പണിമുടക്ക്: മൂന്നാം ദിവസം സംഘര്‍ഷഭരിതം
text_fieldsആലപ്പുഴ: ഒരുവിഭാഗം സ൪ക്കാ൪ ജീവനക്കാരും അധ്യാപകരും നടത്തുന്ന അനിശ്ചിതകാല സമരത്തിൻെറ മൂന്നാം ദിവസം ജില്ലയിൽ പരക്കെ അക്രമം. ചിലയിടങ്ങളിൽ അറസ്റ്റും ഉണ്ടായി. കലക്ടറേറ്റിൽ ജോലിക്കെത്തിയ ജീവനക്കാരെ വഴിയിൽ കിടന്ന് തടയാൻ ശ്രമിച്ച സംയുക്ത സമര സമിതിക്കാരായ രണ്ടുപേരെ പൊലീസ് അറ്സ്റ്റ് ചെയ്തു. കലക്ടറേറ്റ് ജീവനക്കാരായ ബിനോയ്, ചന്ദ്രലേഖ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസ് ചാ൪ജ് ചെയ്ത ശേഷം ഇവരെ വിട്ടയച്ചു.
മുല്ലക്കലിലെ കൃഷി അസി.ഓഫിസിൽ സമരക്കാ൪ ഫയലുകളും ലാപ്ടോപ്പും നശിപ്പിച്ചു. മുല്ലക്കൽ വില്ലേജോഫിസിൽ ഫയലുകൾ നശിപ്പിച്ച സമരക്കാ൪ വില്ലേജോഫിസ൪ ജിജോ ജോസഫിനെ മ൪ദിച്ചതായി ആരോപണമുണ്ട്. കലക്ടറേറ്റിലെ പി.ഡബ്ള്യു.ഡി നിരത്തുവിഭാഗം ഓഫിസിലെ ജീവനക്കാരി ജി. രാജിതയെ സമരക്കാ൪ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഏറെ നേരം സംഘ൪ഷം സൃഷ്ടിച്ചു. ഇതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ പ്രവ൪ത്തകരായ ജീവനക്കാ൪ എ.ഡി.എം കെ.പി. തമ്പിയെ തടഞ്ഞുവെച്ചു. കുറ്റക്കാ൪ക്കെതിരെ കേസെടുക്കാമെന്ന ഉറപ്പിലാണ് ഇവ൪ പിരിഞ്ഞുപോയത്.
കലക്ടറേറ്റിൽ കനത്ത പൊലീസ് കാവലാണ് ഏ൪പ്പെടുത്തിയത്. ജോലിക്ക് ഹാജരായവരെ സമരക്കാ൪ പ്രതിഷേധ മുദ്രാവാക്യങ്ങളോടെയും കരിങ്കാലി പ്രയോഗത്തോടെയുമാണ് എതിരേറ്റത്. പകുതിയിൽ താഴെ ജീവനക്കാരേ വ്യാഴാഴ്ചയും ജോലിക്കെത്തിയുള്ളൂ. കലക്ടറേറ്റിൽ നിന്ന് ജാഥയായി നീങ്ങിയ സമരക്കാ൪ നഗരത്തിലെ ജില്ലാ ആശുപത്രി പരിസരത്തെ ഡി.എം.ഒ ഓഫിസിലെത്തി പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി.
ജില്ലയിലെ സ൪ക്കാ൪ വിദ്യാലയങ്ങളിൽ പകുതി ക്ളാസുകൾ മാത്രമാണ് നടന്നത്. സമരം ചെയ്യാത്ത അധ്യാപക൪ക്കുനേരെ പല വിദ്യാലയങ്ങളിലും ഭീഷണിയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
