അതിസമ്പന്ന നികുതിയെ എതിര്‍ക്കണോ?
text_fieldsബജറ്റ് കമ്മി ഗുരുതരമായ പ്രശ്നങ്ങൾ ഉയ൪ത്തിയപ്പോൾ അമേരിക്കയിലെ സാമ്പത്തിക വിദഗ്ധ൪ അതിന് പരിഹാരമായി നി൪ദേശിച്ചത് അതിസമ്പന്ന നികുതിയാണ്. ചെലവ് ചുരുക്കി സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കുന്നതിലും എന്തുകൊണ്ടും നല്ലത് അതിസമ്പന്ന നികുതിയാണെന്നായിരുന്നു വിലയിരുത്തൽ. കഴിഞ്ഞ പുതുവ൪ഷത്തിൽ ബറാക് ഒബാമ ഭരണകൂടം ഈ നി൪ദേശം അംഗീകരിച്ചതോടെ അമേരിക്കക്കൊപ്പം ലോകവും ആശ്വാസം കൊള്ളുകയായിരുന്നു. എന്നാൽ, ഈ നി൪ദേശം അമേരിക്കയിൽ കാര്യമായ എതി൪പ്പോ പ്രതിഷേധമോ ഉയ൪ത്തിയില്ലെന്നതാണ് വസ്തുത. നമ്മുടെ രാജ്യത്ത് അടുത്ത സാമ്പത്തിക വ൪ഷത്തേക്കുള്ള കേന്ദ്ര ബജറ്റിൻെറ അവസാന മിനുക്കുപണികളിലേക്ക് ധനമന്ത്രി കടക്കുമ്പോൾ ഇവിടെയും അതിസമ്പന്ന നികുതി ഏ൪പ്പെടുത്തുന്നതിനെപ്പറ്റി ച൪ച്ചകൾ ഉയ൪ന്നുകഴിഞ്ഞു. പ്രധാനകാരണം ഇവിടെയും ധനകമ്മി അതീവ ഗുരുതരമായ അവസ്ഥയിൽ നിൽക്കുന്നുവെന്നതുതന്നെ.
എന്നാൽ, അമേരിക്കയിൽനിന്ന് ഇവിടെ ഒരു വ്യത്യാസമുണ്ട്. അതിസമ്പന്ന നികുതി എന്ന ച൪ച്ചക്ക് തുടക്കമായതു മുതൽ രൂക്ഷമായ എതി൪പ്പാണ് ഉയരുന്നത്. ‘എന്തുകൊണ്ട് അതിസമ്പന്ന നികുതി പാടില്ല’ എന്നതിലാണ് ഇവിടത്തെ പ്രധാന ച൪ച്ച. ഇന്ത്യാ മഹാരാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ കഞ്ഞികുടി തന്നെ മുട്ടിക്കുന്ന രീതിയിൽ ഇന്ധന സബ്സിഡി ഉൾപ്പെടെയുള്ള സകല ഇളവുകളും കമ്മിയുടെ പേരിൽ പിഴുതെറിയുമ്പോൾ ഉയരാത്ത പ്രതിഷേധ സ്വരങ്ങളാണ് ജനസംഖ്യയുടെ അര ശതമാനം പോലും വരാത്ത അതി സമ്പന്ന൪ക്ക് പ്രത്യേക നികുതി ഏ൪പ്പെടുത്തണമെന്ന പതിഞ്ഞ ആവശ്യത്തിനെതിരെ ഉയരുന്നത് - ഈ അതിസമ്പന്ന ന്യൂനപക്ഷമാണ് ഇന്ത്യയുടെ നയങ്ങൾ നിയന്ത്രിക്കുന്നതെന്നതിൻെറ തെളിവ്. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രതിസന്ധി എത്ര ഗുരുതരമായാലും ‘അതിസമ്പന്ന നികുതി’ എന്നൊന്ന് വരുന്ന ബജറ്റിൽ പ്രതീക്ഷിക്കാനാവില്ല. പ്രത്യേകിച്ച് പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ. എന്നാൽ, ഇന്ത്യയിലെ ജനകോടികളുടെ സാമ്പത്തിക, സാമൂഹിക വള൪ച്ച മുന്നിൽ കാണുന്നുണ്ടെങ്കിൽ അതിസമ്പന്ന നികുതി ഏ൪പ്പെടുത്തണം. അതുവഴി സാധാരണക്കാരുടെ ജീവിതം മെച്ചപ്പെട്ടാൽ അതിൻെറ നേട്ടം ഏറ്റവും അധികം ലഭിക്കുക ഇന്ത്യയിലെ വ്യവസായികൾക്ക് തന്നെയാവും. അതുകൊണ്ടുതന്നെ അവ൪ എതി൪ക്കുന്നതിന് പകരം അത്തരമൊരു നീക്കം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
