കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്നു
text_fieldsനിലമ്പൂ൪ ഡിപ്പോയിൽനിന്ന് 6.15ന് മാനന്തവാടി വഴി ഇരിട്ടിയിലേക്ക് സ൪വീസ് നടത്തുന്ന ഒരു കെ.എസ്.ആ൪.ടി.സി ബസുണ്ട്. അതിൻെറ സമയം പുന$ക്രമീകരിക്കണമെന്ന ആവശ്യവുമായി കെ.എസ്.ആ൪.ടി.സിയുടെതന്നെ മുൻ ഡയറക്ട൪ ബോ൪ഡംഗം സോണൽ ഓഫിസിൽ നിവേദനം നൽകി. അവിടെ അധികൃത൪ ചുവപ്പുകൊടി കാണിച്ചപ്പോൾ ചീഫ് ഓഫിസുവരെ ടിയാനെത്തി. കെ.എസ്.ആ൪.ടി.സി ബസിൻെറ കലക്ഷൻ കുറഞ്ഞതുകൊണ്ടല്ല ഇദ്ദേഹത്തിൻെറ ആത്മാ൪ഥതയെന്ന് മനസ്സിലായത് പിന്നീടാണ്. ഇദ്ദേഹത്തിൻെറ സുഹൃത്തിൻെറ ഒരു ബസ് നിലമ്പൂ൪-മാനന്തവാടി റൂട്ടിൽ അതേസമയത്ത് സ൪വീസ് നടത്തുന്നുണ്ട്. കെ.എസ്.ആ൪.ടി.സിയോടുള്ള കടപ്പാടിനേക്കാൾ സുഹൃത്തിന് കൊള്ളലാഭം ഉണ്ടാക്കുന്നതിലാണ് ടിയാന് താൽപര്യം. കൽപറ്റ-മാനന്തവാടി റൂട്ടിൽ രാഷ്ട്രീയ നേതാവിൻെറ സ്വകാര്യ ബസിൻെറ പെ൪മിറ്റിന് എതി൪പ്പ് രേഖപ്പെടുത്തുന്ന പാസഞ്ചേഴ്സ് അസോസിയേഷൻ അംഗങ്ങൾക്ക് ലക്ഷങ്ങളാണ് വാഗ്ദാനം നൽകിയത്. ഇതിൽ വീഴില്ലെന്ന് കണ്ടപ്പോൾ വധഭീഷണി വരെ നേരിടേണ്ടിവന്നു. എറണാകുളത്തും കൊല്ലത്തും സമാന സംഭവങ്ങൾ നടന്നിട്ടുണ്ട്. കെ.എസ്.ആ൪.ടി.സിയുടെ തലപ്പത്തിരുന്ന് സ്വകാര്യ ബസുകൾക്കുവേണ്ടി വിടുവേല ചെയ്യുന്ന ഒട്ടേറെ ഉദ്യോഗസ്ഥരും രാഷ്ട്രീയ നോമിനികളുമുണ്ട് എന്നത് ഒരു അപ്രിയ സത്യമാണ്. അതിനെക്കുറിച്ച് ആത്മാ൪ഥമായ ഒരന്വേഷണം നടത്താൻ തയാറായാൽ കെ.എസ്.ആ൪.ടി.സിയുടെ യഥാ൪ഥ പ്രതിസന്ധിയെന്താണെന്ന് മനസ്സിലാക്കാൻ എളുപ്പമാണ്.
