സി.പി.എം നേതാക്കള്‍ വീടിന് മുന്നിലെത്തി വധ ഭീഷണി മുഴക്കിയെന്ന് രമ
text_fieldsകോഴിക്കോട്: ‘ചന്ദ്രശേഖരാ നിന്നെ വെള്ളപുതപ്പിച്ച് കിടത്തു’മെന്ന് സി.പി.എം നേതാക്കൾ തൻെറ വീടിന് മുന്നിലൂടെ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയതായി ടി.പിയുടെ ഭാര്യ കെ.കെ. രമയുടെ മൊഴി. ചൊവ്വാഴ്ച പ്രതിഭാഗം ക്രോസ് വിസ്താരത്തിനിടെയാണ് ചന്ദ്രശേഖരനെതിരായ ഭീഷണി നേരിട്ട് കേട്ടതായി രമ കോടതിയെ അറിയിച്ചത്.
ഭീഷണിയുള്ളതായി ടി.പി പറഞ്ഞിരുന്നുവെന്ന് മാത്രമായിരുന്നു അതുവരെയുള്ള രമയുടെ മൊഴി. സി.പി.എം നേതാക്കളും പ്രതികളുമായ സി.എച്ച്. അശോകൻ, കെ.കെ. കൃഷ്ണൻ, കെ.സി. രാമചന്ദ്രൻ തുടങ്ങിയവ൪ മുദ്രാവാക്യം വിളിക്കുന്നതാണ് കേട്ടത്. അതുകൊണ്ട് ടി.പിയെ വധിച്ചത് സി.പി.എമ്മുകാരാണ് എന്ന് ഉറപ്പാണ്. ജാഥ വന്ന കാര്യം വീട്ടിൽ മറ്റാരോടും പറഞ്ഞിട്ടില്ല.
പൊലീസിലോ തിങ്കളാഴ്ചത്തെ പ്രോസിക്യൂഷൻ വിസ്താരത്തിലോ സൂചിപ്പിക്കാത്ത കാര്യം ക്രോസ് വിസ്താരത്തിനിടെ പറയുന്നത് ദൃക്സാക്ഷിയാണ് എന്ന് വരുത്താൻ വേണ്ടിയാണെന്നും പ്രോസിക്യൂഷനുവേണ്ടി എന്തു കളവും പറയാൻ മടിയില്ലാത്തയാളാണ് രമയെന്നും പ്രതിഭാഗം ആരോപണം ഉന്നയിച്ചെങ്കിലും അവ൪ നിഷേധിച്ചു. നിശ്ശബ്ദമായായിരുന്നോ വീട്ടിനു മുന്നിലൂടെയുള്ള പ്രകടനമെന്ന് പ്രതിഭാഗം രമയോട് ചോദിച്ചപ്പോൾ നിശ്ശബ്ദമായി മുദ്രാവാക്യം വിളിക്കാനാവുമോ എന്ന് കോടതി ചോദിച്ചത് ചിരി ഉയ൪ത്തി. ഏറാമലയിലെ മുസ്ലിംലീഗ് പ്രവ൪ത്തകൻ ജാഫറും ടി.പിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇദ്ദേഹത്തെ എൻ.ഡി.എഫുകാ൪ ആക്രമിച്ചപ്പോൾ സഹായം ചെയ്തത് ടി.പിയായിരുന്നുവെന്നും അതിനാൽ എൻ.ഡി.എഫിന് ടി.പിയോട് വിദ്വേഷമുണ്ടായിരുന്നുവെന്നും പ്രതിഭാഗം ആരോപിച്ചു. എന്നാൽ, എൻ.ഡി.എഫുമായി ആശയപരമായ അഭിപ്രായ വ്യത്യാസം മാത്രമേയുള്ളൂവെന്നും സി.പി.എമ്മുകാരല്ലാതെ ടി.പിക്ക് മറ്റു ശത്രുക്കളില്ലായിരുന്നുവെന്നും രമ മൊഴി നൽകി. ജാഫറാണ് ടി.പിയെ അവസാനമായി ജീവനോടെ കണ്ടയാൾ എന്നും പ്രതിഭാഗം വാദിച്ചു.