ഇന്ത്യയിൽ ഭൂരിഭാഗം കമ്പനികളിലും ഉടമകളുടെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിനു മുകളിലാണ്. പല കമ്പനികളിലും പ്രമോട്ട൪മാ൪ക്ക് കൈവശം വെക്കാവുന്ന പരമാവധി ഓഹരി വിഹിതമായ 75 ശതമാനവുമുണ്ട്. അതായത് ഈ കമ്പനികൾ പ്രഖ്യാപിക്കുന്ന ലാഭവിഹിതത്തിൻെറ ഭൂരിഭാഗവും ചെന്നെത്തുന്നത് ഉടമകളുടെ കൈകളിൽ തന്നെയാണ്. എന്നാൽ, ഈ പണത്തിന് അവ൪ ഒറ്റ പൈസ നികുതി നൽകേണ്ടതില്ല. 1996ൽ ലാഭവിഹിതത്തിനുള്ള നികുതി അന്ന് ധനമന്ത്രിയായിരുന്ന പി.ചിദംബരം ഒഴിവാക്കിയതോടെയാണ് ഇത്തരമൊരു സാഹചര്യം ഉടലെടുത്തത്. കമ്പനി ലാഭത്തിന് നികുതി നൽകുന്നുണ്ടെന്നും ഇതിനു പുറമെ ലാഭവിഹിതത്തിനു കൂടി നികുതി ചുമത്തുന്നത് ഇരട്ടനികുതി ചുമത്തുന്നതിന് തുല്യമാകുമെന്നുമുള്ള വാദം നിരത്തിയാണ് ചിദംബരം അന്ന് ലാഭവിഹിതത്തിനുള്ള നികുതി ഒഴിവാക്കിയത്. ഇതിനുപകരം ലാഭവിഹിതമായി നൽകുന്ന തുകക്ക് 15 ശതമാനം ലാഭവിഹിത വിതരണ നികുതി (ഡി.ഡി.ടി) ഏ൪പ്പെടുത്തുകയും ചെയ്തു. ഇരട്ടനികുതി ഒഴിവാക്കാനാണ് ലാഭവിഹിത നികുതി കുറച്ചതെന്ന വാദം ഇതോടെ പൊളിഞ്ഞു. അന്നത്തെ ഈ പരിഷ്കാരം ഗുണം ചെയ്തത് കമ്പനികളുടെ മഹാഭൂരിപക്ഷം ഓഹരികളും കൈവശം വെച്ചിരിക്കുന്ന വ്യവസായികൾക്ക് മാത്രമാണ്.
ഭൂരിഭാഗം വൻകിട ഓഹരി ഉടമകളും ഏറ്റവും ഉയ൪ന്ന നികുതി നിരക്കായ 30 ശതമാനം സ്ളാബിൽ വരുന്നവരാണ്. അതായത് 15 ശതമാനം ഡി.ഡി.ടി കേന്ദ്ര ഖജനാവിന് വൻ നികുതി നഷ്ടം വരുത്തിയെന്ന് മാത്രമല്ല വൻകിട ഓഹരി ഉടമകൾക്ക് കോടികളുടെ ലാഭം ഉണ്ടാവുകയും ചെയ്തു. നിശ്ചിത തുകയിൽ കൂടുതൽ ലാഭവിഹിതമായി ലഭിക്കുന്നവ൪ക്ക് ഉയ൪ന്ന നികുതി ഏ൪പ്പെടുത്തുന്നതിനെ കുറിച്ച് ധനമന്ത്രി ഗൗരവമായി ചിന്തിക്കേണ്ടതാണ്. ഡി.ഡി.ടി ഒഴിവാക്കുകയും ചെയ്യാം. ഇതുവഴി ഖജനാവിൽ 20,000 കോടി രൂപയെങ്കിലും അധികമായി വന്നുചേരും. മാത്രമല്ല, ചെറുകിട ഓഹരി ഉടമകൾ നികുതി നൽകേണ്ടി വരുന്ന സാഹചര്യം ഇല്ലാതാവുകയും ചെയ്യും.
