Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആരണ്‍, താങ്കളുടെ...

ആരണ്‍, താങ്കളുടെ ജീവബലി സ്വാതന്ത്ര്യത്തിന് ഉയിരേകും

text_fields
bookmark_border
ആരണ്‍, താങ്കളുടെ ജീവബലി സ്വാതന്ത്ര്യത്തിന് ഉയിരേകും
cancel

‘‘ആരൺ വിട പറഞ്ഞു; വെബ്ബിൽ ഉലകം ചുറ്റുന്നവരേ, നമുക്ക് ഒരു വിവേകശാലിയെ നഷ്ടപ്പെട്ടിരിക്കുന്നു. സത്യമറിയാൻ ഹാക്ക് ചെയ്യുന്നവരേ, ഈ വിയോഗം നമ്മെയൊന്നടങ്കം ദു:ഖാകുലരാക്കുന്നു. ലോകത്തെ എല്ലായിടത്തുമുള്ള രക്ഷിതാക്കളേ, നമുക്ക് നിഷ്കളങ്കനായ ഒരു കുഞ്ഞിനെ നഷ്ടമായിരിക്കുന്നു.’’
വേൾഡ് വൈസ് വെബ്ബിൻെറ ഉപജ്ഞാതാവ് ടിം ബേണേഴ്സിൻ ആരൺ സ്വാ൪ട്സിന്റെഅകാലമൃത്യു സൃഷ്ടിച്ച പ്രതികരണത്തിൻെറ ആഴം പ്രതിഫലിപ്പിക്കുന്നുണ്ട് ഈ വാക്കുകൾ. ബേണേഴ്സ് ട്വിറ്ററിൽ കുറിച്ച ഈ വിയോഗ വ്യഥ മറ്റ് ചില സൂചനകൾ കൂടി നൽകുന്നു. സൈബ൪ സ്പേസിലെ സമരോത്സുക സാന്നിധ്യമായിരുന്ന ആരണെ വരുംകാല ചരിത്രം എങ്ങനെയായിരിക്കും രേഖപ്പെടുത്തുക, വിവരങ്ങളുടെ ദ്വാരപാലക൪ എങ്ങനെയാകും അവനെ വിലയിരുത്തുക, വിവരങ്ങളുടെ സ്വതന്ത്ര പ്രവാഹത്തെ ചിറകെട്ടി എത്രകാലം തടഞ്ഞു നി൪ത്താൻ സാധിക്കും തുടങ്ങിയ ചിന്തകളിലേക്കു കൂടി ഈ സന്ദേശം നമ്മെ തള്ളിവീഴ്ത്തുന്നു.

ഇതര വെബ്സൈറ്റുകളിലെ അപ്ഡേഷൻ വിവരങ്ങൾ അനായാസം ലഭ്യമാക്കുന്ന ആ൪.എസ്.എസ് (റിപ് സൈറ്റ് സമ്മറി) എന്ന സംവിധാനം സ്വന്തമായി ആവിഷ്കരിക്കുമ്പോൾ ആരൺ 14 വയസ്സു മാത്രമുള്ള കൊച്ചു പയ്യനായിരുന്നു. കമ്പ്യൂട്ടറിലെ വിവര ശേഖരണ രീതികളെ വിപ്ളവത്കരിക്കുന്ന കണ്ടുപിടിത്തമായിരുന്നു അത്.
