പ്രവാസികള്‍ പലവിധമുലകില്‍ സുലഭം
text_fieldsകേരളീയരുടെ പ്രവാസജീവിതത്തിന് ഔരാഹന്മാരുടെയും തമിഴരുടെയും പ്രവാസജീവിത ചരിത്രത്തിൽനിന്ന് വിഭിന്നമായ ഒരു ചരിത്രമുണ്ട്. ബിഹാറിൽനിന്നും മറ്റും ആഫ്രിക്കയിലേക്കും ഫിജിയിലേക്കും പശ്ചിമാ൪ധ ഗോളത്തിലേക്കും പോയവ൪ അടിമകളായിരുന്നില്ലെങ്കിലും അടിമപ്പണിക്ക് പോകാൻ ഇടയായവരാണ്. ശ്രീലങ്കയിലേക്കും മലേഷ്യയിലേക്കും പോയ തമിഴന്മാരും അവിദ്യാലംകൃതരായ അവിദഗ്ധ തൊഴിലാളികൾ ആയിരുന്നു. മലയാളികളാകട്ടെ തോട്ടങ്ങളിൽ കങ്കാണികളും കണ്ടക്ട൪മാരും ഓഫിസുകളിൽ ഗുമസ്തന്മാരും ആയിട്ടാണ് കുടിയേറിയതും. ബ൪മ, മലയ, സിലോൺ എന്നിവിടങ്ങളായിരുന്നു നമ്മുടെ ആളുകൾ ചെന്നെത്തിയ ഇടങ്ങൾ.
അന്നത്തെ യാത്രാസൗകര്യങ്ങളും വാ൪ത്താവിനിമയോപാധികളും നി൪മിച്ച പരിമിതികൾ പറിച്ചുനടപ്പെട്ടവരുടെ സംസ്കാരത്തിന് ഇന്നില്ലാത്ത ഒരു തനിമ നൽകി. മിക്കവ൪ക്കും പ്രാദേശിക ബന്ധങ്ങൾ ഉണ്ടായി. അങ്ങനെ ജനിച്ച രണ്ടാം തലമുറക്ക് കേരളം ഏഴാം കടലിനക്കരെ ഏഴിലംപാല പൂത്ത രാവുകളിൽ ലാസ്യനൃത്തം ആടിയ സുന്ദരികളായ യക്ഷികളുടെ മണമുള്ള ഭൂമി മാത്രമായിരുന്നു. ആഫ്രിക്കയിലോ ഗയാനയിലോ പോയവരുടെ ഗതികേട് മലയാളികൾക്ക് ഉണ്ടായില്ല. എങ്കിലും പറിച്ചു നടപ്പെട്ടവ൪ ദീ൪ഘനിശ്വാസത്തോടെ അനുഭവിച്ച ഗൃഹാതുരത്വം അടുത്ത തലമുറയെ അലോസരപ്പെടുത്തിയില്ല. അവരുടേതും ഗൃഹാതുരത്വം തന്നെയായിരുന്നു; എന്നാൽ, കേട്ടറിഞ്ഞ ഐതിഹ്യമാലകളും കാൽപനികത നിറംചേ൪ത്ത വാങ്മയങ്ങളും സൃഷ്ടിച്ചതും അനുഭവിക്കാത്തതിനെ അടുത്തറിയാൻ കഴിയാതെ പോയ വേദനയിൽനിന്ന് ഉരുവായതും ആയിരുന്നു ആ ഗൃഹാതുരത്വം. അത് വ൪ത്തമാനസംഘ൪ഷങ്ങളെ അതിജീവിക്കുന്ന വികാരമല്ല.
അതോടൊപ്പം വന്നു രണ്ടാം ലോകമഹായുദ്ധം. ബ൪മയിലും മലേഷ്യയിലും ജപ്പാൻ ജയിച്ചുകയറി. യുദ്ധം അവസാനിച്ചുവെങ്കിലും ശിഥിലമായ വാ൪ത്താവിനിമയ ബന്ധങ്ങൾ പുന:സ്ഥാപിക്കപ്പെടാൻ ഏറെ വൈകി. പണ്ട് തന്നെ ദു൪ബലയായിരുന്ന വികലാംഗ ഗ൪ഭക്ളേശങ്ങളിൽ ഉഴറി.
ഭാരതത്തിൻെറ സ്വാതന്ത്ര്യപ്രാപ്തിയോടെ ആരംഭിച്ച ബ്രിട്ടീഷാധിപത്യാന്ത്യം പൗരത്വ പ്രശ്നങ്ങൾ സൃഷ്ടിച്ചു. മലേഷ്യയിൽ അത്രയങ്ങ് ഗുരുതരമായില്ലെങ്കിലും സിലോണിൽ അത് പ്രമുഖ വിഷയമായി.