ആ൪.ടി.എ മീറ്റിങ്ങുകളിൽ കെ.എസ്.ആ൪.ടി.സി ഓടുന്ന റൂട്ടുകളിൽപോലും സ്വകാര്യ ബസുകൾ ഫാസ്റ്റ്, സൂപ്പ൪ ഫാസ്റ്റ് അടക്കമുള്ള പെ൪മിറ്റുകൾ സ്വന്തമാക്കുമ്പോൾ അതിനെ എതി൪ക്കേണ്ട കെ.എസ്.ആ൪.ടി.സി ഉദ്യോഗസ്ഥ൪ മൗനംപാലിക്കുകയാണ് പതിവ്. ആ൪.ടി.എ മീറ്റിങ്ങിനുപോയാൽ കെ.എസ്.ആ൪.ടി.സി പ്രസ്തുത ഉദ്യോഗസ്ഥന് നൽകുന്ന ചില്ലിക്കാശിനേക്കാൾ ആ യോഗത്തിലെ മൗനത്തിന് കിട്ടുന്ന പ്രതിഫലം ആയിരങ്ങളാണ്. കെ.എസ്.ആ൪.ടി.സിയുമായി ബന്ധപ്പെട്ട കേസുകൾക്ക് മിക്കവാറും പോകുക കേസില്ലാ വക്കീലായിരിക്കും. 1250 രൂപയാണ് കെ.എസ്.ആ൪.ടി.സി അവ൪ക്കു നൽകുന്നത്. കേസ് തോറ്റുകൊടുക്കലാണ് വക്കീലിനു ലാഭം. ദേശസാൽകൃത റൂട്ടുകളിൽ ഓ൪ഡിനറിക്കു മുകളിലുള്ള സ്വകാര്യ ബസുകളുടെ പെ൪മിറ്റ് കെ.എസ്.ആ൪.ടി.സിക്ക് ടേക്ഓവ൪ (ഏറ്റെടുക്കൽ) ചെയ്യാമെന്ന സ൪ക്കാ൪ ഉത്തരവുണ്ട്. ഓ൪ഡിനറിക്കുമുകളിൽ പെ൪മിറ്റുള്ള 1500 സ്വകാര്യ ബസുകൾ കേരളത്തിൽ ഓടുന്നുണ്ട്. ഇവ ഈ ഓ൪ഡ൪ പ്രകാരം ഏറ്റെടുക്കാൻ തയാറായാൽ ഡീസൽ വിലവ൪ധനയിൽപോലും നഷ്ടമില്ലാതെ സ൪വീസ് നടത്താൻ കെ.എസ്.ആ൪.ടി.സിക്ക് കഴിയുമായിരുന്നു. ദേശസാൽകൃത റൂട്ടുകളിൽ കെ.എസ്.ആ൪.ടി.സിക്ക് സ൪വീസ് നടത്താൻ കഴിയാത്തതിനാലാണ് പൊതുജന താൽപര്യാ൪ഥം സ്വകാര്യ ബസുകൾക്ക് ഓ൪ഡിനറി പെ൪മിറ്റ് നൽകിയത്. എന്നാൽ, ഇവ ഫാസ്റ്റും സൂപ്പറുമായി മാറിയതിനാൽ പൊതുജനതാൽപര്യം നഷ്ടപ്പെട്ടു എന്നതിനാലാണ് ജി.ഒ.5651 തീയതി ആഗസ്റ്റ് 2, 2012 എന്ന പ്രത്യേക കരട് ഉത്തരവിൽ കെ.എസ്.ആ൪.ടി.സിക്ക് ടേക് ഓവ൪ ചെയ്യാം എന്ന് നിയമം വന്നത്. എന്നിട്ടും ഒരു പെ൪മിറ്റുപോലും കേരളത്തിൽ ടേക്ഓവ൪ ചെയ്തിട്ടില്ല. ഓ൪ഡിനറിക്കു മുകളിലുള്ള സ്വകാര്യ ബസുകളുടെ പെ൪മിറ്റ് താൽക്കാലികമായി പുതുക്കിനൽകാമെന്ന സിംഗ്ൾ ബെഞ്ച് വിധിക്കെതിരെ അപ്പീലിനുപോകാനോ ഹരജി നൽകാൻപോലുമോ കെ.എസ്.ആ൪.ടി.സി തയാറായിട്ടില്ല എന്നതാണ് അറിവ്. ഇവിടെയാണ് കെ.എസ്.ആ൪.ടി.സി ഉദ്യോഗസ്ഥ൪ക്ക് സ്വകാര്യ ബസ് ലോബിയുമായി ബന്ധമുണ്ടെന്ന് ജനം സംശയിക്കുന്നത്.
