ദോഹ: കെട്ടിടനി൪മാണ ജോലികൾ ഏറ്റെടുത്ത് പൂ൪ത്തിയാക്കിയ തനിക്ക് സ്പോൺസ൪ പണം നൽകിയില്ലെന്ന പരാതിയുമായി മലയാളിയായ വൃക്കരോഗി ഇന്ത്യൻ എംബസിയെ സമീപിച്ചു. കന്യാകുമാരിയിൽ ജനിച്ചുവള൪ന്ന, എട്ട് വ൪ഷമായി കാസ൪കോട് പള്ളം നെല്ലിക്കുന്നിൽ താമസിക്കുന്ന സേവ്യറാണ് കഴിഞ്ഞദിവസം ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിൽ യൂത്ത് ഫോറം പ്രവ൪ത്തകരുടെ സഹായത്തോടെ പരാതിയുമായി എത്തിയത്. താൻ പണം വാങ്ങിയതായി വ്യാജരേഖ ചമച്ച് സ്പോൺസ൪ കേസിൽ കുടുക്കിയതായും സേവ്യറുടെ പരാതിയിൽ പറയുന്നു.
മൂന്ന് വ൪ഷം മുമ്പാണ് സ്വദേശിയുടെ വീട്ടിൽ പാചകക്കാരനായി സേവ്യ൪ ഖത്തറിലെത്തിയത്. ഇവിടെ നിന്ന് റിലീസ് കിട്ടിയതോടെ മറ്റൊരു സ്പോൺസറുടെ കീഴിലായി. കെട്ടിടനി൪മാണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അറിയാവുന്ന സേവ്യ൪ സ്പോൺസ൪ പറഞ്ഞതനുസരിച്ച് വീട് നി൪മിച്ചുനൽകി. ഇതിന് പ്രതിഫലമായി തൻെറ നി൪മാണകമ്പനിയിൽ പാ൪ട്ണ൪ഷിപ്പ് വാഗ്ദാനം ചെയ്തെങ്കിലും വീട് നി൪മാണം പൂ൪ത്തിയായതോടെ സ്പോൺസ൪ വാക്ക് മാറ്റി.
തുട൪ന്ന്, ഇവിടെ നിന്ന് റിലീസ് വാങ്ങി മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് മാറി. പ്രവ൪ത്തനം മുടങ്ങിക്കിടക്കുന്ന തൻെറ നി൪മാണ കമ്പനി പുന:രാരംഭിക്കാൻ ഉദ്ദേശിക്കുന്നതായും നേരത്തെ നി൪മിച്ച രണ്ട് വില്ലകളുടെ അറ്റകുറ്റപ്പണികൾ ഏറ്റെടുക്കണമെന്നും സ്പോൺസ൪ ആവശ്യപ്പെട്ടു. പണിപൂ൪ത്തിയായാൽ തൻെറ സാമ്പത്തികപ്രതിസന്ധി തീരുമെന്നും കമ്പനിയിൽ പാ൪ട്ണ൪ഷിപ്പ് നൽകാമെന്നുമാണ് സ്പോൺസ൪ അറിയിച്ചിരുന്നത്.
എന്നാൽ, ഒന്നരലക്ഷത്തോളം റിയാൽ ചെലവ് ചെയ്ത് പണി പൂ൪ത്തിയാക്കിയ സേവ്യറിന് സ്പോൺസ൪ 49,000 റിയാൽ മാത്രമേ നൽകിയുള്ളൂ. ബാക്കി പണം ചോദിച്ചപ്പോൾ അരലക്ഷം റിയാൽ കൈപ്പറ്റിയതായി ഒപ്പിട്ടുനൽകിയില്ലെങ്കിൽ കൊല്ലുമെന്ന് സ്പോൺസ൪ ഭീഷണിപ്പെടുത്തിയത്രെ. വഴങ്ങാതിരുന്ന സേവ്യ൪ സ്പോൺസ൪ക്കെതിരെ വക്റ പോലിസീൽ പരാതി നൽകി.
തുട൪ന്ന് സ്്പോൺസ൪ പീഡിപ്പിച്ച് പോലിസ്സ്റ്റേഷനിലെത്തിച്ചു. 500 റിയാൽ കെട്ടിവെച്ച് ഇവിടെ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സ്പോൺസ൪ തനിക്കെതിരെ കേസ് നൽകിയതായി അറിയുന്നത്. കോടതിയിൽ ഫീസ് അടച്ച് രേഖകൾ പരിശോധിച്ചപ്പോൾ 70,000 റിയാൽ താൻ കൈപ്പറ്റിയതായി വ്യാജരേഖയുണ്ടാക്കിയാണ് കേസ് നൽകിയതെന്ന് വ്യക്തമായി. തൻെറ പേരിൽ സ്പോൺസ൪ തന്നെയാണ് വൗച്ചറുകളിൽ ഒപ്പിട്ടിരിക്കുന്നതെന്ന് സേവ്യ൪ പറയുന്നു. കേസ് ജനുവരി 20ന് വീണ്ടും പരിഗണിക്കും.
ഇതിനിടെ, സേവ്യറുടെ രണ്ട് വൃക്കകളും തകരാറിലാണെന്ന് വിദഗ്ധപരിശോധനയിൽ കണ്ടെത്തി. ജനുവരി ഒന്ന് മുതൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നി൪ദേശിച്ചിരിക്കുകയാണ് ഡോക്ട൪മാ൪.
സ്പോൺസറിൽ നിന്ന് കിട്ടാനുള്ള തുക ഈടാക്കി നൽകണമെന്നും വിഗദ്ധ ചികിത്സക്ക് നാട്ടിലെത്താൻ സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടാണ് എംബസിയിൽ എത്തിയത്. ആവശ്യമായ സഹായം എംബസി വാഗ്ദാനം ചെയ്തായി സേവ്യ൪ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2012 11:51 AM GMT Updated On
date_range 2012-12-30T17:21:13+05:30സ്പോണ്‍സര്‍ പണം നല്‍കാതെ വഞ്ചിച്ചെന്ന പരാതിയുമായി വൃക്കരോഗി എംബസിയില്‍
text_fieldsNext Story