രതിഷേധം അക്രമാസക്തമായി
text_fieldsകോഴിക്കോട്: പൊലീസിന്റെ ഹെൽമറ്റ് പരിശോധനക്കിടെ യുവാക്കൾ അപകടത്തിൽ മരിച്ചതിനെതിരായ പ്രതിഷേധം അതിരുവിട്ട അക്രമമായി മാറി. പന്നിയങ്കര, നല്ലളം പൊലീസ് സ്റ്റേഷനുകൾക്കു നേരെ കല്ലേറുണ്ടായി. പൊലീസ് ജീപ്പ് അടിച്ച് തക൪ക്കുകയും മാധ്യമപ്രവ൪ത്തകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. നൂറിലേറെ കണ്ണീ൪വാതക ഷെല്ലുകളും പലതവണ ലാത്തിച്ചാ൪ജും നടത്തിയിട്ടും ജനം പിരിഞ്ഞുപോകാത്തതിനാൽ രാത്രി ഒമ്പതോടെ കൂടുതൽ പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും സ്ഥലത്തെത്തി. സംഭവത്തിൽ ആറ് പൊലീസുകാ൪ക്കും 10 അഗ്നിശമന സേനാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. എ.ഡി.ജി.പി ശങ്ക൪ റെഡ്ഡി , ഐ.ജി. ജോസ് ജോ൪ജ്, സിറ്റി പൊലീസ് കമീഷണ൪ ജി. സ്പ൪ജൻകുമാ൪ എന്നിവരുടെ നേതൃത്വത്തിൽ ഉയ൪ന്ന പൊലീസ് സംഘം സ്ഥലത്തെത്തി. 40 ലേറെ പേരെ പൊലീസ് പല ഭാഗത്തുനിന്നും കസ്റ്റഡിയിലെടുത്തു. മലപ്പുറത്തുനിന്ന് രാത്രി 12 മണിയോടെ എം.എസ്.പി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് ഹെൽമറ്റ് വേട്ടക്കിടെ അരക്കിണ൪ പറമ്പത്ത്കാവിൽ ഹരിദാസന്റെ മകൻ രാജേഷ് (36) ഉം അരീക്കാട് ഉള്ളിശ്ശേരിക്കുന്ന് ചെമ്മലശ്ശേരി പറമ്പിൽ പനയംകണ്ടി വേലായുധന്റെ മകൻ മഹേഷ് (26) ഉം മരണപ്പെട്ടത്. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച നാട്ടുകാ൪ റോഡ് ഉപരോധിച്ചിരുന്നു. ഞായറാഴ്ച യുവാക്കളുടെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ ശേഷമാണ് സംഘ൪ഷം ആരംഭിച്ചത്. ഉച്ചയ്ക്ക് 2.30ഓടെയാണ് നാട്ടുകാ൪ തിരുവണ്ണൂ൪ ബൈപാസ്റോഡ് ഉപരോധം തുടങ്ങിയത്. ഇത് സംഘ൪ഷത്തിൽ കലാശിക്കുകയും തുട൪ന്ന് വൈകുന്നേരം ആറിന് പന്നിയങ്കര പൊലീസ് സ്റ്റേഷനിലേക്ക് നാട്ടുകാ൪ മാ൪ച്ച് നടത്തുകയുമായിരുന്നു.

കല്ലായി റെയിൽവേസ്റ്റേഷൻ മുതൽ മാത്തോട്ടംവരെയും മിനി ബൈപാസിൽ മീഞ്ചന്തക്കും തിരുവണ്ണൂരിനുമിടയിലുമാണ് പൊലീസിനുനേരെ അക്രമികൾ മണിക്കൂറുകളോളം കല്ലെറിഞ്ഞത്. രണ്ട് മെയിൻ റോഡുകളിലും കിലോമീറ്ററുകളോളം ദൂരത്തിൽ ടയ൪ കത്തിച്ച് ഗതാഗതം മുടക്കി. വ്യാപക അക്രമം അഴിച്ചു വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നല്ലളം പൊലീസ് സ്റ്റേഷന്റെ പരിധിയിൽ നിന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് അക്രമം വ്യാപിച്ചു. ശിവരാത്രിയും ഞായറാഴ്ചയുമൊക്കെയായതിനാൽ നഗരത്തിലെത്തിയ കുടുംബങ്ങളടങ്ങിയ വാഹനങ്ങൾ പ്രധാന റോഡിലും ഇട റോഡുകളിലും കുടുങ്ങി പരിഭ്രാന്തിയിലായി.
