കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടത് ചൊട്ടുവിദ്യയല്ല
text_fieldsഡീസൽ വിലവ൪ധനയുടെ പേരിൽ കെ.എസ്.ആ൪.ടി.സിയുടെ സ൪വീസോ ഷെഡ്യൂളോ വെട്ടിക്കുറക്കാൻ അനുവദിക്കില്ലെന്ന് യു.ഡി.എഫ് നേതൃയോഗത്തിനുശേഷം കൺവീന൪ പി.പി. തങ്കച്ചൻ നടത്തിയ പ്രസ്താവനയിൽനിന്നുതന്നെ സംസ്ഥാന സ൪ക്കാറും മുന്നണി നേതൃത്വവും ഈ വിഷയത്തെ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിനകം 1400 ഷെഡ്യൂളുകൾ നി൪ത്തലാക്കുകയും ദിനേന ഓരോ ജില്ലയിലും നിരവധി ബസുകൾ പുതുതായി കട്ടപ്പുറത്ത് കയറ്റുകയും ചെയ്യുന്നതിനിടയിലാണ് മുന്നണി കൺവീനറുടെ ഈ വാചാടോപം. കെ.എസ്.ആ൪.ടി.സി എന്ന പൊതുമേഖലാ സ്ഥാപനം എന്നെന്നേക്കുമായി അടച്ചുപൂട്ടണോ വേണ്ടേ എന്ന ഗൗരവമാ൪ന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
കടുത്ത സാമ്പത്തികഭാരം താങ്ങാനാവാതെ മുട്ടിട്ടിഴയുന്നതിനിടയിലാണ് ഡീസൽ ഇരട്ടവിലയുടെ അധികബാധ്യത കൂടി ട്രാൻസ്പോ൪ട്ട് കോ൪പറേഷൻെറ മുതുകിൽ കയറ്റിവെക്കപ്പെട്ടത്. ഈ പ്രതിസന്ധി മറികടക്കാൻ രണ്ടു മാസത്തേക്ക് സംസ്ഥാന സ൪ക്കാ൪ 28 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും അതൊന്നുംതന്നെ ഈ താപ്പാനയെ മുന്നോട്ടു നടത്താൻ പര്യാപ്തമല്ല. ഡീസലിന് വ൪ധിപ്പിച്ച അധിക നിരക്ക് ഒഴിവാക്കിക്കിട്ടാൻ മുന്നണി നേതാക്കൾ ഉടൻ ദൽഹിയിലേക്ക് വിമാനം കയറുമത്രെ. നല്ലത്. എന്നാൽ, കേന്ദ്ര സ൪ക്കാറിൻെറ മുന്നിൽ കേരളത്തിൻെറ വിലപേശൽ ശേഷി അങ്ങേയറ്റം ക്ഷയിച്ചിട്ടുണ്ട് എന്നാണ് സമീപകാല അനുഭവങ്ങളെല്ലാം സമ൪ഥിക്കുന്നത്. ‘എയ൪ കേരള’യുടെ കാര്യത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവ൪ പ്രദ൪ശിപ്പിച്ച ആരംഭശൂരത്വം ദൽഹിയിലെത്തിയപ്പോൾ ബാഷ്പീകരിച്ചുപോയത് നാം കണ്ടതാണ്. എണ്ണക്കമ്പനികൾക്ക് ലാഭംകൊയ്യാനുള്ള സകല മാ൪ഗങ്ങളും തുറന്നുകൊടുക്കുന്നതിൽ പ്രതിജ്ഞാബദ്ധരായ മൻമോഹൻ സിങ് സ൪ക്കാറിൻെറ ഭാഗത്തുനിന്ന് കേരളത്തിനു മാത്രമായി ഒരിളവ് പ്രതീക്ഷിക്കുന്നതുതന്നെ പോഴത്തമായിരിക്കാം. ഈ വിഷയത്തിൽ നമ്മുടെ അയൽസംസ്ഥാനങ്ങളിലെ ട്രാൻസ്പോ൪ട്ട് കോ൪പറേഷനുകൾ സ്വീകരിച്ച പ്രായോഗിക മാ൪ഗം എന്തുകൊണ്ട് നമുക്ക് പരീക്ഷിച്ചുകൂടാ? സ്വകാര്യ പമ്പുകളിൽനിന്ന് ഡീസൽ അടിക്കുന്നത് മൂലം തമിഴ്നാട് സ൪ക്കാറിന് പ്രതിദിനം 1.56 കോടി രൂപ ലാഭിക്കാൻ കഴിയുന്നുണ്ടെന്നാണ് റിപ്പോ൪ട്ട്.
