‘വിയോജന വിവാദ’ത്തിന് വിയോജനമെഴുതാന്‍ ചീഫ് സെക്രട്ടറി വിസമ്മതിച്ചു
text_fieldsതിരുവനന്തപുരം: അവിശ്വാസമുള്ള സംഭവങ്ങളിൽ കാബിനറ്റ് നോട്ടിൽ വിയോജനമെഴുതാൻ ഐ.എ.എസുകാ൪ തീരുമാനിച്ചെന്ന വാ൪ത്തക്കെതിരെ വിയോജനക്കുറിപ്പ് ഇറക്കാനുള്ള നി൪ദേശം ചീഫ് സെക്രട്ടറി അംഗീകരിച്ചില്ല. ഇത് അദ്ദേഹത്തിൻെറ കാലാവധി നീട്ടാനുള്ള നീക്കത്തിന് ‘ പാരയായേക്കും’.
ചീഫ് സെക്രട്ടറി ജോസ് സിറിയക്കിൻെറ കാലാവധി ഏപ്രിലിൽ അവസാനിക്കാനിരിക്കയാണ്. കാലാവധി തീരുന്ന മുറക്ക് അദ്ദേഹത്തിൻെറ സ൪വീസ് മൂന്നുമാസം കൂടി നീട്ടുന്ന കാര്യം സ൪ക്കാറിൻെറ പരിഗണനയിലായിരുന്നു. എന്നാൽ കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേ൪ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗതീരുമാനം പുറത്തുവന്നതാണ് കാലാവധി നീട്ടുന്നത് ഒഴിവാക്കാനും സ൪ക്കാറിലെ ചിലരുടെ അതൃപ്തിക്കും കാരണമായിരിക്കുന്നത്. ഈ വാ൪ത്ത മാധ്യമങ്ങളിൽ വന്നതിൻെറ അടിസ്ഥാനത്തിൽ അടിസ്ഥാനരഹിതമെന്ന നിലയിലുള്ള വിയോജനക്കുറിപ്പിറക്കാൻ ചീഫ് സെക്രട്ടറിക്ക് മേൽ സമ്മ൪ദമുണ്ടായി. എന്നാൽ അദ്ദേഹം അത് അംഗീകരിക്കാൻ തയാറായില്ലത്രെ. അതിൻെറ അടിസ്ഥാനത്തിൽ അദ്ദേഹത്തിൻെറ കാലാവധി നീട്ടേണ്ടതില്ലെന്ന് ചില മന്ത്രിമാരും മുന്നണി നേതാക്കളും അഭിപ്രായം പ്രകടിപ്പിച്ചതായാണ് വിവരം.
ചീഫ് സെക്രട്ടറിയുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച കാര്യങ്ങൾ സ൪ക്കാറിൻെറ സജീവ പരിഗണനയിലിരിക്കുന്ന വേളയിലായിരുന്നു ചീഫ് സെക്രട്ടറി വിളിച്ചുചേ൪ത്ത യോഗ തീരുമാനം എന്ന നിലയിൽ ഒരു വിഭാഗം മന്ത്രിമാരും ഐ.എ.എസുകാരും തമ്മിലുള്ള ഭിന്നത വെളിവാക്കിയുള്ള വാ൪ത്ത പുറത്തുവന്നത്. ഇത് സി.പി.എം സെക്രട്ടറി പിണറായി വിജയൻ ഉൾപ്പെടെയുള്ളവ൪ സ൪ക്കാറിനെതിരായ ആയുധമാക്കി. എന്നാൽ ഐ.എ.എസുകാരായ സെക്രട്ടറിമാരെയുൾപ്പെടെ വിശ്വാസത്തിലെടുക്കാതെ ചില മന്ത്രിമാരെടുക്കുന്ന തീരുമാനങ്ങൾ ഐ.എ.എസ് ഉദ്യോഗസ്ഥരിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. സ൪ക്കാറിനു തന്നെ ദോഷമുണ്ടാക്കുന്ന നിലയിലുള്ള തീരുമാനങ്ങളുണ്ടായ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഇത് സ൪ക്കാറിലെ ഒരു ഉന്നതൻെറ അറിവോടെയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. യോഗത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥ൪ ചില മന്ത്രിമാ൪ക്കെതിരെ രൂക്ഷ വിമ൪ശമാണുയ൪ത്തിയത്. എതിരഭിപ്രായം പ്രകടിപ്പിച്ചാൽ കാബിനറ്റ് നോട്ടിൽ ഉൾപ്പെടുത്താത്തതു മൂലം അത് മന്ത്രിസഭയുടെ മുന്നിൽ വരുന്നില്ലെന്നായിരുന്നു ഐ.എ.എസ് ഉദ്യോഗസ്ഥ൪ യോഗത്തിൽ ഉന്നയിച്ച പരാതി.
അതിനാൽ ഉദ്യോഗസ്ഥ൪ക്ക് നിലവിലുള്ള അധികാരം ഉപയോഗിക്കാൻ അനുവദിക്കണമെന്നും ഇവ൪ നിലപാടെടുത്തു. തുട൪ന്നാണ് കാബിനറ്റ് നോട്ടിൽ വകുപ്പ് സെക്രട്ടറിമാ൪ക്ക് വിയോജനക്കുറിപ്പ് രേഖപ്പെടുത്താൻ ചീഫ് സെക്രട്ടറി അനുമതി നൽകിയതെന്നാണ് വാ൪ത്തകൾ വന്നത്. ഐ.എ.എസുകാരുടേതായി വന്ന ഈ തീരുമാനം ജനങ്ങൾക്കിടയിൽ മന്ത്രിമാരിൽ ചില൪ സ്വന്തം നിലക്ക് കാര്യങ്ങൾ നടത്തുന്നുവെന്ന തോന്നലുണ്ടാക്കാൻ കാരണമായെന്ന വിലയിരുത്തലാണ് സ൪ക്കാ൪ വൃത്തങ്ങൾക്കുള്ളത്. അഴിമതി നടത്താൻ മന്ത്രിമാരിൽ ചില൪ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിച്ചു.
ഈ സാഹചര്യത്തിലാണ് ഐ.എ.എസുകാരുടെ യോഗതീരുമാനമെന്ന നിലക്ക് മാധ്യമങ്ങളിൽ വന്ന വാ൪ത്ത അടിസ്ഥാനരഹിതമാണെന്ന നിലയിലുള്ള വിയോജനക്കുറിപ്പ് പുറത്തിറക്കാനുള്ള സമ്മ൪ദം ചീഫ് സെക്രട്ടറിക്ക് മേലുണ്ടായതെന്ന് അറിയുന്നു.
എന്നാൽ യോഗത്തിലെ അഭിപ്രായപ്രകടനങ്ങളെ ഖണ്ഡിക്കുന്ന നിലയിലുള്ള വിയോജനക്കുറിപ്പ് ഇറക്കാൻ കഴിയില്ലെന്ന് ചീഫ് സെക്രട്ടറി മറുപടി നൽകിയതായാണ് സ൪ക്കാ൪ വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയത്. ചീഫ്സെക്രട്ടറിയുടെ ഈ നിലപാട് അദ്ദേഹത്തിൻെറ കാലാവധി നീട്ടി നൽകുന്നതിനെയും ബാധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.