യുവാക്കൾ മരണപ്പെട്ട ദിവസം വികാരപരമായ സംഭവങ്ങളാണ് ഉണ്ടായതെങ്കിലും ഇന്ന് ആസൂത്രിതമായ അക്രമ സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ പ്രതികരിച്ചു. നാട്ടുകാരുടെ മറവിൽ ചില൪ നിയമം കയ്യിലെടുക്കുകയായിരുന്നുവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. തിരുവണ്ണൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ട൪ തിങ്കളാഴ്ച രാവിലെ 11ന് കലക്ടറേറ്റിൽ സ൪വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രിയുണ്ടായ സംഭവങ്ങളിൽ പൊലീസ് രണ്ട് കേസെടുത്തിട്ടുണ്ട്. തിരുവണ്ണൂരിൽ അക്രമമുണ്ടാക്കിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പന്നിയങ്കര പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിനുമായി കണ്ടാലറിയുന്ന 130 ഓളം പേ൪ക്കെതിരെ കേസുണ്ട്.

പൊലീസ് പരിശോധനക്കിടെ തിരുവണ്ണൂ൪ കുറ്റിയിൽപടിയിൽ വെച്ച് നിയന്ത്രണം വിട്ട ബൈക്ക് കെ.എസ്.ആ൪.ടി.സി ബസിനടിയിൽപെട്ടാണ് യുവാക്കൾ മരിച്ചത്. അപകടത്തിൽ മരിച്ച യുവാക്കൾക്ക് നാട്ടുകാ൪ യാത്രാ മൊഴി നൽകി. മൃതദേഹങ്ങളിൽ നിരവധി പേ൪ അന്ത്യോപചാരമ൪പ്പിച്ചു. ഇരുവരുടെയും വീടുകളിൽ രാവിലെ മുതൽ വൻ ജനാവലിയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോ൪ട്ടത്തിന് ശേഷം ഒരുമണിയോടെ മൃതദേഹം വീടുകളിൽ എത്തിച്ചു. അരീക്കാട്, അരക്കിണ൪ എന്നിവിടങ്ങളിൽനിന്നെത്തിയ വിലാപയാത്ര മീഞ്ചന്തയിൽ വെച്ച് ഒന്നായി. തുട൪ന്ന് മൃതദേഹത്തെ അനുഗമിച്ചവ൪ വാഹനം ഉപേക്ഷിച്ച് ആംബുലൻസിന് അകമ്പടിയായി മാനാരി ശ്മശാനത്തിലേക്ക് നടന്നു. ഒരേ സമയമായിരുന്നു ഇരുവരുടെയും സംസ്കാരച്ചടങ്ങ്.
അപകടത്തിൽ മരിച്ച രണ്ടു യുവാക്കളുടെയും കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ആശ്രിത൪ക്ക് ജോലി നൽകുന്ന കാര്യവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംഘ൪ഷം അമ൪ച്ച ചെയ്യാനെന്ന പേരിൽ നിരപരാധികൾക്ക് നേരേയും വാഹനങ്ങൾക്ക് നേരേയും പോലീസ് നടത്തുന്ന നായാട്ട് അടിയന്തിരമായി അവസാനിപ്പിക്കണമെന്നും സമാധാനപരമായി പ്രക്ഷോഭം നടത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഹെൽമ്മറ്റ് വേട്ട നടത്തിയ പന്നിയങ്കര എസ്.ഐയുടെ പ്രകോപനപരമായ നടപടിയാണ് രണ്ട് യുവാക്കളുടെ ജീവനെടുത്തത്. എസ്.ഐയുടെ പേരിൽ ഒരു നടപടിയും കൈകൊള്ളാതിരുന്നതാണ് ജനങ്ങളെ പ്രകോപിതരാക്കയതെന്നും ജില്ലാ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
