എസ് ത്രീയെന്ന വ്യാജേന വില കുറഞ്ഞ മൊബൈല്‍ വില്‍പന നടത്തി വീണ്ടും തട്ടിപ്പ്
text_fieldsകുവൈത്ത് സിറ്റി: സാംസങ്ങിൻെറ പുത്തൻ മോഡലുകളിലൊന്നായ എസ് ത്രീയാണെന്ന വ്യാജേന വില കുറഞ്ഞ മൊബൈൽ വിൽപ്പന നടത്തിയുള്ള തട്ടിപ്പ് അരങ്ങുതക൪ക്കുന്നു. സമീപകാലത്തായി തുടങ്ങിയ ഈ തട്ടിപ്പിന് കഴിഞ്ഞ ദിവസം രണ്ടു മലയാളികൾ ഇരയായി. നേരത്തേ ഇതേ തട്ടിപ്പിൽ മലയാളികൾ കുടുങ്ങിയത് ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു.
യൂറോപ്യൻ വംശജരാണ് ഇത്തരം തട്ടിപ്പുമായി രംഗത്തുള്ളത്. അടുത്തിടെ വാങ്ങിയ ഫോൺ ആണെന്നും ഉടൻ നാട്ടിലേക്ക് പോവുന്നതിയി പണത്തിൻെറ അത്യാവശ്യമുള്ളതിനാൽ വിൽക്കുകയാണെന്നും പറഞ്ഞ് ബില്ലും വാറൻറി കാ൪ഡുമൊക്കെ കാണിച്ചാണ് തട്ടിപ്പിൻെറ തുടക്കം. വിപണിയിൽ 170 രൂപയോളം വിലയുള്ള എസ് ത്രീ, പണത്തിന് അത്യാവശ്യമുള്ളതിനാൽ പകുതി വിലക്ക് തരാമെന്നാവും വാഗ്ദാനം. അല്ലെങ്കിൽ ഒരു എസ് ത്രീയുടെ വിലക്ക് രണ്ട് ഫോൺ നൽകാമെന്ന് പറയും.
ഇതിൽ വീഴുന്നയാൾ പണം കൊടുത്ത് മൊബൈലും വാങ്ങി മുറിയിലെത്തി വിശദമായി പരിശോധിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ടതറിയുക. വിപണിയിൽ സുലഭമായി ലഭ്യമായ വിലകുറഞ്ഞ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ളിക്കേറ്റ് എസ് ത്രീയായിരിക്കുമത്. 25 ദീനാറിന് കിട്ടുന്ന ചൈനീസ് മോഡൽ. യഥാ൪ഥ എസ് ത്രീയുടെ ഒരു ഗുണവും ഇതിനുണ്ടാവില്ല.
കഴിഞ്ഞ ദിവസം കോഴിക്കോട് നന്തി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. ഫ൪വാനിയ സുൽത്താൻ സെൻററിന് മുമ്പിൽവെച്ചാണ് ജ൪മൻകാരനെന്ന് പരിചയപ്പെടുത്തിയയാൾ ‘എസ് ത്രീ’ മൊബൈലുമായി സമീപിച്ചത്. ബില്ലും വാറൻറി കാ൪ഡുമൊക്കെ കാണിച്ചതോടെ വിശ്വസിച്ച മലയാളിയും കൂടെ ജോലി ചെയ്യുന്ന പാകിസ്താൻകാരനും ചേ൪ന്ന് രണ്ടു ‘എസ് ത്രീ’ മൊബൈലുകൾ 155 ദീനാറിനാണ് യൂറോപ്യൻ വംശജനിൽനിന്ന് വാങ്ങിയത്. യഥാ൪ഥ എസ് ത്രീയുടെ വിലയിലും കുറഞ്ഞ തുകക്ക് രണ്ട് എസ് ത്രീ കിട്ടിയ ലാഭക്കച്ചവടത്തിൻെറ സന്തോഷത്തിലായിരുന്ന ഇവ൪ക്ക് പിന്നീടാണ് കബളിപ്പിക്കപ്പെട്ട
കാര്യം മനസ്സിലായത്. മംഗഫിലെ സുൽത്താൻ സെൻററിന് സമീപം വെച്ച് കോഴിക്കോട് കുറ്റ്യാടി സ്വദേശിയും ഇത്തരം തട്ടിപ്പിൻെറ വലയിൽപ്പെട്ടെങ്കിലും കൈവശം അത്ര പണമില്ലാത്തതിനാൽ ‘എസ് ത്രീ’ സ്വന്തമാക്കാനായില്ല. അതുകൊണ്ടുമാത്രം തട്ടിപ്പിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു. പ്രമുഖ സൂപ്പ൪മാ൪ക്കറ്റുകളുടെയും മൊബൈൽ ഷോറൂമുകളുടെയും പരിസരത്തുവെച്ചാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലും അരങ്ങേറുന്നത്.
അവിടെനിന്ന് കുറച്ചുമുമ്പ് വാങ്ങിയതാണെന്ന് പറഞ്ഞ് ബില്ലും മറ്റും കാണിക്കുന്നതോടെ ആളുകൾ തട്ടിപ്പുകാരുടെ വലയിൽ വീഴുകയാണ്. എത്ര അത്യാവശ്യമാണെങ്കിലും വിപണിവിലയുടെ പകുതിയിലും കുറഞ്ഞ വിലക്ക് ആരും പുതുപുത്തൻ മൊബൈൽ വിൽക്കില്ലെന്ന സാമാന്യപാഠം മനസ്സിലാക്കിയാൽ മാത്രം മതി ഇത്തരം തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങാതിരിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
