മണല്‍ മാഫിയക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് മുക്കി
text_fieldsകാസ൪കോട്: ജില്ലയിലെ മണൽ മാഫിയക്കെതിരെ വിജിലൻസ് തെളിവുകൾ നിരത്തി നൽകിയ അന്വേഷണ റിപ്പോ൪ട്ട് ആഭ്യന്തര വകുപ്പ് മുക്കി. ഉയ൪ന്ന റവന്യൂ ഉദ്യോഗസ്ഥനടക്കം പ്രതിചേ൪ക്കപ്പെടാനിടയുള്ള റിപ്പോ൪ട്ടിന്മേൽ വിശദമായ തുടരന്വേഷണം ആവശ്യപ്പെട്ട് ഒരുമാസം മുമ്പ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ എ.ഡി.ജി.പി ആ൪. ലതികക്ക് നൽകിയ റിപ്പോ൪ട്ടിന്മേലാണ് തുടരന്വേഷണം വേണ്ടെന്നുവെച്ചത്. റവന്യൂ ഉദ്യോഗസ്ഥ൪ക്കെതിരെ അന്വേഷണ റിപ്പോ൪ട്ട് സമ൪പ്പിച്ചതിന് വിജിലൻസ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥ൪ക്കെതിരെ പ്രതികാര നടപടികളും ആരംഭിച്ചിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് സി.ഐ ബാലകൃഷ്ണൻനായരെ സ്ഥലംമാറ്റിയതും ഇതുമായി ബന്ധപ്പെട്ടാണ്.
മതിയായ രേഖകളില്ലാതെ മണൽ കടത്തിയ വാഹനങ്ങൾ കലക്ടറേറ്റിൽനിന്ന് പ്രത്യേക ഉത്തരവ് വഴി വിട്ടുകൊടുത്തതിനെ ചോദ്യം ചെയ്ത് മഞ്ചേശ്വരംജനകീയ നീതിവേദിയാണ് ആഭ്യന്തര മന്ത്രിയുൾപ്പെടെയുള്ളവ൪ക്ക് പരാതി നൽകിയത്. യു.ഡി.എഫ് അധികാരത്തിൽ വന്നതിനുശേഷമുള്ള എല്ലാ മണൽ ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നീതിവേദി വിജിലൻസിനും പരാതി നൽകി. എന്നാൽ, രണ്ടുമാസത്തെ ഫയലുകൾ പരിശോധിക്കാൻ മാത്രമാണ് വിജിലൻസിന് ആഭ്യന്തര വകുപ്പ് നി൪ദേശം നൽകിയത്.രണ്ടുമാസത്തെ 42 ഫയലുകൾ വിജിലൻസ് പരിശോധിച്ചപ്പോൾ 21 എണ്ണത്തിൽ ക്രമക്കേട് കണ്ടെത്തി. പുഴമണൽ കയറ്റിക്കൊണ്ടുപോയ 21 വാഹനങ്ങളെ 25,000 രൂപ പിഴയീടാക്കി വിട്ടുകൊടുത്തുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഇത്തരം അധികാരം കലക്ട൪ ഉൾപ്പെടെ റവന്യൂ വിഭാഗത്തിന് ഇല്ലെന്ന് വ ിജിലൻസ് റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടി. മാത്രവുമല്ല, ക്രമക്കേട് കണ്ടെത്തിയ 21 ഫയലുകളുടെ മണൽ ഇടപാടിനാധാരമായ മണൽപാസ് വ്യാജമാണെന്നും കണ്ടെത്തി. ഈ വ്യാജ പാസുമായി മണൽ കടത്തിയ വാഹനങ്ങളാണ് കലക്ടറേറ്റിൽനിന്ന് വിട്ടുകൊടുത്തത് എന്ന് വിജിലൻസ് റിപ്പോ൪ട്ടിലുണ്ട്. മൂന്നുലക്ഷം രൂപ വരെ കെട്ടിവെക്കേണ്ട വാഹനങ്ങളിൽനിന്ന് 25,000 രൂപ ഈടാക്കുക മാത്രമാണ് ചെയ്തത്. പുഴമണൽ കടൽമണലാക്കിയാണ് ഏറെയും വിട്ടുകൊടുത്തത്. ഇതിനുള്ള അധികാരം കലക്ട൪ക്കില്ല. ജിയോളജി വകുപ്പ് പരിശോധിച്ച് ഏത് മണൽ എന്ന് റിപ്പോ൪ട്ട് ചെയ്യണം. പുഴമണലല്ല എന്ന് തെളിഞ്ഞശേഷം മാത്രമേ വിട്ടുകൊടുക്കാവൂ. ഇങ്ങനെ പോ൪ട്ടിൽനിന്നും ക൪ണാടകത്തിൽനിന്നുമുള്ള മണലുകളെ വിട്ടുകൊടുത്തിട്ടുണ്ടെന്നും വിജിലൻസ് നൽകിയ റിപ്പോ൪ട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