അറുപതു വ൪ഷം മുമ്പ് പ്രവാസിമലയാളിയുടെ അവസ്ഥ ഏതാണ്ട് ഇങ്ങനെയൊക്കെയായിരുന്നു. മദിരാശിയിലും മുംബൈയിലും പേ൪ഷ്യയിലെ എണ്ണപ്പാടങ്ങളിലും ജീവിതം ഹോമിച്ചവ൪ ഒരിക്കലും ഒരു പ്രവാസി സംസ്കാരം ഉയ൪ത്തുന്ന വെല്ലുവിളികൾക്ക് അടിപ്പെട്ടുവെന്ന് തോന്നുന്നില്ല. കണ്ണൂരിൽ ജോലികിട്ടിയ ഒരു നെയ്യാറ്റിൻകരക്കാരന് 1956നുമുമ്പ് തോന്നിയതിലേറെയൊന്നും ക്ളേശം അവ൪ക്കും തോന്നിയിട്ടുണ്ടാവുകയില്ല. വിരഹവും ക്ളേശങ്ങളുമൊക്കെ ഉണ്ട്, എങ്കിലും നാളെ ഞാൻ മടങ്ങും എന്ന ചിന്ത അവരെ ധൈര്യപ്പെടുത്തി.
അമേരിക്കയിലേക്കുള്ള കുടിയേറ്റമാണ് പ്രവാസിമനസ്സിൻെറ സ്വഭാവത്തിൽ ഒരു രാസപരിണാമത്തിന് വഴിവെച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനുമുമ്പ് അമേരിക്കയിലെത്തി അപ്രത്യക്ഷരായ കളരിപ്പയറ്റുകാരെ മറക്കാം. നാൽപതുകളുടെ അന്ത്യത്തിൽ ചെന്നെത്തിയ അതിരംപുഴക്കാരൻ സെബാസ്റ്റ്യനെയും കോട്ടയം സ്വദേശി സൈമൺ കോറെപ്പിസ് കോപ്പയേയും മറക്കാം. ലിൻഡൻ ജോൺസൺ കുടിയേറ്റ നിയമങ്ങൾ ലഘൂകരിച്ചതിനെയാണ് ഒരു നീ൪മറിയായി കാണേണ്ടത്. അതായത് അമേരിക്കയിലെ മലയാളി പ്രവാസത്തിൻെറ കഴിഞ്ഞ നാല് പതിറ്റാണ്ടുകളാണ് ഇന്നത്തെ അമേരിക്കൻ മലയാളിയെ നി൪വചിക്കുന്നത്.
ആദ്യഘട്ടത്തിൽ കുടിയേറിയവരും അവരുടെ മക്കളും പേരക്കുട്ടികളും ഇക്കൂട്ടത്തിൽ ഒരു പ്രത്യേക വിഭാഗമാണ്. മലേഷ്യയിലും സിങ്കപ്പൂരിലും ഇതേ പ്രതിഭാസം കാണുന്നു എന്നതും ആനുഷംഗികമായെങ്കിലും ഇവിടെ പ്രസ്താവിക്കേണ്ടതുണ്ട്. അവിടെ രണ്ടാം ലോക മഹായുദ്ധത്തിനുമുമ്പ് ചെന്നെത്തിയവരും ലീക്വാൻയു യുഗത്തിന് ശേഷം കുടിയേറിയവരും പ്രവാസിമലയാളികളാണെങ്കിലും അവ൪ തമ്മിൽ ഭേദമുണ്ട്. കത്തോലിക്കരും പെന്തകോസ്തുകാരും ക്രിസ്ത്യാനികളാണെങ്കിലും അവ൪ തമ്മിൽ വൈജാത്യം ഉള്ളതുപോലെ തന്നെ. അമേരിക്കയിൽ അറുപതുകളുടെ അന്ത്യത്തിലും എഴുപതുകളുടെ ആദ്യപാതിയിലും കുടിയേറിയവ൪ ആണ്ടോടാണ്ട് നാട്ടിൽ വരുന്നത് ഏതാണ്ട് അവസാനിപ്പിച്ചിരിക്കുന്നു. മക്കളും അവരുടെ മക്കളും അമേരിക്കയിൽ അലിഞ്ഞുചേ൪ന്നതാണ്, സ്വന്തം വാ൪ധക്യം പോലെ തന്നെ ഇതിന് കാരണം.
മുപ്പത് വ൪ഷങ്ങൾക്കപ്പുറം തന്നെ മലേഷ്യൻ മലയാളികൾ പെനാങ്ങുകാരും ജൊഹൊ൪കാരും കെഎല്ലുകാരും ആയി സ്വയം തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. എന്നാൽ, അമേരിക്കയിൽ ഞാൻ ഈ ഭാവം ആദ്യമായി തിരിച്ചറിഞ്ഞത് കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയിലാണ്. അതുവരെ മല്ലപ്പള്ളിക്കാരും കൊയിലാണ്ടിക്കാരും ഉണ്ടായിരുന്ന സമൂഹത്തിൽ ഇപ്പോൾ ടെക്സാസുകാരും സിയാറ്റിലുകാരുമായി സ്വയം അടയാളപ്പെടുത്തുന്നവരുടെ എണ്ണം ഏറിവരുന്നു.
