കുട്ടിയെ തട്ടിയെടുത്തത് അച്ഛന് പരിക്കേറ്റെന്ന് പറഞ്ഞ്
text_fieldsതൃശൂ൪: ഓട്ടോറിക്ഷ അപകടത്തിൽ അച്ഛന് പരിക്കേറ്റെന്ന് പറഞ്ഞാണ് ചാലക്കുടിയിലെ നഴ്സറി സ്കൂളിൽ നിന്നും നാല് വയസ്സുകാരി അനുശ്രീയെ പ്രതികളായ വിനോദും ഗിരിധരനും കാറിൽ കയറ്റിയത്. നേരത്തെ കുട്ടിയെ മോട്ടോ൪ സൈക്കിളിൽ തട്ടിക്കൊണ്ടുപോകാനായിരുന്നു ഇവ൪ ആലോചിച്ചത്. കൂടുതൽ സുരക്ഷിതത്വത്തിന് വേണ്ടിയാണ് കാ൪ ആക്കിയത്.
കുട്ടി സ്കൂൾ ബസിലാണ് വീട്ടിൽ നിന്ന് പോകുന്നതെന്ന് പ്രതികൾ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് സ്കൂളിൽ ആഘോഷപരിപാടികൾ നടക്കുന്നതിനാൽ കുട്ടി വന്നിട്ടുണ്ടോയെന്ന് സംശയമുണ്ടായിരുന്നു. അതിനാലാണ് തട്ടിക്കൊണ്ടുപോകൽ വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. അന്ന് സ്കൂൾ പ്രവ൪ത്തിക്കുന്നുണ്ടോയെന്ന് ഫോണിൽ വിളിച്ച് ചോദിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു.
കൃത്യത്തിന് ഉപയോഗിച്ച് റിലയൻസിൻെറ സിം കാ൪ഡ് തങ്ങൾക്ക് വീണ് കിട്ടിയതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. സിം കാ൪ഡിൻെറ ഉടമ ഇന്ത്യയിൽ തന്നെയില്ല. കുട്ടിയുടെ പിതാവ് മധുവിനെ വിളിച്ച ഈ നമ്പറിൻെറ ഉടമസ്ഥനെ അന്വേഷിച്ച് സംഭവം നടന്ന ഉടൻ പൊലീസ് തൃശൂ൪ വെളിയന്നൂരിലെ വീട്ടിലെത്തിയിരുന്നു. ആൾ സ്ഥലത്തില്ലെന്നുള്ളതറിഞ്ഞപ്പോൾ തന്നെ അന്വേഷണം മറ്റ് ദിശയിലേക്ക് തിരിച്ച് വിടുകയായിരുന്നു.
പ്രതി വിനോദിനെ മറ്റൊരു കേസിൽ വാറൻറ് ഉണ്ടെന്ന് പറഞ്ഞ് അനുനയത്തിൽ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ ഇയാൾ കൂട്ടുപ്രതി സഹോദരീപുത്രൻ ഗിരിധരന് ‘മുങ്ങിക്കോ’ എന്ന് എസ്.എം.എസ് അയക്കുകയും ചെയ്തു. ബിസിനസ് സംബന്ധമായി തനിക്ക് ശത്രുക്കളാരുമില്ലെന്ന് മധു പൊലീസിനോട് ആദ്യം മുതൽ ആവ൪ത്തിക്കുന്നുണ്ടായിരുന്നു. അതേസമയം പൊലീസിനോടും സഹോദരിയടക്കമുള്ളവരോടും പ്രതികൾ ഇത്തരത്തിലുള്ള ഒരു വിഷയത്തിൻമേലാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് ധരിപ്പിക്കുകയും ചെയ്തു.
താടിയുള്ള ഒരു മാമനാണ് തന്നെ കാറിൽ കയറ്റിക്കൊണ്ടുപോയതെന്ന് പൊലീസിനോട് അനുശ്രീ പറഞ്ഞിരുന്നു. തുട൪ന്ന് പൊലീസിലെ രേഖാചിത്രകാരൻമാ൪ വിവിധ രൂപത്തിലുള്ള ചിത്രങ്ങൾ കാണിക്കുകയും ചെയ്തു. അറസ്റ്റിലാകുമ്പോൾ വിനോദ് താടി വടിച്ചിരുന്നു. ഗിരിധരൻെറ മീശയും നീക്കം ചെയ്തിരുന്നു. വിയ്യൂ൪ പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസിൽ പ്രതിയാണ് വിനോദ്. ഇതിൻെറ വിചാരണ നടന്ന് വരുന്നതേയുള്ളു. വടക്കാഞ്ചേരി പ്രദേശത്തേക്ക് കുട്ടിയുമായി പോകുമ്പോൾ റോഡിൽ പലയിടത്തായി പൊലീസ് വാഹനങ്ങൾ പോകുന്നത് പ്രതികൾ ശ്രദ്ധിച്ചിരുന്നു. മറ്റൊരു സഹോദരീഭ൪ത്താവിൻെറ വീട് തിരുവില്വാമല പ്രദേശത്തായതിനാൽ അവിടെയുള്ള ഇടവഴികളെല്ലാം നേരത്തെ പരിചിതമാണ്. കഴിഞ്ഞ ആറ് മാസമായി പ്രതികൾ മുളങ്കുന്നത്തുകാവ്, തിരൂ൪, വെളപ്പായ, കോലഴി എന്നിവിടങ്ങളിലും മാറിമാറി താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം ലഭിച്ച ഉടൻ ഷാഡോ പൊലീസ് പ്രവ൪ത്തനം ഊ൪ജിതമാക്കി. തിരുവില്വാമലയിൽ കുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ തിരിച്ച് അധികം വൈകാതെ തന്നെ ബൈക്കിൽ ഷാഡോ പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തിയിരുന്നു.
പ്രതികളെ സ്കൂളിൽ തെളിവെടുപ്പിന് കൊണ്ടുവന്നു
ചാലക്കുടി: സ്കൂൾ വിദ്യാ൪ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ രണ്ടു പ്രതികളായ ഗിരിധരൻ,വിനോദ് എന്നിവരെ കാടുകുറ്റി ലൂയിസ് ആഗ്ളോ ഇന്ത്യൻ സ്കൂളിൽ തെളിവെടുപ്പിന് കൊണ്ടുവന്നു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് ചാലക്കുടി സി.ഐ വി.ടി.ഷാജൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുഖം മൂടി ധരിപ്പിച്ച് പ്രതികളെ അതീവ രഹസ്യമായി കൊണ്ടുവന്നത്. വിവരമറിഞ്ഞ് നാട്ടുകാ൪ സ്കൂൾ പരിസരത്ത് തടിച്ചുകൂടിയതോടെ സ്കൂളിൽ മാത്രം തെളിവെടുപ്പ് നടത്തി പൊലീസ് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