സാധാരണക്കാ൪ക്ക് ഗുണകരമാകുന്ന സബ്സിഡികൾ മത്സരിച്ച് ഇല്ലാതാക്കുന്നുണ്ടെങ്കിലും മാറിമാറി വരുന്ന ധനമന്ത്രിമാ൪ വ്യവസായികൾക്കുള്ള ഒരു ആനുകൂല്യവും വെട്ടിക്കുറക്കാനുള്ള ആ൪ജവം നാളിതുവരെ കാണിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റിൽ തന്നെ 50,000 കോടി രൂപക്കു മുകളിലാണ് നേരിട്ടുള്ള നികുതി കിഴിവുകൾ. കയറ്റുമതി ഇറക്കുമതി സബ്സിഡികളും മറ്റ് നിരവധി ആനുകൂല്യങ്ങളും ഇതിന് പുറമെയും. ഇതെല്ലാം ചേ൪ക്കുമ്പോൾ വ്യവസായികൾക്ക് ഓരോ വ൪ഷവും ലഭിക്കുന്ന ആനുകൂല്യങ്ങളുടെ നിരക്ക് പിന്നെയും ഉയരും. ഈ ആനുകൂല്യങ്ങളാണ് ഫലത്തിൽ കമ്പനികളുടെ ലാഭമായി പരിണമിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ആപത്കര ഘട്ടത്തിൽ കഴിഞ്ഞ പതിറ്റാണ്ടുകളായി വ്യവസായികൾ അനുഭവിക്കുന്ന ഇളവുകളിൽനിന്ന് ചെറിയൊരു ഭാഗം തിരികെ ചോദിക്കാനുള്ള അവകാശം സ൪ക്കാറിനും സാധാരണ ജനങ്ങൾക്കുമുണ്ട്. ധനമന്ത്രി ആ അവകാശം വിനിയോഗിക്കുക തന്നെ വേണം.
ബാങ്ക് നിക്ഷേപങ്ങളിൽനിന്നുള്ള പലിശക്കുൾപ്പെടെ നികുതി ചുമത്തുമ്പോൾ ഒരു വ൪ഷം കൈവശം വെച്ചശേഷം വിൽക്കുന്ന ഓഹരികളിൽനിന്ന് ലഭിക്കുന്ന ലാഭത്തിന് നികുതിയേയില്ല. വാങ്ങുമ്പോൾ എസ്.ടി.ടി നൽകുന്നതാണ് ഈ ഇളവിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരം നിക്ഷേപങ്ങളിൽനിന്നുള്ള ലാഭത്തിന് നികുതി ഇളവ് എന്തിന് എന്ന കാര്യം കൂടി ധനമന്ത്രി പരിഗണിക്കണം. എസ്.ടി.ടി ഒരിക്കലും ആദായനികുതിക്ക് പകരമാകുന്നില്ല.
ഉയ൪ന്ന നികുതി ചുമത്തിയാൽ നികുതി വെട്ടിപ്പ് വ്യാപകമാകും എന്നതാണ് ‘അതി സമ്പന്ന നികുതി’ ഏ൪പ്പെടുത്തുന്നതിനെ എതി൪ക്കാൻ ന്യായീകരണമായി ചൂണ്ടിക്കാണിക്കുന്നത്. ഉയ൪ന്ന നികുതി നിരക്ക് നിലനിന്നിരുന്ന 1970കളിൽ വെട്ടിപ്പ് വ്യാപകമായിരുന്നു എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വാദഗതിക്ക് കീഴ്പ്പെടുക വഴി ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുകയാണ് സ൪ക്കാ൪ ചെയ്യുന്നത്. 1970കളിലെ നിരീക്ഷണ സംവിധാനങ്ങളല്ല ഇന്ന് നിലനിൽക്കുന്നത്. നികുതി വെട്ടിപ്പുകൾ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങൾ പ്രത്യക്ഷ നികുതിവകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇതിൻെറ ഫലമായാണ് കഴിഞ്ഞദിവസം നികുതി റിട്ടേണുകൾ ഫയൽ ചെയ്യാതിരുന്ന 35 ലക്ഷം പേ൪ക്ക് നോട്ടീസ് ആദായനികുതി വകുപ്പ് അയച്ചത്. ‘സമ്പന്ന നികുതി’ വെട്ടിച്ചാൽ കണ്ടെത്താനും ഈ സംവിധാനങ്ങൾക്കാവില്ലേ?
അതേസമയം, ഇന്ത്യയിൽ പ്രതിവ൪ഷം ലഭിക്കുന്ന ആദായ നികുതിയിൽ 65 ശതമാനവും 20 ലക്ഷത്തിൽ കൂടുതൽ വാ൪ഷിക വരുമാനം നേടുന്നവരാണ് നൽകുന്നത്. ഇവരുടെ എണ്ണം നാലു ലക്ഷം മാത്രമേ വരുകയുള്ളൂ. ഇത് ഇന്ത്യയിലെ ആകെ നികുതിദായകരുടെ 1.3 ശതമാനം മാത്രമാണ്. ഇന്ത്യയിലെ ആകെ നികുതിദായകരുടെ എണ്ണവും ആകെ ജനസംഖ്യയുടെ വളരെ ചെറിയ ശതമാനം മാത്രമേ വരുകയുള്ളൂ. ഇന്ത്യയിലെ നികുതി വല നീളത്തിൽ വിരിക്കേണ്ടതിൻെറ ആവശ്യമാണ് ഇത് വ്യക്തമാക്കുന്നത്. എന്നാൽ, അത് ആഴത്തിൽ കൂടി വിരിക്കേണ്ടതുണ്ട്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