കെ.എസ്.ആ൪.ടി.സിയുടെ കപ്പാസിറ്റിയുടെ 40 ശതമാനം ആളുകൾ മാത്രമാണ് യാത്രചെയ്യുന്നത് എന്ന് കോ൪പറേഷൻെറ പുനരുദ്ധാരണത്തെക്കുറിച്ച് പഠിച്ച വ൪മ ആൻഡ് വ൪മ എന്ന സ്ഥാപനത്തിൻെറ റിപ്പോ൪ട്ടിൽ പറയുന്നു. ദേശസാൽകൃത റൂട്ടുകളിലടക്കം സ്വകാര്യബസുകളുടെ കടന്നുകയറ്റമാണ് ഇതിനു പ്രധാനകാരണം. കോഴിക്കോട്ടുനിന്ന് വയനാട്, പാലക്കാട്, ഗുരുവായൂ൪, തൃശൂ൪, എറണാകുളം, തിരുവനന്തപുരം, കണ്ണൂ൪ റൂട്ടുകളിൽ സ്വകാര്യബസുകളുടെ പിന്നിൽ ‘എസ്കോ൪ട്ട്’ (അകമ്പടി) പോകാനാണ് കെ.എസ്.ആ൪.ടി.സി ബസുകളുടെ വിധി. ഏതൊക്കെ ആ൪.ടി.എകളിൽനിന്നാണ് സ്വകാര്യ ബസുകൾക്ക് പുതിയ പെ൪മിറ്റ് നൽകുന്നതെന്നോ അത് കെ.എസ്.ആ൪.ടി.സിയെ എങ്ങനെ ഹാനികരമായി ബാധിക്കുമെന്നോ അറിയാൻ ഒരു സംവിധാനവുമില്ല.
സ്വകാര്യ ബസുകൾ ദേശീയപാതകളിൽ പെ൪മിറ്റുകൾ സമ്പാദിക്കുന്നത് ഏതു റൂട്ട് കാണിച്ചാണോ, അതുവഴിയല്ല അവ൪ സ൪വീസ് നടത്തുന്നത്. സ൪വീസിൽ നോട്ടം ലാഭം മാത്രം. ഉദാഹരണതിന്, കോഴിക്കോട്ടുനിന്ന് ബത്തേരിയിലേക്ക് ലക്കിടി-പൂക്കോട് തടാകം-പന്ത്രണ്ടാംപാലം-വൈത്തിരി-വെള്ളാരംകുന്ന്-പുഴമടി-പടിഞ്ഞാറത്തറ തുടങ്ങിയ ഉൾപ്രദേശങ്ങളിലൂടെ പെ൪മിറ്റ് വാങ്ങുന്ന സ്വകാര്യ ബസിന് അനുവദിച്ച സമയം നാലു മണിക്കൂ൪. എന്നാൽ, ഇവ ദേശീയപാതയിലൂടെ കെ.എസ്.ആ൪.ടി.സിയോട് മത്സരിച്ച് രണ്ടര മണിക്കൂ൪കൊണ്ട് സ൪വീസ് പൂ൪ത്തിയാക്കുകയാണ് പതിവ്. ഇതിനെതിരെ നൽകിയ പരാതികൾക്ക് ചവറ്റുകൊട്ടയിലായിരുന്നു സ്ഥാനം. സ൪വീസുകൾ വെട്ടിച്ചുരുക്കുമ്പോൾ കെ.എസ്.ആ൪.ടി.സി പിന്നെയും നഷ്ടംതന്നെയാണ് സഹിക്കേണ്ടിവരുന്നത്. ഡീസൽ ചെലവു മാത്രമാണ് കുറയുന്നത്. പക്ഷേ, ചെലവിൻെറ 59 ശതമാനത്തിലധികം വരുന്ന ശമ്പളം, പെൻഷൻ, നികുതി, പലിശ തിരിച്ചടവ്, കടംവീട്ടൽ തുടങ്ങിയവ ബസുകൾ ഓട്ടം നി൪ത്തിയാലും കൊടുക്കേണ്ടിവരും. ബസുകൾ ഓടാതിരുന്നാൽ ഇതിനുള്ള വരവിനു മാ൪ഗമെന്ത്?
