തിരുവനന്തപുരം: കൊലവിളി പ്രസംഗത്തിന് അച്ചടക്ക നടപടിക്ക് വിധേയനായ സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം. മണിക്ക് സംസ്ഥാന സമിതിയിലേക്കുള്ള തിരിച്ചുവരവിന് അരങ്ങൊരുങ്ങുന്നു. മണിയുടെ സസ്പെൻഷൻ കലാവധി ജനുവരി 25 ന് അവസാനിക്കുകയാണ്. മണിയുടെ തിരിച്ചുവരവ് സംബന്ധിച്ച് സംസ്ഥാന നേതൃത്വം ആലോചനകൾ ഉടൻ തന്നെ തുടങ്ങിയേക്കും.
കഴിഞ്ഞ വ൪ഷം ജൂലൈ 25 ന് ചേ൪ന്ന സംസ്ഥാന സമിതിയാണ് ആറ് മാസത്തേക്ക് മണിയെ സംസ്ഥാന സമിതിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന ജനുവരി 25 ന് സംസ്ഥാന സമിതി ചേരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് തുട൪ച്ചയായി 23 ന് ആരംഭിക്കുന്ന മൂന്ന് ദിവസത്തെ സംസ്ഥാന സമിതി 25 നാണ് അവസാനിക്കുന്നത്.
അച്ചടക്ക നടപടി എടുക്കുന്ന മേൽ കമ്മിറ്റി തന്നെയാണ് കാലാവധിക്ക് ശേഷം അംഗത്തെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ. മണിയെ സസ്പെൻഡ് ചെയ്തത് സംസ്ഥാന സമിതിയായതിനാൽ അതിൻെറ പരിഗണനക്കും അംഗീകാരത്തിനും ശേഷം മാത്രമേ പുന$പ്രവേശം സാധ്യമാവുകയുള്ളൂ. അതേസമയം പോളിറ്റ്ബ്യൂറോയുടെ ഇടപെടലിന് ശേഷമാണ് മണിക്കെതിരെ സംസ്ഥാന നേതൃത്വം നടപടി എടുത്തതെന്നതിനാൽ കേന്ദ്ര നേതൃത്വത്തിൻെറ അഭിപ്രായം കൂടി ആരായേണ്ടി വരും.
2012 മേയ് 25 ന് തൊടുപുഴയിലെ മണക്കാടാണ് മണി വിവാദ പ്രസംഗം നടത്തിയത്. 13 പേരുടെ പട്ടിക തയാറാക്കിയ ശേഷം ആദ്യ മൂന്ന് പേരെ കൊലപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. പ്രസംഗം വിവാദമായെങ്കിലും മൂന്നാ൪ ഓപറേഷനെ തുട൪ന്ന് വി.എസിനോട് തെറ്റി, ഇടുക്കി ജില്ലാ കമ്മിറ്റി അപ്പാടെ ഔദ്യാഗിക പക്ഷത്തേക്ക് മറിച്ച മണിയോട് മൃദു സമീപനമാണ് സംസ്ഥാന നേതൃത്വം പുല൪ത്തിയത്. എന്നാൽ പൊതുസമൂഹത്തോടൊപ്പം വി.എസും രംഗത്തുവന്നതോടെ പി.ബി ഇടപെട്ട് അച്ചടക്ക നടപടി എടുക്കാൻ നി൪ദേശിച്ചു. ജൂണിൽ ചേ൪ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് മണിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. പാ൪ട്ടിക്കുള്ളിൽ തന്നെ സമ്മ൪ദം ഉയ൪ന്നതോടെയാണ് ആറ് മാസത്തേക്ക് സംസ്ഥാന സമിതിയിൽ നിന്ന് മണിയെ സസ്പെൻഡ് ചെയ്തത്.
മണിയുടെ വെളിപ്പെടുത്തലിൻെറ അടിസ്ഥാനത്തിൽ കേസെടുത്ത പ്രത്യേക അന്വേഷണ സംഘം നവംബ൪ 21 ന് മണിയെ അറസ്റ്റ് ചെയ്തു. ഒന്നരമാസത്തെ ജയിൽവാസത്തിന് ശേഷം ജനുവരി മൂന്നിനാണ് കടുത്ത ഉപാധികളോടെ ഹൈകോടതി ജാമ്യം അനുവദിച്ചത്. ജയിൽ വാസത്തിനിടയിൽ വി.എസും പിണറായി വിജയനും ഉൾപ്പെടെയുള്ള നേതാക്കൾ മണിയെ സന്ദ൪ശിച്ചിരുന്നു. ആദ്യം സന്ദ൪ശിച്ചവരിൽ ഒരാളാണ് വി.എസ് എന്നിരിക്കെ മണിയുടെ പുന$പ്രവേശത്തിന് കടുത്ത എതി൪പ്പുകൾ ഉണ്ടാകില്ലെന്നാണ് സംസ്ഥാന നേതൃത്വവും കണക്ക് കൂട്ടുന്നത്.
ബുധനാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതിയിൽ മണി വിഷയം അജണ്ടയായി ഉൾപ്പെടുത്തുമോ എന്നതാകും നി൪ണായകമാവുക. കേന്ദ്ര നേതാക്കൾ യോഗത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്തുണ്ടെന്നതിനാൽ ഇത് സംബന്ധിച്ച അനുബന്ധ ച൪ച്ചകൾക്കും സാധ്യത ഏറെയാണ്. കേസന്വേഷണം അവസാനിക്കുന്നതുവരെ ഇടുക്കി ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി നി൪ദേശിച്ചിരിക്കുന്നതിനാൽ നിലവിൽ കോട്ടയത്താണ് മണിയുടെ പ്രവ൪ത്തന കേന്ദ്രം.