നിയമ നിയന്ത്രണങ്ങൾ ബാധിക്കാതെ അനായാസം വിവരങ്ങൾ ഷെയ൪ ചെയ്യാൻ സഹായിക്കുന്ന Creative Commonslicences ൻെറ സഹ ആവിഷ്ക൪ത്താവും ആരണായിരുന്നു. Reddit എന്ന വിജ്ഞാന വിനോദ സൈറ്റ് ആവിഷ്കരിച്ച ആരൺ ഏവ൪ക്കും സ്വന്തമായി വിവരങ്ങൾ പോസ്റ്റ് ചെയ്യാൻ സൗകര്യമുള്ള രീതിയിലാണ് സൈറ്റ് സജ്ജീകരിച്ചത്. അതിനിടെ അവൻ സ്റ്റാൻഫോ൪ഡ് സ൪വകലാശാല വിട്ടു, പാതിവഴിയിൽ പഠനം ഉപേക്ഷിച്ച് ലോകത്തെ ഏതു കോണിലും പ്രസിദ്ധീകരിക്കുന്ന പുസ്തകത്തെ സംബന്ധിച്ച ഹ്രസ്വ വിവരങ്ങൾ ലഭ്യമാക്കുന്ന Openlibrary.org ഉം ഈ സൈബ൪ ആക്ടിവിസ്റ്റിൻെറ സംഭാവനയായിരുന്നു.
ഫേസ്ബുക് ഉപജ്ഞാതാവ് മാ൪ക്ക് സുക്ക൪ബ൪ഗ്, ആപ്പിൾ ഉപജ്ഞാതാവ് സ്റ്റീവ് ജോബ് എന്നിവ൪ക്ക് സമശീ൪ഷനായാകും ആരണെ ചരിത്രം സ്ഥാനപ്പെടുത്തുക. മേൽപറഞ്ഞ ഇരുവരിൽ നിന്നും വ്യത്യസ്തമായി സ്വതന്ത്ര സമൂഹം പുലരണമെന്ന പ്രത്യയ ശാസ്ത്ര നിലപാട് കൂടി ഉയ൪ത്തിപ്പിടിച്ചു എന്നത് ആരണെ കൂടുതൽ ശ്രേഷ്ഠനാക്കുന്നു. ഏത് വ്യക്തിക്കും വിവരസാങ്കേതിക വിദ്യാലോകത്ത് പ്രവേശനം ലഭിക്കണം, ഏത് വ്യക്തിക്കുംഅവിടെ സ്വയം ആശയം പ്രകാശിപ്പിക്കാൻ ഇടം വേണം എന്ന വാദം അവൻ സദാ മുന്നോട്ടുവെക്കുകയുണ്ടായി. ഈ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള അക്ഷീണ പരിശ്രമങ്ങൾക്കിടെ അവന് നിരവധി നഷ്ടങ്ങൾ സംഭവിച്ചു. വിവരം നിയന്ത്രിക്കുന്ന പ്രൊട്ടക്ട് ഐ.പി ആക്ട് (പി.ഐ.പി.എ) സ്റ്റോപ്പ് ഓൺലൈൻ പൈറസി ആക്ട് (എസ്.ഒ.പി.എ) തുടങ്ങിയ കരിനിയമങ്ങൾക്കെതിരെ ആരൺ യുദ്ധം പ്രഖ്യാപിച്ചു. കടുത്ത പോരാട്ട കാമ്പയിനുകളിൽ മുഴുകി. 48 ലക്ഷം ലേഖനങ്ങളും കുറിപ്പുകളും ഹാക് ചെയ്ത് ചോ൪ത്തിയെടുത്തെന്ന കുറ്റം ചുമത്തി എം.ഐ.ടി കാമ്പസിൽ വെച്ച് യു.എസ് നിയമപാലക൪ ആരണിനെ അറസ്റ്റ് ചെയ്തു. ഇതോടെ ആരംഭിച്ച വേട്ട, നമുക്ക് നിതാന്ത ശോകം സമ്മാനിക്കുന്ന അവൻെറ അകാല മരണത്തിലാണ് കലാശിച്ചത്.

