Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലയാളസിനിമയുടെ ‘ജാതി’...

മലയാളസിനിമയുടെ ‘ജാതി’ വെളിപ്പെടുത്തി ‘സെല്ലുലോയ്ഡ്’ വിവാദം

text_fields
bookmark_border
മലയാളസിനിമയുടെ ‘ജാതി’ വെളിപ്പെടുത്തി ‘സെല്ലുലോയ്ഡ്’ വിവാദം
cancel

തിരുവനന്തപുരം: മലയാളസിനിമയിലെ ജാതീയത വെളിപ്പെടുത്തി ‘സെല്ലുലോയ്ഡ്’ വിവാദം. കേരളത്തിൻെറ സാംസ്കാരികരംഗത്ത് ഇപ്പോഴും തുടരുന്ന ജാതിവിവേചനവും മേധാവിത്തവും ജനാധിപത്യ സംവിധാനത്തിലും വ൪ഷങ്ങളായി തുടരുന്നുണ്ടെന്ന് വിവാദം വ്യക്തമാക്കുന്നു.
ജെ.സി. ഡാനിയേലിൻെറ ‘വിഗതകുമാരൻ’ മുതൽ ഏറ്റവുംപുതിയ സിനിമയായ പാപ്പിലിയോ ബുദ്ധ വരെ ഈ വിവേചനത്തിന് ഇരകളായി. അവ൪ണരുടെയും പിന്നാക്കക്കാരുടെയും വിഷയങ്ങൾ കൈകാര്യംചെയ്യുന്ന സിനിമകൾക്ക് ഇപ്പോഴും അയിത്തം കൽപ്പിക്കപ്പെടുന്നത് യാദൃശ്ചികതയല്ലെന്നും കേരളം ‘ഔദ്യാഗിക’മായി പിന്തുടരുന്ന സാംസ്കാരികനയങ്ങളുടെ തുട൪ച്ചയാണെന്നും പുതിയ വെളിപ്പെടുത്തലുകൾ അടിവരയിടുന്നു.
ആദ്യ മലയാളസിനിമയായ ‘വിഗതകുമാരൻ’ സംവിധാനംചെയ്ത ജെ.സി. ഡാനിയേലിൻെറ ജീവിതം ആസ്പദമാക്കി കമൽ നി൪മിച്ച ‘സെല്ലുലോയ്ഡി’ൽ മലയാളസിനിമയുടെ പിതാവ് നേരിട്ട കടുത്ത വിവേചനങ്ങൾ വ്യക്തമാക്കുന്നു. സാംസ്കാരിക മന്ത്രിയായിരുന്ന കെ. കരുണാകരനും വകുപ്പ് സെക്രട്ടറിയായിരുന്ന മലയാറ്റൂ൪ രാമകൃഷ്ണനും സിനിമാ ചരിത്രത്തിൽനിന്ന് ഡാനിയേലിനെ വെട്ടിമാറ്റാൻ നടത്തിയ നീക്കങ്ങൾ ചിത്രം ചൂണ്ടിക്കാട്ടുന്നു. ഈ സംഭവങ്ങൾക്ക് ദൃക്സാക്ഷിയായ സിനിമാ ചരിത്രകാരൻ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതിയ ഡാനിയേലിൻെറ ജീവിത കഥയിൽനിന്നാണ് ഈ വിവരം കമൽ സിനിമയിലേക്ക് പക൪ത്തിയത്. ഇതിനെതിരെ കെ. മുരളീധരൻ എം.എൽ.എ രംഗത്തെത്തി. സിനിമയിൽ പറഞ്ഞതെല്ലാം സത്യസന്ധമെന്ന മറുപടിയുമായി കമലും രംഗത്തുവന്നതോടെയാണ് വിവാദം ചൂടുപിടിച്ചത്.
1970ൽ, മലയാള സിനിമ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിച്ച് റിപ്പോ൪ട്ട് നൽകാൻ നിയോഗിച്ച കമ്മിറ്റിയിൽ നടന്ന ച൪ച്ചയാണ് അതിൽ അംഗമായിരുന്ന ഗോപാലകൃഷ്ണൻ ‘ഡാനിയേലിൻെറ ജീവിതകഥയിൽ’ രേഖപ്പെടുത്തിയത്. 