ഇന്ത്യന്‍ സിനിമാ കാമറകള്‍ക്ക് സുല്‍ത്താനേറ്റ് ‘സൂപ്പര്‍സ്റ്റാര്‍’
text_fieldsഗാനരംഗം ചിത്രീകരിക്കാൻ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പറന്നിരുന്ന ഇന്ത്യൻ സിനിമാലോകം സുൽത്താനേറ്റിലേക്ക് വിമാനം തിരിച്ചുവിടുന്നു. ഭാഷാഭേദമന്യേ ഇന്ത്യൻ സിനിമകൾക്ക് ഒമാൻ ഇപ്പോൾ സൂപ്പ൪ലൊക്കേഷനാണ്. രാജ്യത്തിൻെറ ടൂറിസം വികസന സാധ്യതകൾ മുന്നിൽ കണ്ട് വിനോദസഞ്ചാര മന്ത്രാലയവും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര സംഘങ്ങളെ സുൽത്താനേറ്റിലേക്ക് ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ്. സിനിമയെയും അതുവഴി ഒമാനിലുണ്ടാകുന്ന ടൂറിസം സാധ്യതകളെയും വള൪ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വ൪ഷങ്ങളായി നടത്തുന്ന പ്രവ൪ത്തനങ്ങളുടെ ഫലമായാണ് ഒമാൻ അറിയപ്പെടുന്ന ലൊക്കേഷനായി മാറുന്നതെന്ന് ചലച്ചിത്രപ്രവ൪ത്തകനും ‘മസ്യൂൻ ട്രാവൽ’ എക്സിക്യൂട്ടീവ് മാനേജറുമായ റെന്നി ജോൺസൻ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. ഇദ്ദേഹത്തിൻെറ സ്ഥാപനം ആരംഭിച്ച ചലച്ചിത്രവിഭാഗം മുൻകൈയെടുത്ത് കഴിഞ്ഞ രണ്ടുവ൪ഷത്തിനിടെ ഒമ്പത് സിനിമകളുടെ ചിത്രീകരണം സുൽത്താനേറ്റിൽ നടത്തി കഴിഞ്ഞു. തമിഴ്ഹിറ്റുകളായിരുന്ന ‘ശിങ്കം’, ‘കന്തസാമി’, ‘ഒസ്തി’, ബോളിവുഡ് ചിത്രം ‘ഇറ്റ്സ് മൈ ലൈഫ്’, കന്നട സിനിമ ‘ദസവാഡ’ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ബംഗാളി സിനിമ ‘ദീവാന’യുടെ ചിത്രീകരണം കഴിഞ്ഞയാഴ്ച മസ്കത്തിൽ നടന്നിരുന്നു. തൃഷ നായികയായി അഭിനയിക്കുന്ന ‘ഉ൪വശി, മേനക, രംഭ’ എന്ന സിനിമയും അടുത്തദിവസം ഒമാനിൽ ചിത്രീകരിക്കും. താമസിയാതെ ഒരു ഹോളിവുഡ് സിനിമാസംഘവും ചലച്ചിത്രസംരംഭവുമായി ഒമാനിലെത്തുന്നുണ്ടത്രെ.
ഇന്ത്യയിൽ സിനിമചിത്രീകരിക്കുന്നതിനേക്കാൾ ചെലവ് കുറവാണ് സുൽത്താനേറ്റിലെ സിനിമാ ചിത്രീകരണമെന്നാണ റെന്നി ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ വൻനഗരങ്ങളിൽ ഒരു ദിവസത്തെ സിനിമാ ചിത്രീകരണത്തിന് മൂന്ന് മുതൽ നാല് ലക്ഷം വരെ ശരാശരി ചെലവ് വരുന്നുവെങ്കിൽ ഒന്നരലക്ഷം രൂപ ചെലവിൽ ഒമാനിൽ ഒരുദിവസത്തെ ഷൂട്ടിങ് സംഘടിപ്പിക്കാമെന്നാണ് റെന്നി കണക്കുകൾ നിരത്തി സമ൪ഥിക്കുന്നത്. ഇതിനെല്ലാം പുറമെ കടൽ, നഗരം, ഗ്രാമം, മലനിരകൾ, മരുഭൂമികൾ, പുൽതകിടികൾ തുടങ്ങി സിനിമക്ക് വേണ്ട വ്യത്യാസ്തങ്ങളായ ഭൂപ്രദേശങ്ങൾ ഒമാൻ എന്ന ഒറ്റ രാജ്യത്ത് തന്നെ ലഭിക്കുന്നുവെന്നത് പല ചലച്ചിത്ര സംഘങ്ങളെയും ഇങ്ങോട്ട് ആക൪ഷിക്കുന്നുണ്ട്. ഖന്താബ്, യിത്തി, സി.ബി.ഡി. ഏരിയ, അൽഅഅ്ലാം പാലസ്, വബൈബ സാൻഡ് എന്നിവയാണ് ഷൂട്ടിങിനായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ. ഒരു ഹിന്ദി സിനിമക്ക് വേണ്ടി വഹൈബ സാൻഡ്സിൽ സാഹസികരംഗങ്ങളും കാമറയിൽ പക൪ത്താനായി. അധികൃതരിൽ നിന്നും ഒമാനി ജനതയിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നതിനാൽ ചുരുങ്ങിയ ദിവസങ്ങൾക്ക് ഷൂട്ടിങ് പൂ൪ത്തിയാക്കി സംഘങ്ങൾക്ക് മടങ്ങാൻ കഴിയുന്നുണ്ട്. ചലച്ചിത്രസംഘങ്ങളെ ഒമാനിലേക്ക് ആക൪ഷിക്കുന്നതിന് മുംബൈ, ഹൈദരാബാദ്, ചെന്നൈ, ദൽഹി എന്നിവിടങ്ങളിൽ പലപ്പോഴായി റോഡ്ഷോ സംഘടിപ്പിച്ചിരുന്നുവെന്നും റെന്നി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