‘‘വാദികൾ കേസ് ഉപേക്ഷിച്ചിട്ടും മോഷണം മോഷണം തന്നെ യു.എസ് അറ്റോ൪ണി ജനറലിൻെറ പരിഹാസം അവൻെറ ഹൃദയത്തെ മുറിപ്പെടുത്തി. സമൂഹത്തിലെ ഓരോ അംഗത്തിനും സൗജന്യമായി നൽകാൻ വേണ്ടി ആയിരുന്നു ഹിരണ്യപാത്രത്താൽ മൂടിയിരുന്ന വിവരങ്ങൾ അവൻ ‘മോഷ്ടി’ച്ചിരുന്നത്. ജനുവരി 11ന് കയറിൽ ജീവിതം അവസാനിപ്പിച്ച ആരണിൻെറ ജീവബലി ജനതകൾക്ക് വേണ്ടിയായിരുന്നു. കൂട്ടായ്മാ ബന്ധങ്ങൾക്കും (Connectivity) സ്വതന്ത്ര വിവര പ്രവാഹത്തിനും വേണ്ടിയുള്ള പോരാട്ട ഭൂമിയിൽ തൻെറ അപൂ൪വ സിദ്ധികൾ അവൻ ഹോമിച്ചു.
അറിവുകൾക്കും വിജ്ഞാന വ്യാപനത്തിനുമെതിരെ അധികാരം വാൾ വീശിയതിൻെറ പരിണതിയായിരുന്നു ആരണിൻെറ ജീവബലി. ‘‘ആവിഷ്കാര സ്വാതന്ത്ര്യം എല്ലാ യുഗങ്ങളിലും ഭീഷണികൾ അഭിമുഖീകരിക്കുന്നുണ്ട്. ഗുട്ടൻബ൪ഗിൻെറ അച്ചടിയന്ത്ര കണ്ടുപിടിത്തത്തിനു ശേഷം ഏറ്റവും വലിയ ആവിഷ്കാര സ്വാതന്ത്ര്യാവസരമാണ് ഡിജിറ്റൽ യുഗം തുറന്നിട്ടിരിക്കുന്നത്’’ ഓക്സ്ഫഡിലെ ചരിത്രകാരനായ തിമോത്തി ഗാ൪ട്ടൻെറ ഈ നിരീക്ഷണം നമ്മുടെ ശ്രദ്ധ കവരുന്നു. എന്നാൽ, വലിയ അവസരങ്ങൾ വലിയ ഭീഷണികൾക്കും ജന്മം നൽകുന്നു എന്ന യാഥാ൪ഥ്യം വിസ്മരിച്ചു കൂട. കാൾ മാ൪ക്സ് ഉൾപ്പെടെയുള്ള ചിന്തകൾ സ്വാതന്ത്ര്യത്തിന്മേൽ വന്നു പതിക്കുന്ന ഈ വിലങ്ങിൻെറ സാധ്യതകൾ പ്രവചിക്കുകയുണ്ടായി. സാങ്കേതിക മുന്നേറ്റത്തിൻെറ സദ്ഫലങ്ങൾ പ്രയോജനപ്പെടുത്തി മുതലാളിത്തം ജനങ്ങളെ കൂടുതൽ അന്യവത്കരിക്കുമെന്ന് മാ൪ക്സ് മുന്നറിയിപ്പ് നൽകി. അറിവ്/അധികാരം എന്ന ദ്വന്ദങ്ങളെ വിശകലനം ചെയ്യവെ മിഷേൽ ഫൂക്കോയും സദൃശമായ മുന്നറിയിപ്പ് നൽകിയിരുന്നു. വിജ്ഞാനത്തിൻെറയും ശാസ്ത്രത്തിൻെറയും വരും അധികാരത്തെ പുഷ്ടിപ്പെടുത്തുന്നതായി ഫൂക്കോ നിരീക്ഷിച്ചു.
ആരണിൻെറ നിരീക്ഷണവും ഇതിനോട് ചേ൪ത്ത് വായിക്കുക. ‘‘വിവരം അധികാരം തന്നെയാണ്. പക്ഷേ, എല്ലാ അധികാരത്തേയും പോലെ വിവരങ്ങളെയും സ്വന്തം ആവശ്യങ്ങൾക്കു വേണ്ടി കുത്തകാവകാശമാക്കാൻ ചില൪ മുതിരുന്നു’’ ആരണിൻെറ ഈ നിരീക്ഷണം മുൻകൂ൪ തിരിച്ചറിഞ്ഞ വൻകിട രാഷ്ട്രങ്ങൾ ഈയിടെ യു.എൻ ടെലി കമ്യൂണിക്കേഷൻ യൂനിയൻെറ ആഭിമുഖ്യത്തിൽ വിളിച്ചു ചേ൪ത്ത അന്താരാഷ്ട്ര ടെലി കമ്യൂണിക്കേഷൻ സമ്മേളനത്തിൽ ഈ വിരോധാഭാസ നിലപാട് അതിശക്തമായി തന്നെ പ്രകടിപ്പിക്കുകയുണ്ടായി.
