സ്റ്റേഷനിലെ ജീപ്പാണ് പന്തളം പൊലീസിനെ‘കറക്കുന്നത്’
text_fieldsപന്തളം: ഇൻറലിജൻസ് രേഖകളിൽ സെൻസിറ്റീവ് എന്ന ഗണത്തിൽപ്പെടുമെങ്കിലും പ്രതിയെ പിടിക്കാൻ ഓട്ടോ പിടിച്ചു പോകേണ്ട ഗതികേടിലാണ് പന്തളം പൊലീസ്. സ്റ്റേഷനിലെ ജീപ്പിലാണ് യാത്രയെങ്കിൽ തിരിച്ചുവരാനാകുമോ എന്ന ആശങ്കയാണ് സേനാംഗങ്ങളെ ഭയപ്പെടുത്തുന്നത്. കണ്ടംചെയ്യേണ്ട സ്ഥിതിയിലായ ജീപ്പിൽ ജീവൻ പണയം വെച്ചാണ് പൊലീസിൻെറ യാത്ര.
കൂനിൻമേൽ കുരു പോലെ ഈ വാഹനം വ്യാഴാഴ്ച അപകടത്തിലും പെട്ടു. മുൻഭാഗത്തെ ആക്സിൽ ഒടിഞ്ഞായിരുന്നു അപകടം. പിന്നിലെ ആക്സിൽ ഒടിഞ്ഞ് അപകടമുണ്ടായത് അഞ്ചു മാസം മുമ്പ് എം സി റോഡിലായിരുന്നു. നരിയാപുരത്തെ അപകടത്തിൽ എസ്. ഐ അടക്കമുള്ള പൊലീസ് സേന രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പോപ്പുല൪ ഫ്രണ്ട്-സംഘ്പരിവാ൪ സംഘടനകൾ തമ്മിൽ സംഘ൪ഷം ഉടലെടുത്ത ആഗസ്റ്റ് ആദ്യത്തോടെ പന്തളം സ്റ്റേഷന് കിട്ടിയ ജീപ്പാണ് വ്യാഴാഴ്ച അപകടത്തിൽ പെട്ടത്. ആക്രിക്ക് തുല്യമായ സ്ഥിതിയിലാണ് ജീപ്പ് പന്തളത്തെത്തിച്ചത്. കോന്നി സ്റ്റേഷനിലേക്ക് പുതിയ ബൊലീറോ ജീപ്പ് അനുവദിച്ചപ്പോൾ അവിടെ സെക്കൻഡായി ഉപയോഗിച്ചു പഴകിയ ജീപ്പാണ് സംഘ൪ഷാവസ്ഥ നിയന്ത്രിക്കാൻ അധികൃത൪ പന്തളത്തേക്ക് വിട്ടു നൽകിയത്. ജീപ്പിൻെറ മുന്നിലെ ചില്ല് പോലും സുതാര്യമല്ല. ഹെഡ് ലൈറ്റിന് ചുറ്റും പരിക്കാണ്. പിൻ ദൃശ്യം കാണാനുള്ള മിറ൪ ജീപ്പിന് ഇല്ലെന്നു തന്നെ പറയാം.
മുന്നിലെയും പിന്നിലെയും സീറ്റുകൾ ഘടിപ്പിച്ചിരിക്കുന്ന കമ്പികൾ ദ്രവിച്ച് ഒടിയാറായ നിലയിലുമാണ്. ആറ് മാസത്തിനുള്ളിൽ മുന്നിലെയും പിന്നിലെയും ആക്സിൽ ഒടിഞ്ഞു. ജീപ്പിൻെറ സ്ഥിതി ഇതാണെങ്കിലും ഓട്ടം ഒഴിഞ്ഞ നേരമില്ല. നവീകരണം പൂ൪ത്തിയായ ശേഷം മന്ത്രിമാരുടെ ഇഷ്ടപാതയാണ് എം. സി റോഡ്. ദിനം പ്രതി കുറഞ്ഞത് 10 എസ്കോ൪ട്ട് ഡ്യൂട്ടിയെങ്കിലും ഈ വാഹനത്തിലാണ് നടത്തുന്നത്. എം. സി റോഡ് അപകട പാതയെന്ന് ദുഷ്പേര് കേട്ടെങ്കിലും ജീവൻ പണയം വെച്ച് മന്ത്രിമാ൪ക്ക് അകമ്പടി പോകാനാണ് പന്തളത്തെ പൊലീസുകാരുടെ വിധി. ജീപ്പ് സ്റ്റേഷനിലെത്തിച്ച ആദ്യ ആഴ്ചക്കുള്ളിൽ തന്നെയാണ് പിന്നിലെ ആക്സിൽ ഒടിഞ്ഞത്. അരലക്ഷത്തോളം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയെങ്കിലും റോഡിൽ ഓടാനുള്ള കുറഞ്ഞ ക്ഷമത പോലും ജീപ്പിനില്ലെന്നും പൊലീസുകാ൪ പറയുന്നു.
പമ്പ സ്റ്റേഷനിൽ ഓടി പഴകിയ ജീപ്പാണ് മുമ്പുണ്ടായിരുന്നത്. കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിനു ശേഷം വടശേരിക്കരയിലെ വ൪ക്ഷോപ്പിലായിരുന്ന ജീപ്പ്, അവിടെ നിന്നാണ് പന്തളത്തേക്ക് കൊണ്ടുവന്നത്. ജീപ്പ് കൊണ്ടുവന്ന 2006 മുതൽ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല.
സംഘ൪ഷാവസ്ഥ പരിഹരിക്കാൻ പ്രത്യേകം നിയോഗിക്കപ്പെട്ട സി. ഐ ആ൪. ജയരാജ്, എസ്. ഐ അലക്സാണ്ട൪ തങ്കച്ചൻ എന്നിവ൪ നി൪ബന്ധപൂ൪വം ആവശ്യപ്പെട്ടതിനെ തുട൪ന്നാണ് ഇപ്പോഴത്തെ ജീപ്പ് വിട്ടുനൽകിയത്. ഓട്ടമൊഴിയുന്ന നേരമത്രയും ഈ വാഹനവും മാറി മാറി വ൪ക്ഷോപ്പുകളിലാണ്. വകുപ്പിന് ലഭിക്കുന്ന പുതിയ വാഹനങ്ങൾ ഓഫിസ൪മാ൪ കൈയടക്കുന്നതുമൂലമാണ് സ്റ്റേഷനുകളിലേക്ക് പഴയ വാഹനങ്ങൾ നൽകുന്നതെന്നാണ് പറയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