ഡീസൽ വിലവ൪ധന മാത്രമല്ല നമ്മുടെ ട്രാൻസ്പോ൪ട്ട് കോ൪പറേഷനെ ഈ പ്രതിസന്ധിയിലെത്തിച്ചത്. പൊതുവെ ദു൪ബലമായ ഒരു സ്ഥാപനം അധികഭാരത്തിൻെറ ഗ൪ഭംകൂടി ധരിച്ചതോടെ മരണശയ്യയിലെത്തി എന്നതാണ് നേര്. ചൊട്ടുവിദ്യകൾകൊണ്ട് കെ.എസ്.ആ൪.ടി.സിയെ രക്ഷിച്ചെടുക്കാൻ കഴിയില്ല എന്ന് സമ്മതിച്ചാവണം ഇനിയുള്ള നീക്കങ്ങൾ. അനിവാര്യമായി വന്നിരിക്കുന്നത് കായചികിത്സയാണ്. അതിനു വേണ്ടത് അങ്ങേയറ്റത്തെ രാഷ്ട്രീയ ഇച്ഛാശക്തിയും ഭാവനയുമാണ്. അത് രണ്ടുകൊണ്ടും അനുഗൃഹീതമല്ലാത്ത കൈകളിലാണ് സ്ഥാപനം ഇന്ന് എത്തപ്പെട്ടിരിക്കുന്നത്. കത്തുന്ന മേൽക്കൂരയിൽനിന്ന് കഴുക്കോൽ ഊരിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷത്തിൻെറ മാത്രം ആരോപണമല്ല ഇത്. കെ.എസ്.ആ൪.ടി.സിയുടെ ഷെഡ്യൂളുകൾ റദ്ദാക്കുന്ന മുറക്ക് ആ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് താൽക്കാലികം എന്ന് പറഞ്ഞ് പെ൪മിറ്റ് നൽകുന്ന കുതൂഹലമാണെങ്ങും. യാത്രാപ്രശ്നം പരിഹരിക്കുന്നതിലപ്പുറം മറ്റു താൽപര്യങ്ങളാണ് അതിന് പ്രചോദനമാകുന്നത് എന്ന് ആരെങ്കിലും ആരോപിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ മേലാളന്മാരുടെയും ഒത്താശയോടെ ദേശസാൽകൃത റൂട്ടുകളിൽപോലും സ്വകാര്യ ബസുകൾ ലാഭംകൊയ്യുമ്പോൾ ട്രാൻസ്പോ൪ട്ട് കോ൪പറേഷൻ മാത്രം എന്തുകൊണ്ട് കുത്തുപാള എടുക്കുന്നു എന്ന ചോദ്യത്തിന് ഉത്തരവാദപ്പെട്ടവ൪ മറുപടി തരില്ല.
ട്രാൻസ്പോ൪ട്ട് കോ൪പറേഷൻ പ്രതിമാസം 90 കോടിയുടെ നഷ്ടത്തിലാണത്രെ കുതിക്കുന്നത്. 35 കോടി രൂപ പെൻഷൻ ഇനത്തിൽ മാത്രം നൽകണം. പലിശ ഇനത്തിൽ 25 കോടിയും. അതിനിടയിലാണ് ഡീസൽ അധികവിലയുടെ പേരിൽ 16 കോടിയുടെ ബാധ്യതകൂടി ഏറ്റെടുക്കേണ്ടിവന്നത്. എന്നും നഷ്ടത്തിലോടുന്ന ഒരു സ്ഥാപനം തൊഴിലാളികളുടെ പെൻഷൻ ബാധ്യത ഏറ്റെടുക്കുമ്പോൾ മുൻപിൻ ചിന്തിക്കാത്തതിൻെറ ദുരന്തഫലമാണ് ശ്വാസംമുട്ടി മരിക്കുന്നതിലേക്ക് എത്തിച്ചിരിക്കുന്നത്. ഷെഡ്യൂളുകൾ മുടങ്ങിയതോടെ വരുമാനം ഗണ്യമായി കുറയുകയും നഷ്ടം കുന്നുകൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ജീവനക്കാ൪ക്ക് ശമ്പളം കൊടുക്കാൻ വേറെ മാ൪ഗം കണ്ടെത്തണം. തൊഴിലാളി യൂനിയനുകളും ഉദ്യോഗസ്ഥരും ഭരണനേതൃത്വവും പരസ്പരം പഴിചാരിയും ആരോപണങ്ങൾ ഉന്നയിച്ചും സമയം പാഴാക്കുന്ന ഇന്നത്തെ അവസ്ഥ തുട൪ന്നാൽ കെ.എസ്.ആ൪.ടി.സി എന്ന സ്ഥാപനം ചരിത്രത്തിലേക്ക് താനേ വിലയം പ്രാപിക്കും. അതോടെ, സ്വകാര്യ ബസുകൾ കേരളത്തിലെ റോഡുകളിൽ ആധിപത്യം സ്ഥാപിക്കുന്നതുകൊണ്ട് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകാൻ പോകുന്നില്ലെങ്കിലും ആയിരക്കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങളാവും വഴിയാധാരമാകാൻ പോകുന്നത്. അചിന്തനീയമാണീ സ്ഥിതിവിശേഷം.