കാര്‍ മരത്തിലിടിച്ച് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
text_fieldsവാടാനപ്പള്ളി (തൃശൂ൪): ദേശീയപാത17ൽ ഏങ്ങണ്ടിയൂ൪ ആശാൻ റോഡിൽ കാ൪ റോഡരികിലെ മരത്തിലിടിച്ച് കാറിലുണ്ടായിരുന്ന അച്ഛനും അമ്മയും മകനുംമരിച്ചു. എറണാകുളം തിരുവാങ്കുളം മാമല രേണുഭവനിൽ വേണു (75), ഭാര്യ രാധ (68), മകൻ ഷിനു (33) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ഇവ൪ ഗുരുവായൂ൪ ക്ഷേത്ര ദ൪ശനത്തിന് പോകുകയായിരുന്നു.
റോഡിൻെറ ഇടതുഭാഗത്തെ മരത്തിലാണ കാ൪ ഇടിച്ചത്. കാറിൻെറ തക൪ന്ന മുൻഭാഗം നാട്ടുകാരും ആക്ട്സ് പ്രവ൪ത്തകരും വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുത്തത്. കാ൪ ഓടിച്ചിരുന്ന ഷിനു തൽക്ഷണം മരിച്ചു. തൃശൂരിലെ വെസ്റ്റ്ഫോ൪ട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വേണുവും രാധയും മരിച്ചു.
കാറിൽ നിന്ന് കണ്ടെടുത്ത ഷിനുവിൻെറ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് വാടാനപ്പള്ളി പൊലീസിന് മരിച്ചവരെ കുറിച്ച് വിവരം ലഭിച്ചത്. കാ൪ ഓടിച്ചിരുന്ന ഷിനു ഉറങ്ങിയതാകാം അപകടകാരണമെന്ന് കരുതുന്നു.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബിജുഭാസ്ക൪, വലപ്പാട് സി.ഐ സലീൽകുമാ൪, വാടാനപ്പള്ളി എ.എസ്.ഐ പി.സി. രാമനാഥൻ എന്നിവ൪ സംഭവസ്ഥലത്ത് എത്തി. മാവേലിക്കര സ്വദേശിയായ വേണുവും കുടുംബവും 24 വ൪ഷമായി തിരുവാങ്കുളത്താണ് താമസം. തിരുവാങ്കുളം കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് (കെ.ഇ.സി) കമ്പനിയിലെ വെൽഡറായിരുന്ന വേണു ജോലിസംബന്ധമായാണ് മാവേലിക്കരയിൽ നിന്ന് തിരുവാങ്കുളത്തേക്ക് മാറിയത്.
പോസ്റ്റ്മോ൪ട്ടം കഴിഞ്ഞ് മൂന്നുപേരുടെയും മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് തിരുവാങ്കുളത്തേക്ക് കൊണ്ടുപോയി. ഇവിടെ പൊതുദ൪ശനത്തിന് വെച്ചശേഷം മാവേലിക്കരയിലെത്തിച്ച് ശനിയാഴ്ച രാവിലെ സംസ്കരിക്കും. അവിവാഹിതനായ ഷിനു കലൂ൪ സ്റ്റാ൪ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിലെ സീനിയ൪ സെയിൽസ് മാനേജരാണ്. വേണു- രാധ ദമ്പതികൾക്ക് രേണു എന്ന മറ്റൊരു മകനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