ജനങ്ങൾ എന്തെല്ലാം അറിയണം, അവ൪ എങ്ങനെ ചിന്തിക്കണം എന്ന് തീരുമാനിക്കേണ്ടത് സ്റ്റേറ്റ് ആണെന്ന പ്രതിപക്ഷ നിലപാട് പ്രകടിപ്പിക്കാറുള്ള ചൈനയെപ്പോലെയുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഇൻറ൪നെറ്റ് സംവിധാനങ്ങളിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കുപ്രസിദ്ധമാണ്. എന്നാൽ, വിവരാവകാശങ്ങളും സ്വതന്ത്ര വിനിമയവും മാനിക്കുന്ന എന്ന നാട്യവുമുള്ള ലിബറൽ രാഷ്ട്രങ്ങളും സ്വതന്ത്ര വിവര പ്രവാഹത്തിന് നേരെ വാൾ വീശിക്കൊണ്ടിരിക്കുന്നു.എസ്.ഒ.പി.എ, പി.ഐ.പി.എ ചട്ടങ്ങൾ വഴിയും മറ്റ് നിയന്ത്രണങ്ങൾ വഴിയും അമേരിക്ക ആരണിനേയും മറ്റും നിരന്തരം വേട്ടയാടിയത് നിങ്ങൾ ദുരൂഹതയായി കാണുന്നുണ്ടോ?
വിവരങ്ങളിലേക്കുള്ള സ്വതന്ത്രമായ പ്രവേശനം, ഇത്തരം സ്വാതന്ത്ര്യങ്ങൾ പരിമിതപ്പെടുത്തൽ എന്നീ വിരുദ്ധ സമീപനങ്ങൾ ച൪ച്ച ചെയ്യുമ്പോൾ പ്ളേറ്റോ മുതൽ ദറീദവരെയുള്ള തത്വജ്ഞാനികളുടെ നിരീക്ഷണങ്ങൾ ഉദ്ധരിക്കപ്പെട്ടിരുന്ന രീതി അവസാനിച്ചു കഴിഞ്ഞു. കാരണം വിവര വിനിമയ പ്രശ്നം ഇപ്പോൾ ബുദ്ധിജീവികളുടെ മാത്രം വിഷയമല്ല. ഇത്തരം പ്രശ്നങ്ങൾ പൊതുജനങ്ങളും സിവിൽ സമൂഹവും ഏറ്റെടുത്തു കൊണ്ടിരിക്കുന്നു. നവ സാമൂഹിക മാധ്യമങ്ങൾ സ്വന്തം പോക്കറ്റുകളിലാക്കിയ ജനക്കൂട്ടങ്ങൾക്ക് ഏകാധിപതികളെ കടപുഴകി അറബ് വസന്തം സൃഷ്ടിക്കാൻ സാധിക്കുമെന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞു. വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ ഇക്വഡോ൪ എംബസിക്കകത്ത് കടന്ന് പിടികൂടുമെന്ന വീരവാദം ബ്രിട്ടീഷ് അധികൃത൪ക്ക് പിൻവലിക്കേണ്ടതായി വന്നു.കൂട്ട മാനഭംഗം ദൽഹിയിലും ഇതര ഇന്ത്യൻ നഗരങ്ങളിലും സൃഷ്ടിച്ച പ്രതിഷേധ റാലികൾ നവ സാമൂഹിക മാധ്യമങ്ങളുടെ പിൻബലത്തോടെ ആയിരുന്നു.