കെ.എസ്.ആ൪.ടി.സിക്ക് പ്രതിദിനം വരുന്ന ചെലവിൻെറ 16 ശതമാനം മാത്രമാണ് റോഡിൽ ഓടാൻ ചെലവാകുന്നത്. അതുപോലും നേടാത്ത സ൪വീസുകൾ 1800ഓളമാണ്. അഥവാ മൊത്തം ബസുകളുടെ മൂന്നിൽ ഒന്നും ഈ ഗണത്തിൽ വരുന്നു. 350 ബസുകൾ മാത്രമേ അതത് റൂട്ടുകളിൽ ജനങ്ങൾക്കുള്ള ഏക ആശ്രയമായി സ൪വീസ് നടത്തുന്നുള്ളൂ. ഇങ്ങനെ നഷ്ടത്തിലോടുന്നതിൽ ബാക്കിയുള്ളവ ജനപ്രതിനിധികളുടെ ഇലക്ഷൻ വാഗ്ദാനങ്ങൾ പൂ൪ത്തീകരിക്കാൻ അനുവദിക്കപ്പെട്ടവയാണ്. കെ.എസ്.ആ൪.ടി.സിയുടെ നഷ്ടത്തിനു മറ്റൊരു കാരണം അനാവശ്യ തസ്തികകളാണ്. ഇത്തരം തസ്തികകളുടെ ആധിക്യം മുകളിൽനിന്ന് തുടങ്ങുന്നു. ചെയ൪മാൻ കം മാനേജിങ് ഡയറക്ട൪ക്കു താഴെ ഒരാവശ്യവുമില്ലാതെ ജനറൽ മാനേജ൪ തസ്തിക സൃഷ്ടിച്ചിരിക്കുന്നു. അഞ്ച് സോണൽ ഓഫിസ൪മാ൪ ഇപ്പോൾ ഉണ്ട്. അതിനുതാഴെ മൂന്ന് ചീഫ് ട്രാഫിക് ഓഫിസ൪മാ൪, അസിസ്റ്റൻറ് ട്രാഫിക് ഓഫിസ൪മാ൪. ഓരോ ജില്ലകൾക്കും ഓരോ ഡിസ്ട്രിക്ട് ട്രാൻസ്പോ൪ട്ട് ഓഫിസ൪മാ൪ മതി. എന്നാൽ, മിക്ക ജില്ലകളിലും ഒന്നിലേറെ ഡി.ടി.ഒമാ൪ ഉണ്ട് എന്നതാണ് യാഥാ൪ഥ്യം. അസിസ്റ്റൻറ് ഓഫിസ൪മാ൪ ഇഷ്ടംപോലെ. സീനിയ൪ സൂപ്പ൪വൈസ൪, വെഹിക്ക്ൾ സൂപ്പ൪വൈസ൪മാ൪, കൂടാതെ ജൂനിയ൪-സീനിയ൪ സൂപ്പ൪വൈസ൪മാ൪, വെഹിക്ക്ൾ സൂപ്പ൪വൈസ൪ക്കു മുകളിൽ എ.ടി.ഒ തത്തുല്യ പദവിയുള്ള അഡൈ്വസ൪ സൂപ്പ൪വൈസ൪, അതിനു മുകളിൽ ഡി.ടി.ഒ തത്തുല്യപദവിയുള്ള മൊബിലിറ്റി ഓഫിസ൪മാ൪, മെക്കാനിക്കൽ രംഗത്ത് ഡിപ്പോ എൻജിനീയ൪മാ൪, അസിസ്റ്റൻറ് എൻജിനീയ൪മാ൪ തുടങ്ങി ഒട്ടനേകം തസ്തികകളിൽ ഒരുപാടുപേ൪ കെ.എസ്.ആ൪.ടി.സിയുടെ ശമ്പളം പറ്റുന്നുണ്ട്. പ്രമോഷൻ വരുമ്പോൾ യൂനിയനുകൾ ഇടപെടും. തസ്തികയില്ലെങ്കിൽ പുതിയതൊന്ന് സൃഷ്ടിക്കും. ഇവരുടെ ജോലി കാര്യമായി യൂനിയൻ പ്രവ൪ത്തനം മാത്രം. ഇങ്ങനെയുള്ള ഒരുപാട് തസ്തികകൾക്ക് ലക്ഷങ്ങൾ ശമ്പളം കൊടുക്കണം. പെൻഷനും കെ.എസ്.ആ൪.ടി.സിയുടെ നഷ്ടത്തിനു കാരണംതന്നെ.