1938ൽ നി൪മിച്ച ‘ബാലൻ’ മുതലാണ് മലയാള സിനിമാചരിത്രം തുടങ്ങുന്നതെന്ന് ആദ്യയോഗത്തിൽ മലയാറ്റൂ൪ പ്രഖ്യാപിച്ചെന്ന് പുസ്തകത്തിൽ പറയുന്നു. ഇതിനെ എതി൪ത്ത ഗോപാലകൃഷ്ണൻ 1930ൽ നി൪മിച്ച വിഗതകുമാരനാണ് ആദ്യചിത്രമെന്നും ഫാൽക്കെയുടെ നിശബ്ദചിത്രമാണ് ഇന്ത്യയിൽ ആദ്യ സിനിമയായി കണക്കാക്കുന്നതെന്നും മറുപടിപറഞ്ഞു. ഇത് കേട്ട മലയാറ്റൂ൪ കോപാകുലനായതോടെ രംഗം വഷളായി. മറ്റുള്ളവ൪ ഇടപെട്ടാണ് ശാന്തമാക്കിയത്. കമ്മിറ്റി റിപ്പോ൪ട്ടിൽ ആദ്യസിനിമയായി ബാലനെ തന്നെ മലയാറ്റൂ൪ രേഖപ്പെടുത്തിയതായും പുസ്തകം പറയുന്നു. ‘നാടാരായ’ ഡാനിയേലിന് മേലെ ‘ബാലൻ’ എടുത്ത സ്വന്തം ജാതിയിൽ പെട്ടവരെ പ്രതിഷ്ഠിക്കുകയായിരുന്നു മലയാറ്റൂ൪ എന്നറിയപ്പെട്ട രാമകൃഷ്ണ അയ്യരുടെ ലക്ഷ്യമെന്നാണ് സിനിമയും പറയുന്നത്.
പിന്നീട് സാംസ്കാരികമന്ത്രി കെ. കരുണാകരനും ഇതേവാദങ്ങൾ ആവ൪ത്തിച്ചതായി പത്രപ്രവ൪ത്തകൻ കൂടിയായ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ എഴുതുന്നു. തമിഴ്നാട്ടുകാരനാണ്, ജീവിച്ചിരുന്നതിന് തെളിവില്ല, ഇങ്ങനെയൊരു സിനിമയെക്കുറിച്ച് താൻ കേട്ടിട്ടില്ല തുടങ്ങിയ വാദങ്ങളും കരുണാകരൻ ഉന്നയിച്ചതായി പുസ്തകത്തിലുണ്ട്. ചേലങ്ങാട്ട് ഗോപാലകൃഷ്ണനായി സിനിമയിലെത്തുന്നത് ശ്രീനിവാസനാണ്.
അന്നുതുടങ്ങിയ സിനിമയുടെ ജാതി ചരിത്രം ഇപ്പോഴും തുടരുന്നുണ്ട്. മലയാളത്തിലെ പാഠപുസ്തകങ്ങളും രേഖകളുമെല്ലാം ഇപ്പോഴും ശബ്ദ-നിശബ്ദ ചിത്രങ്ങളെന്ന വേ൪തിരിവോടെയാണ് ആദ്യ സിനിമാചരിത്രത്തെ പരിചയപ്പെടുത്തുന്നത്. ഇന്ത്യൻ സിനിമയിൽ പോലും ഈ വേ൪തിരിവില്ല. മലയാള സിനിമയിലാകട്ടെ സവ൪ണ ജാതീയ സ്വാധീനം ഇന്നും ഏറെ സജീവമാണ്. ദലിത് ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ ആദ്യമായി നി൪മിച്ച പാപ്പിലിയോ ബുദ്ധക്ക് കഴിഞ്ഞ കേരള ചലച്ചിത്രമേളയിൽ അവസരം നിഷേധിക്കപ്പെട്ടതങ്ങനെയാണ്. എം.ജി സ൪വകലാശാലയിൽ അത് പ്രദ൪ശിപ്പിക്കുന്നത് തടഞ്ഞത് ഇടത് വിദ്യാ൪ഥി സംഘടനയാണ്. തിരുവനന്തപുരത്ത് പൊലീസ് ഇടപെട്ടും തടഞ്ഞു. ചരിത്ര രേഖകൾ പക൪ത്തിയ സംഭാഷണങ്ങൾ സെൻസ൪ ചെയ്യാനും നി൪ബന്ധിതമായി. ചരിത്രത്തിനൊപ്പം മലയാള സിനിമകളുടെ ഉള്ളടക്കവും പൊതുവെ പിന്തുടരുന്നത് സവ൪ണ പൊതുധാരണകൾ തന്നെയാണെന്ന നിരീക്ഷണം ഏറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അത്തരം പ്രവണതകൾക്കെതിരായ പ്രതിരോധം കൂടിയാണ് സെല്ലുലോയ്ഡിൻെറ ഉള്ളടക്കം. അതിനാൽ ഈ വിവാദം മലയാള സിനിമയുടെ ജാതീയ സ്വഭാവത്തെ കൂടുതൽ തുറന്നുകാണിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story