ചെന്നൈയിലെ വാള്‍മാര്‍ട്ട് ഗോഡൗണ്‍ സീല്‍ ചെയ്തു
text_fieldsചെന്നൈ: ചില്ലറവ്യാപാര രംഗത്തെ ബഹുരാഷ്ട്ര ഭീമനായ വാൾമാ൪ട്ട് ചെന്നൈയിൽ നി൪മിക്കുന്ന ഗോഡൗൺ അധികൃത൪ സീൽ ചെയ്തു. ചെന്നൈ വാനഗരം പള്ളിക്കുപ്പത്ത് പത്ത് ഏക്ക൪ സ്ഥലത്ത് നി൪മിച്ചുവരുന്ന കെട്ടിടമാണ് ചൊവ്വാഴ്ച രാവിലെ ചെന്നൈ മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റി (സി.എം.ഡി.എ) അധികൃത൪ സീൽ ചെയ്തത്. ചില്ലറവ്യാപാരത്തിൽ നേരിട്ട് വിദേശമൂലധന നിക്ഷേപത്തിന് കേന്ദ്രസ൪ക്കാ൪ അനുമതി നൽകിയതിനെ തുട൪ന്നാണ് ഭാരതി വെങ്സ൪ കമ്പനിയുമായി ചേ൪ന്ന് ഇന്ത്യയിലെ വൻനഗരങ്ങളിൽ വാൾമാ൪ട്ട് ഗോഡൗണുകൾ സ്ഥാപിക്കുന്നത്. ചില്ലറവ്യാപാരരംഗത്ത് വിദേശ കമ്പനികൾക്ക് തമിഴ്നാട്ടിൽ അനുമതി നൽകില്ലെന്ന് മുഖ്യമന്ത്രി ജയലളിത നേരത്തേ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ചെന്നൈ അണ്ണാനഗറിൽ ഓഫിസ് തുറന്ന കമ്പനി നഗരത്തിൽ 18 മാസം മുമ്പാണ് ഗോഡൗണിന്റെ നി൪മാണം തുടങ്ങിയത്.
കെട്ടിടനി൪മാണത്തിന് അനുമതിക്കായി സി.എം.ഡി.എക്ക് അപേക്ഷ നൽകിയിരുന്നുവെങ്കിലും ഇത് ലഭിക്കാതെതന്നെ നി൪മാണം തുടങ്ങുകയായിരുന്നു. സംസ്ഥാനത്തെ വ്യാപാര സംഘടനകളും ഇടതു പാ൪ട്ടികളും വാൾമാ൪ട്ട് ഗോഡൗണിനെതിരെ പ്രക്ഷോഭം തുടങ്ങിയ സാഹചര്യത്തിലാണ് കെട്ടിടനി൪മാണത്തിന് അനുമതിയില്ലെന്ന് കാണിച്ച് സി.എം.ഡി.എ നോട്ടീസ് നൽകിയത്. സി.എം.ഡി.എ ചീഫ് മാനേജ൪ നാഗലിംഗത്തിന്റെ നേതൃത്വത്തിൽ 15ഓളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ചൊവ്വാഴ്ച കെട്ടിടത്തിന് സീൽ വെച്ചത്. ഗോഡൗൺ പരിസരത്ത് നൂറോളം പൊലീസുകാരെ കാവൽ നി൪ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
