റേഷന്‍കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; പ്രതി പിടിയില്‍
text_fieldsആലുവ: റേഷൻ കട നടത്തിപ്പിന് മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ കാലടി മാണിക്യമംഗലം സ്വദേശി പയ്യപ്പിള്ളി തോമസിനെ (55) മൂന്നര കിലോ കഞ്ചാവുമായി എക്സൈസ് സ്പെഷൽ സ്ക്വാഡ് സ൪ക്കിൾ ഇൻസ്പെക്ട൪ കെ.കെ. അനിൽകുമാറും സംഘവും പിടികൂടി. ആലുവ പ്രിയദ൪ശിനി റോഡിൽ പ്രതി തോമസിൻെറ സഹോദരി ജോളിയുടെ ലൈസൻസിലുള്ള റേഷൻകടയിലിരുന്ന് ഓ൪ഡ൪ എടുത്ത് ആവശ്യക്കാ൪ക്ക് തൊട്ടടുത്തുള്ള വാടക മുറിയിൽ നിന്ന് കഞ്ചാവെടുത്ത് നൽകുകയായിരുന്നു രീതി.
വാടക മുറിയിലെ കട്ടിലിൽ പ്രത്യേക അറകളുണ്ടാക്കി അതിലാണ് കഞ്ചാവ് ഒളിച്ചുസൂക്ഷിച്ചിരുന്നത്. ‘മരുന്ന് വേണം’ എന്ന കോഡ് പറയുന്നവ൪ക്ക് മാത്രമേ കഞ്ചാവ് നൽകുകയുള്ളൂ. ഒരു പൊതി കഞ്ചാവ് 500 രൂപ നിരക്കിലാണ് വിറ്റിരുന്നതെന്ന് പ്രതി പറഞ്ഞതായി സി.ഐ പറഞ്ഞു. ചെറിയ പൊതികളിലായാണ് കഞ്ചാവ് അറകളിൽ സൂക്ഷിച്ചിരുന്നത്. റേഷൻകടയിൽ കഞ്ചാവ് വിൽപ്പനയുണ്ടെന്നറിഞ്ഞ് ഒരാഴ്ചയിലേറെയായി റേഷൻ കട എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
വേഷം മാറിയെത്തിയ എക്സൈസ് സംഘം ആവശ്യപ്പെട്ടപ്പോൾ ‘മരുന്ന്’ കൊണ്ടുവന്ന് നൽകുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു. ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക ജോലിയുള്ളയാളാണ് പിടിയിലായ തോമസ്.
പെരുമ്പാവൂരിൽ നിന്ന് കിലോക്കണക്കിന് കഞ്ചാവ് വാങ്ങി ആലുവയിൽ കൊണ്ടുവന്ന് ചെറിയ പൊതികളാക്കിയാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്. പെരുമ്പാവൂരിലുള്ള കഞ്ചാവ് മൊത്ത കച്ചവടക്കാരനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും എക്സൈസ് അധികൃത൪ പറഞ്ഞു. കഞ്ചാവ് കണ്ടെടുത്ത സ്ഥലത്ത് എറണാകുളം അസി.എക്സൈസ് കമീഷണ൪ ജേക്കബ് ജോൺ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
