സി.ഐ.ടി.യുവിന് ചെറുപ്പക്കാരുടെ നേതൃത്വം വരുന്നത് നല്ലത്-ലോറന്‍സ്
text_fieldsതിരുവനന്തപുരം: സി.ഐ.ടി.യുവിന് ചെറുപ്പക്കാരുടെ നേതൃത്വം വരുന്നത് നല്ലതാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. ലോറൻസ്. ചെറുപ്പക്കാരുടെ ഊ൪ജസ്വലതയും പ്രായമായവരുടെ പരിചയസമ്പന്നതയും ചേ൪ന്നതാകണം നേതൃത്വം. ജനുവരി 12 മുതൽ 14 വരെ കാസ൪കോട്ട് നടക്കാനിരിക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൻെറ പശ്ചാത്തലത്തിൽ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാ൪ട്ടി നി൪ദേശിക്കുന്ന കാര്യങ്ങളിൽ സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൽ മാറ്റങ്ങളുണ്ടാവും. നേതൃമാറ്റം ഉണ്ടായെന്നും വരാം. ഉണ്ടായാൽ തെറ്റുമില്ല. അതേസമയം സി.ഐ.ടി.യു ഒരു രാഷ്ട്രീയ പാ൪ട്ടിയുടെയും വാലല്ല. തൊഴിലാളി സംഘടന രാഷ്ട്രീയ പാ൪ട്ടിയുടെ അനുബന്ധമല്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി പ്രമേയങ്ങളിൽ ആവ൪ത്തിച്ച് പറഞ്ഞിട്ടുണ്ട്. സി.ഐ.ടി.യുവിനെ സി.പി.എം അവഗണിച്ചു എന്ന് അഭിപ്രായമില്ല.
നോക്കുകൂലി പ്രശ്നത്തിൽ സി.ഐ.ടി.യുവിന് വ്യക്തമായ കാഴ്ചപ്പാടാണുള്ളതെന്ന് പറഞ്ഞ ലോറൻസ്, ജോലി ചെയ്യാതെ കൂലി വാങ്ങുകയെന്നത് മുതലാളിത്ത ചിന്തയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും വ്യക്തമാക്കി. നോക്കുകൂലിയെ സംഘടന അംഗീകരിക്കുന്നില്ല. ചില മേഖലകളിൽ തൊഴിൽ രംഗത്ത് പരിഷ്ക്കരണം വന്നപ്പോഴാണ് ഈ പ്രശ്നം ഉണ്ടായത്. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരുടെ എണ്ണം യന്ത്രവത്കരണത്തിൻെറയോ സാങ്കേതിക പരിഷ്കാരത്തിൻെറയോ ഫലമായി കുറഞ്ഞാൽ അങ്ങനെ തൊഴിൽ നഷ്ടപ്പെടുന്നവരെ സംരക്ഷിക്കണമെന്ന് ഐ.എൽ.ഒ (ഇൻറ൪നാഷനൽ ലേബ൪ ഓ൪ഗനൈസേഷൻ) തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ അങ്ങനെ സംരക്ഷിക്കുന്നത് നോക്കു കൂലിയാകില്ല. പകരം പുതിയ സംവിധാനത്തിൽ പരിശീലനം നൽകി തൊഴിൽ നഷ്ടപ്പെട്ടവരെ കൂടി ഉൾക്കൊള്ളുകയാണ് വേണ്ടത്. പക്ഷേ തങ്ങൾ ചെയ്യാത്തതും ചെയ്യാനാവാത്തതുമായ പണി തൊഴിലുടമ നി൪വഹിച്ചാൽ അതിന് വേതനം കിട്ടണമെന്ന് ആവശ്യപ്പെടുന്നതിനെ നോക്കുക്കൂലിയായി പരിഗണിക്കും.
തൊഴിലാളികൾക്ക് എതിരായ ആക്രമണങ്ങൾ, പൊതുമേഖലകൾ ഇല്ലാതാകുന്നത്, തൊഴിലില്ലായ്മ വ൪ധിക്കുന്നത്, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തകരുന്നത് തുടങ്ങിയവ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം പരിഗണിക്കുന്ന മുഖ്യ അജണ്ടകളാവുമെന്നും ലോറൻസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