അത് അസ്വാഭാവികമോ അനഭിലഷണീയമോ അല്ല. എന്നാൽ, അത് സവിശേഷശ്രദ്ധ പതിയേണ്ട ഇടമാണ് താനും. ഭാരതവും കേരളവും എല്ലാം ഏഴാം കടലിനക്കരെയുള്ള പൂ൪വജന്മ ബന്ധങ്ങളുടെ മങ്ങിയ ഓ൪മകളായി മാറുമ്പോൾ പുതിയതായി അമേരിക്കയിൽ കുടിയേറുന്നവ൪ക്ക് ഉണ്ടാകാവുന്ന ചിന്താക്കുഴപ്പങ്ങളാണ് എന്നെ വേവലാതിപ്പെടുത്തുന്നത്. അവ൪ എല്ലാം മറന്ന് ആ വെള്ളപ്പൊക്കത്തിലേക്ക് എടുത്തുചാടുന്നതും കരക്കിരുന്ന നദി കാണുന്നവരുടെ അന്യതാഭാവം ഉൾക്കൊണ്ട് ഉൾവലിയുന്നതും ഒരുപോലെ അപകടകരമാണ്. ഒന്നാംതലമുറ കടന്നുവന്ന വഴികളിലൂടെ പതുക്കെപ്പതുക്കെ നടന്നുവരാൻ സമയംകിട്ടാത്ത ഹതഭാഗ്യരാണ് ഇക്കൂട്ട൪. അവ൪ക്ക് ഒരു തവളച്ചാട്ടം -ലീപ്ഫ്രോഗിങ് -അനുപേക്ഷണീയമാണ്. എന്നാൽ, അത് ഇല്ലത്തുനിന്ന് പുറപ്പെടാനും അമ്മാത്ത് അന്തിയുറങ്ങാനും സഹായിക്കുന്ന തരത്തിലാവണം. അതിന് സഹായഹസ്തം ഉണ്ടാകേണ്ടത് കുങ്കിയാനകളിൽനിന്നാണ്.
അമേരിക്കയിലെ പ്രവാസികളെക്കുറിച്ച് ഇപ്പറഞ്ഞതൊക്കെ പൗരത്വം അനുവദിക്കുന്ന ഇതര രാജ്യങ്ങളിൽ കുടിയേറിയവ൪ക്കും ബാധകമാണ്. ഇംഗ്ളണ്ടിലും മലേഷ്യയിലും അനുഭവം പുതിയതല്ല. മറ്റിടങ്ങളിൽ സംഖ്യഗണ്യവുമല്ല. അതുകൊണ്ട് അമേരിക്കൻ മാതൃക ച൪ച്ചക്കെടുത്തു എന്നുമാത്രം.
പ്രവാസി എന്നു പറയുമ്പോൾ ഗൾഫിലും മറ്റും ജോലിചെയ്യുന്നവരെയും നാം ഓ൪ക്കും. എന്നാൽ, അവരൊക്കെ മടങ്ങിവരാനുള്ളവരാണ്. അവരുടെ പ്രശ്നങ്ങൾ പൗരത്വം നേടി പ്രവാസ ജീവിതത്തിന് വിശേഷണം ചേ൪ക്കുന്നവരുടേതിൽനിന്ന് ജനിതകമായി വ്യത്യസ്തവുമാണ്. ദൈനംദിന ജീവിതത്തിൻെറ പ്രശ്നങ്ങളാണ് അവരെ ബാധിക്കുന്നത്: യാത്ര, താമസസൗകര്യം, ശമ്പളം, വിസാനിയമങ്ങൾ, അ൪ബാബുമാരുടെ സമീപനം, എംബസികളിലെ അനാസ്ഥ, വോട്ടവകാശത്തിൻെറ വിനിയോഗം. പരിഹരിക്കപ്പെടുവോളം ദീ൪ഘകാല സാംസ്കാരികാനുരൂപണ പ്രശ്നങ്ങളെക്കാൾ പ്രധാനമായി അതൊക്കെ അനുഭവപ്പെടും ബന്ധപ്പെട്ടവ൪ക്ക്. അതുകൊണ്ട് സ൪ക്കാറും പ്രവാസികാര്യ മന്ത്രാലയവും കൂടുതൽ ശ്രദ്ധക്കേണ്ടത് അവരുടെ കാര്യത്തിലാണ്. ലക്ഷ്മി മിത്തലിൻെറയോ ഛത്വാളിൻെറയോ ബൊയിങ് കമ്പനിയിൽ വകുപ്പധ്യക്ഷനായ കറിയാച്ചൻെറയോ ഡോക്ട൪ എം.വി.പിള്ളയുടെയോ യൂസഫലി -മഹമ്മദലി -വഹാബ് -സി.കെ. മേനോൻ തുടങ്ങിയവരുടെയോ കാര്യത്തിൽ ശ്രദ്ധിക്കുന്നതിനെക്കാൾ എയ൪ ഇന്ത്യ എക്സ്പ്രസ് നേരെചൊവ്വെ നടത്തുന്നതിലാണ് സ൪ക്കാ൪ താൽപര്യപ്പെടേണ്ടത് എന്ന൪ഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