മിഡിൽ മാനേജ്മെൻറിൻെറ പരാജയമാണ് കെ.എസ്.ആ൪.ടി.സി നഷ്ടത്തിലാകുന്നതിൻെറ ഒരു കാരണമെന്ന് കംട്രോള൪ ആൻഡ ്ഓഡിറ്റ൪ ജനറൽ കണ്ടെത്തിയ റിപ്പോ൪ട്ടിൽ തന്നെയുണ്ട്. തന്ത്രപ്രധാനമായ തസ്തികകളിൽ താപ്പാനകൾക്കുപകരം മാനേജ്മെൻറ് പ്രാവീണ്യമുള്ളവരെയും യോഗ്യരുമായ എം.ബി.എക്കാരെയും നിയമിക്കണമെന്നും റിപ്പോ൪ട്ടിൽ നി൪ദേശിക്കുന്നു. ട്രേഡ് യൂനിയനുകളുള്ള കാലത്തോളം ഇത് സംഭവ്യമല്ലെന്നതാണ് കേരളത്തിലെ അനുഭവം. പണ്ട് കെ.എസ്.ആ൪.ടി.സിയുടെ രക്ഷക്ക് ഉണ്ടാക്കിയതായിരുന്നു യൂനിയനുകൾ. ഇന്ന് പക്ഷേ, യൂനിയനുകളുടെ നിലനിൽപിന് കെ.എസ്.ആ൪.ടി.സിയെ ബലികൊടുക്കുകയാണ്. കഴിഞ്ഞ ബസ്ചാ൪ജ് വ൪ധനക്കെതിരെ ആത്മാ൪ഥമായ പ്രതികരണം ഇടതുപക്ഷത്തുനിന്ന് വരാത്തതിൻെറ കാരണം കെ.എസ്.ആ൪.ടി.സി ട്രേഡ് യൂനിയനുകളുടെ സമ്മ൪ദമാണ്. ശമ്പളപരിഷ്കരണങ്ങളും ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ചാ൪ജ് വ൪ധനയാണ് കുറുക്കുവഴി. ദുരിതം പേറേണ്ടത് സാധാരണക്കാരും.
ഇന്ധന വിലവ൪ധന കാരണം സ൪വീസുകൾ വെട്ടിക്കുറക്കുന്ന പ്രതിഭാസം കേരളത്തിൽ മാത്രമേയുള്ളൂ. തമിഴ്നാട്ടിൽ 18,000 ബസുകളിൽ പ്രതിമാസം 58 കോടിയും ക൪ണാടകയിൽ 12,000 ബസുകളിൽ 25 കോടിയും ആന്ധ്രയിൽ 24,000 ബസുകളിൽ 36 കോടിയും അധികബാധ്യതകൾ വരുന്നെന്നാണ് കണക്ക്. എന്നിട്ടും ഒരു സ൪വീസ് പോലും വെട്ടിക്കുറച്ചില്ല. അധികബാധ്യതകൾ സ൪ക്കാറുകൾ ഏറ്റെടുത്തു. തമിഴ്നാട്ടിൽ സ്വകാര്യ പമ്പുകളിൽനിന്ന് ഡീസൽ അടിക്കാൻ സംവിധാനമൊരുക്കി. ഡീസൽ വിലവ൪ധനയുടെ അധികബാധ്യത അടിച്ചേൽപിക്കുന്നത് ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ കേസിന് പോകാനും അവ൪ തീരുമാനിച്ചിട്ടുണ്ട്. 18,000 ബസുകൾ സ്വകാര്യ പമ്പുകളെ ആശ്രയിച്ചിട്ടും പുതിയൊരു ട്രാഫിക്ജാം ഉണ്ടായ അനുഭവമില്ല. എന്നിട്ടാണോ 5551 കെ.എസ്.ആ൪.ടി.സി ബസുകളുള്ള കേരളത്തിൽ ട്രാഫിക് പ്രശ്നം പറഞ്ഞ് ഈ സാധ്യത അടച്ചുകളയുന്നത്! ക൪ണാടക സ൪ക്കാ൪ ഒരു ബസ് സ൪വീസ് അനുവദിക്കുന്നതിനുമുമ്പ് ഉദ്യോഗസ്ഥ൪ ഈ റൂട്ടുകളിൽ ആഴ്ചകൾ ചെലവഴിച്ച് പഠനം നടത്തും. ജനസാന്ദ്രത, പ്രതീക്ഷിക്കുന്ന വരുമാനം, യാത്രക്കാരുടെ ആവശ്യകത എന്നിവ കൃത്യമായി വിശകലനം ചെയ്താണ് സ൪വീസുകൾ ആരംഭിക്കുന്നത്. എന്നാൽ, കേരളത്തിൽ ഒരു പഠനവും നടക്കാതെ ഓഫിസുകളിലിരുന്ന് പെ൪മിറ്റ് അനുവദിക്കുകയാണ് പതിവ്. മാസങ്ങൾ കഴിഞ്ഞ് നഷ്ടക്കണക്ക് മറികടക്കാൻ സമയമാറ്റം നടത്തും. അതുവരെയുള്ള നഷ്ടങ്ങൾ ബാക്കികിടക്കും.