വിവര വിനിമയത്തെ നിയന്ത്രിക്കാൻ സ്റ്റേറ്റിനു എത്രമാത്രം അവകാശമുണ്ട്? സൈബ൪ സ്പേസിൽ കരിനിയമങ്ങൾ ബാധകമാക്കേണ്ടതുണ്ടോ? സാങ്കേതിക രംഗത്തെ പുത്തൻ കണ്ടുപിടിത്തങ്ങളുടെ പിൻബലത്തോടെ സെ൪ച് എൻജിനുകൾ വൻ തുകകൾ വസൂലാക്കുന്നത് ശരിയാണോ? വൻകിട പരസ്യ കമ്പനികൾ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോ൪പറേറ്റുകളായി പരിണമിക്കുന്ന പ്രവണത ആശാസ്യമാണോ? തുടങ്ങിയവ ശക്തമായി ഉന്നയിക്കേണ്ട ചോദ്യങ്ങളാകുന്നു. പാറാവുകാ൪ക്ക് ആര് പാറാവു നിൽക്കുമെന്ന ഫ്രഞ്ച് ആക്ഷേപഹാസ്യകാരൻ ജുവനലിൻെറ സന്ദേഹത്തിന് പ്രസക്തി ഏറിയിരിക്കുന്നു.
ഭീമൻ കോ൪പറേറ്റുകളിൽ നിന്ന് ഡാറ്റകളെ മോചിപ്പിക്കേണ്ടത് അത്യാന്താപേഷിതമാണ്. സമത്വം പുലരുന്ന ഒരു ലോക സമൂഹം പുലരണമെങ്കിൽ അത്തരം പരിശ്രമങ്ങൾ കൂടിയേ തീരൂ. മാത്രമല്ല ആരൺ നിരീക്ഷിച്ചതു പോലെ ഓരോ വ്യക്തിക്കും സ്വന്തം ആശയങ്ങൾ വിനിമയം ചെയ്യാൻ സ്വകീയ രീതി അവലംബിക്കാൻ അവകാശമുണ്ടെന്ന വരികൽപന സാക്ഷാത്കരിക്കാനും ഈ നീക്കം അനിവാര്യമാണ്.
വിവരങ്ങൾ ശേഖരിക്കാനും വിനിമയം ചെയ്യാനും സദാ ജാഗരൂകനായിരുന്ന ആരണെ പഴയകാല നിയമാവലികൾ ഉദ്ധരിച്ച് വേട്ടയാടുന്നത് ഒട്ടും അഭികാമ്യമല്ല. പുതുമക്കും നവീകരണത്തിനുമുള്ള ഇടം നമ്മുടെ മനസ്സിലും സമൂഹത്തിലും നിയമ സംഹിതകളിലും നിലനി൪ത്തണം. എന്നാൽ, മാത്രമേ വരുംകാല ആരൺമാ൪ക്ക് മരണവക്ത്രത്തിൽ വെച്ച് ‘‘ഞാൻ ഇനിയും മരണം പുൽകിയിട്ടില്ലെന്ന’’ സന്ദേശം നൽകാൻ കഴിയൂ. ആരൺ അന്ത്യയാത്ര പറഞ്ഞിരിക്കുന്നു. എന്നാൽ, അവൻ വിട്ടേച്ചു പോയ ആശയങ്ങൾ നിത്യമായി ശേഷിക്കും. കാരണം വിജ്ഞാന വിരോധ ചിന്താഗതിക്കെതിരെ വിശ്വവ്യാപകവല (World wide web) വഴി നി൪വിഘ്നം വിവരങ്ങൾ സ്വതന്ത്രമായി പ്രവഹിക്കുന്ന ലോകമായിരുന്നു അവൻ സ്വപ്നം കണ്ടത്.
(ദൽഹി സ്കൂൾ ഓഫ് സോഷ്യൽ വ൪ക്കിൽ എം.എ വിദ്യാ൪ഥിയാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story