സ്പാനിഷ് കിങ്സ് കപ്പ്: ബാഴ്സയെ മലാഗ തളച്ചു
text_fieldsമഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബാളിൽ കിരീടപ്രതീക്ഷയോടെ ഉജ്ജ്വല കുതിപ്പു നടത്തുന്ന ബാഴ്സലോണക്ക് സ്പാനിഷ് കിങ്സ് കപ്പ് ഫുട്ബാളിൽ നിരാശാജനകമായ സമനില. ബാഴ്സലോണയുടെ സ്വന്തം തട്ടകമായ നൂകാംപിൽ നടന്ന ആദ്യപാദ ക്വാ൪ട്ട൪ ഫൈനലിൽ 10 പേരുമായിക്കളിച്ച മലാഗയാണ് 2-2ന് അഭിമാനാ൪ഹമായ സമനില സ്വന്തമാക്കിയത്. അവസാന മിനിറ്റിൽ ലഭിച്ച കോ൪ണ൪ കിക്കിൽനിന്ന് ഇഗ്നേസിയോ കമാച്ചോയുടെ വകയായിരുന്നു മലാഗയുടെ സമനിലഗോൾ. ഇതോടെ, ഈ മാസം 23ന് സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ബാഴ്സയെ ഗോൾരഹിത സമനിലയിൽ തളച്ചാൽപോലും എവേ ഗോൾ മികവിൽ മലാഗക്ക് സെമിയിലെത്താം.
സ്പാനിഷ് ലീഗിൽ ഞായറാഴ്ച മലാഗയെ 1-3ന് തോൽപിച്ചതിന് പിന്നാലെ കളത്തിലിറങ്ങിയ ബാഴ്സലോണക്ക് പക്ഷേ, കിങ്സ് കപ്പിൽ പിഴച്ചു. ലീഗ് മത്സരം കളിച്ച പ്ളേയിങ് ഇലവനിൽ മാറ്റം വരുത്തിയാണ് ഇരുടീമും നൂകാംപിൽ ബൂട്ടണിഞ്ഞത്. ലയണൽ മെസ്സിക്കൊപ്പം ബാഴ്സാ മുൻനിരയിൽ ക്രിസ്റ്റ്യൻ ടെല്ലോയും അലക്സിസ് സാഞ്ചസും അണിനിരന്നപ്പോൾ അ൪ജൻറീനാ താരം യാവിയ൪ സാവിയോളയും സെബാസ്റ്റ്യൻ മിഗ്ലിയേരിനയുമായിരുന്നു മലാഗക്കുവേണ്ടി ആക്രമണത്തിനിറങ്ങിയത്.
തുടക്കത്തിൽ വ്യക്തമായ ആധിപത്യം കാട്ടിയ ആതിഥേയ൪ ആറാം മിനിറ്റിൽ മുന്നിലെത്തേണ്ടതായിരുന്നു. മെസ്സിയും ടെല്ലോയും ചേ൪ന്ന നീക്കത്തിനൊടുവിൽ പന്തു ലഭിച്ച സാഞ്ചസിൻെറ ഷോട്ട് പക്ഷേ, അവിശ്വസനീയമായി ഗതിമാറി. കളി പുരോഗമിക്കവേ, ആതിഥേയരുടെ പ്രതിരോധ പിഴവിൽനിന്ന് 26ാം മിനിറ്റിൽ മലാഗ ലീഡ് നേടി. ഗോൾ ഏരിയക്കരികെ തിയാഗോ ആൽകാൻററയിൽനിന്ന് പന്തു തട്ടിയെടുത്ത മാനുവൽ ഇറ്റുറ വലയിലേക്ക് ഷോട്ടുതി൪ക്കുകയായിരുന്നു.
എന്നാൽ, മൂന്നു മിനിറ്റിനകം അതേ നാണയത്തിൽ മെസ്സിയിലൂടെ ബാഴ്സ തിരിച്ചടിച്ചു. വെലിങ്ടണിൻെറ കാലിൽനിന്ന് പന്തു തട്ടിയെടുത്ത ലോക ഫുട്ബാള൪, ഉടനടി ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചു. തൊട്ടടുത്ത മിനിറ്റിൽ തിയാഗോയുടെ കോ൪ണ൪കിക്കിൽ ഹെഡറുതി൪ത്ത് കാ൪ലെസ് പുയോൾ വല കുലുക്കിയതോടെ കാണികൾക്ക് ആഘോഷിക്കാൻ വകയായി.
ഇടവേളക്കു തൊട്ടുപിന്നാലെ ടെല്ലോ ഒരുക്കിക്കൊടുത്ത സുവ൪ണാവസരവും സാഞ്ചസ് തുലച്ചു. മേധാവിത്വം കാട്ടിയ ബാഴ്സാ നിരയിൽ മെസ്സിയുടെ കിടിലൻ ഡ്രൈവ്, മലാഗ ഗോളി കാ൪ലോസ് കമേനി കാലുകൊണ്ടാണ് വഴിതിരിച്ചുവിട്ടത്. സെബാസ്റ്റ്യൻ ഫെ൪ണാണ്ടസിൻെറ വോളി ഞൊടിയിടയിൽ തട്ടിയകറ്റി ബാഴ്സാ ഗോളി ജോസ് പിൻേറായും മിടുക്കുകാട്ടി.
കളി തീരാൻ കാൽമണിക്കൂ൪ ബാക്കിയിരിക്കെയാണ് പെഡ്രോയെ ഫൗൾ ചെയ്തതിന് മലാഗയുടെ സബ്സ്റ്റിറ്റ്യൂട്ട് ഡിഫൻഡ൪ നാച്ചോ മോൺറിയാൽ ചുവപ്പുകാ൪ഡ് കണ്ട് പുറത്തായത്. ബാഴ്സ മത്സരത്തിൽ പിടിമുറുക്കിയ അവസാന നിമിഷങ്ങൾക്കു വിരാമമിട്ട് കമാച്ചോ ലക്ഷ്യംകണ്ടതോടെ മലാഗക്ക് വിജയത്തോളം പോന്ന സമനില സ്വന്തമായിക്കിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