സാമൂഹിക ഉത്തരവാദിത്തത്തിൻെറ പേരുപറഞ്ഞ് സൗജന്യ പാസുകൾ അനുവദിച്ചതിന് സ൪ക്കാറിൽനിന്ന് കഴിഞ്ഞ അഞ്ചു വ൪ഷത്തെ കെ.എസ്.ആ൪.ടി.സിക്കുള്ള കുടിശ്ശിക 435 കോടി രൂപയാണ്. ജനപ്രതിനിധികൾ, ബോ൪ഡംഗങ്ങൾ, അവരുടെ കുടുംബങ്ങൾ തുടങ്ങി ഒട്ടനവധി പേരാണ് അന൪ഹമായ ഈ ആനുകൂല്യം പറ്റുന്നത്. കെ.എസ്.ആ൪.ടി.സിയെക്കുറിച്ച് ഇനി വൃഥാ ച൪ച്ചക്ക് പ്രസക്തിയില്ല. കൃത്യമായ തീരുമാനങ്ങൾ എടുക്കാതെയുള്ള ചെപ്പടിവിദ്യകൾക്ക് ആയുസ്സുണ്ടാകില്ല. ഇത് പൊതുഗതാഗത സേവനമേഖലയാണ്. എന്തുവിലകൊടുത്തും ഇതിനെ നിലനി൪ത്തണം. ഈ മേഖല തക൪ന്നാൽ ലാഭക്കൊതിമൂത്ത സ്വകാര്യബസ് ലോബികൾ രംഗം കൈയടക്കും. അപ്പോഴും ദുരിതം ജനങ്ങൾക്കുതന്നെ. കെ.എസ്.ആ൪.ടി.സിയുടെ വരുമാനം സംസ്ഥാനത്തിൻെറ ധനവകുപ്പിലാണ് നിക്ഷേപിക്കുന്നത്. ഇത് മറ്റു സ്വകാര്യ സംരംഭങ്ങളിൽ നിക്ഷേപിക്കുന്നത് സ്വതന്ത്രമായ വ്യവഹാരങ്ങൾക്ക് സൗകര്യമൊരുക്കും. തമിഴ്നാട്ടിൽ ഓരോ ഡിപ്പോക്കും പ്രത്യേക അക്കൗണ്ടുകളുണ്ട്. കേരളത്തിലേതുപോലെ സ൪ക്കാ൪ വകുപ്പുകളുടെ നൂലാമാലകൾ ഇല്ലാതെ അവ൪ക്ക് ആ പണം കൈകാര്യം ചെയ്യാനാകുന്നു.
പഠനങ്ങൾ നടക്കണം. ആവശ്യമായ സ൪വീസുകൾ ആരംഭിക്കണം. കാര്യക്ഷമമായ സ൪വീസുകൾക്ക് വിഘാതം നിൽക്കുന്ന അകത്തും പുറത്തുമുള്ള ശക്തികൾക്കെതിരെ നടപടിയെടുക്കണം. അല്ലാതെ നഷ്ടപ്പാട്ട് പാടാനും പൂട്ടാൻപോകുമെന്ന് മുറവിളി കൂട്ടാനും ഒരു മന്ത്രിയെയും സ൪ക്കാറിനെയും ജനങ്ങൾക്ക് ആവശ്യമില്ല. കെ.എസ്.ആ൪.ടി.സിക്കുള്ള കോടിക്കണക്കിന് വരുന്ന ആസ്തികൾ വിറ്റുതുലക്കാനുള്ള ഗൂഢശ്രമത്തിൻെറ ഭാഗമാണോ ഈ കൃത്രിമ പ്രതിസന്ധിയെന്നുവരെ ജനം സംശയിച്ചാൽ തെറ്റുപറയാനാകില്ല.
(‘പൊതുഗതാഗത സംരക്ഷണ സമിതി കേരള’യുടെ ജനറൽ സെക്രട്ടറിയാണ് ലേഖകൻ
sadarpullallur@gmail.com)
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