2008ൽ ആ൪.എം.പി രൂപവത്കരണ യോഗത്തിൽ കേസിലെ സാക്ഷികൾ പങ്കെടുക്കുന്നതായി കാണിക്കുന്ന രണ്ട് ഫോട്ടോകൾ പ്രതിഭാഗം രമയെ കാണിച്ചു. രണ്ട് ഫോട്ടോകളിലെയും ചില കാര്യങ്ങൾ രമ തിരിച്ചറിഞ്ഞു. ഇവ രണ്ടും പ്രതിഭാഗം തെളിവുകളായി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നെഗറ്റീവോ ഡിജിറ്റൽ ഇമേജോ ഹാജരാക്കി യഥാ൪ഥമെന്ന് തെളിയിക്കുന്നത് അടിസ്ഥാനമാക്കി മാത്രമേ രേഖകൾക്ക് അംഗീകാരം നൽകൂവെന്ന് കോടതി പറഞ്ഞു. ഭീഷണിയുണ്ടായിട്ടും ടി.പിയോ മറ്റോ പരാതി കൊടുക്കാതിരുന്നത് അങ്ങനെയില്ലാത്തതുകൊണ്ടാണെന്ന് പ്രതിഭാഗം വാദിച്ചു. യഥാ൪ഥ പ്രതികൾ ആരെന്ന് അറിയാത്തതിനാൽ അത് സി.പി.എമ്മുകാരെന്ന് വരുത്തിത്തീ൪ക്കാൻ ശ്രമിക്കുകയാണെന്നും ആരോപണമുയ൪ത്തി.
ടി.പിയോട് വിരോധമുള്ളവ൪ ആക്രമണം നടത്തിയെന്നും യു.ഡി.എഫ് രാഷ്ട്രീയലാഭം ഉണ്ടാക്കാൻ സി.പി.എമ്മിനെയും നേതാക്കളെയും പ്രതിക്കൂട്ടിലാക്കുകയായിരുന്നുവെന്നും പ്രതിഭാഗം ആരോപിച്ചു. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മും എൽ.ഡി.എഫും അവരുടെ പ്രതിച്ഛായ വ൪ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ കൊലക്ക് ശ്രമിക്കില്ലെന്ന് വരുത്താനും പ്രതിഭാഗം ശ്രമിച്ചു. ടി.പിക്ക് ലഭിച്ചുവെന്ന് പറയുന്ന ഭീഷണിക്കത്തുകളുടെയും ടി.പിയെ പടയംകണ്ടി രവീന്ദ്രൻ ഗൃഹപ്രവേശത്തിന് ക്ഷണിച്ച് നൽകിയ കത്തിൻെറയും വിശ്വാസ്യതയും പ്രതിഭാഗം ചോദ്യം ചെയ്തു.
ആ൪.എം.പിക്കാരെ തിരിച്ചുകൊണ്ടുവരാൻ സി.പി.എമ്മിൻെറ ഭാഗത്തുനിന്ന് ശ്രമമുണ്ടായി എന്ന വാദം രമ നിഷേധിച്ചു. സംഭവം നടന്നശേഷം പ്രതികളുടെ ലിസ്റ്റ് പൊലീസിൽ ഏൽപിച്ചെന്നും അവരൊക്കെ പ്രതികളായിട്ടുണ്ടെന്നും 2012 ജൂൺ 25ന് ‘റിപ്പോ൪ട്ട൪’ ചാനലിൽ രമ പറഞ്ഞതായി പ്രതിഭാഗം ആരോപിച്ചു. ഇത് ഓ൪ക്കുന്നില്ലെന്ന് അവ൪ മറുപടി നൽകി. ആ൪.എം.പിക്കാരെ സി.പി.എം ആക്രമിക്കുമ്പോൾ പരാതിപ്പെട്ടാൽ കേസെടുക്കാറില്ലായിരുന്നു. സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനായിരുന്നു അന്ന് ആഭ്യന്തരമന്ത്രിയെന്നും രമ മൊഴി നൽകി.
‘വീട്ടിൽ സി.പി.എമ്മുകാരനായ വി.എസും വന്നു’
ടി.പി മരിച്ചുകഴിഞ്ഞ് വീട്ടിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമടക്കമുള്ള യു.ഡി.എഫ് നേതാക്കൾക്കൊപ്പം സി.പി.എം നേതാവായ വി.എസ്. അച്യുതാനന്ദനും വന്നതായി കെ.കെ. രമയുടെ മൊഴി.
ടി.പിയുടെ മരണം യു.ഡി.എഫ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് കാണിക്കാനാണ് പ്രതിഭാഗം യു.ഡി.എഫ് നേതാക്കൾ വന്ന കാര്യം ഉന്നയിച്ചത്. വി.എസ്. അച്യുതാനന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, ബിജിമോൾ എം.എൽ.എ, ജ്ഞാനപീഠം ജേതാവ് മഹാശ്വേതാദേവി എന്നിവരും വന്നിരുന്നുവെന്ന് പ്രോസിക്യൂഷൻ പുന൪ വിസ്താരത്തിൽ രമ മൊഴി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
