അനധികൃത തൊഴിലാളികള്‍ക്കെതിരായ നടപടിക്ക് മന്ത്രിസഭയുടെ അംഗീകാരം
text_fieldsമനാമ: ഇന്നും നാളെയുമായി ബഹ്റൈനിൽ നടക്കുന്ന 33 ാമത് ജി.സി.സി ഉച്ചകോടിക്ക് മന്ത്രിസഭ എല്ലാവിധ വിജയാശംസകളും നേ൪ന്നു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫയുടെ നേതൃത്വത്തിലായിരുന്നു മന്ത്രിസഭാ യോഗം ചേ൪ന്നത്. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫക്കും വിവിധ ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികൾക്കും ജി.സി.സി കൂട്ടായ്മയുടെ ഉന്നമനത്തിനായി പ്രവ൪ത്തിക്കാൻ സാധിക്കട്ടെയെന്ന് പ്രധാമനന്ത്രി ആശംസിച്ചു.
ജി.സി.സി അംഗ രാജ്യങ്ങളിലെ ജനതയുടെ താൽപര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന വിഷയങ്ങൾ ഉച്ചകോടിയിൽ ച൪ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ഗൾഫ് യൂണിയൻ എന്ന നി൪ദേശത്തെ യാഥാ൪ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളും പ്രവ൪ത്തനമാ൪ഗങ്ങളും ഉച്ചകോടിയിൽ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷ. വിവിധ മേഖലകളിൽ ജി.സി.സി രാജ്യങ്ങൾ ഐക്യത്തോടെ പ്രവ൪ത്തിക്കുക വഴി മേഖലയിലെ സുപ്രധാന ശക്തിയായി മാറാനും വെല്ലുവിളികളെ നേരിടാനും സാധിക്കും. ഏകീകൃത കസ്റ്റംസ്, സംയുക്ത മാ൪ക്കറ്റ് എന്നിവയിലൂടെ സാമ്പത്തിക മേഖലയിൽ വള൪ച്ച സാധ്യമാകും. ഏത് രാജ്യത്തും സ്വതന്ത്രമായി തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, സംയുക്ത നിക്ഷേപ സംരംഭങ്ങൾ, ജി.സി.സി സോഷ്യൽ ഇൻഷുറൻസ് പരിരക്ഷ, നികുതി ഏകീകരണം തുടങ്ങി വിവിധ വിഷയങ്ങളിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ജി.സി.സി സംയുക്ത ജല, വൈദ്യുത പദ്ധതികളും യാഥാ൪ഥ്യമാകണം.
ബഹ്റൈനിൽ നിന്നുള്ള ഉംറ സംഘം മദീനയിൽ അപകടത്തിൽപെട്ട സംഭവത്തിൽ മന്ത്രിസഭ അനുശോചനം അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് കാബിനറ്റ് അന്വേഷിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
അക്രമപ്രവ൪ത്തനങ്ങളിൽ കുട്ടികളെ ഉപയോഗപ്പെടുത്തുന്നതിനെ കാബിനറ്റ് ശക്തമായി മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങളിലൂൾപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളെ നിയമത്തെക്കുറിച്ച് ബോധവൽക്കരിക്കാനും ഇത്തരം തെറ്റായ പ്രവണതകളിലേക്ക് കുട്ടികളെ പ്രേരിപ്പിക്കുന്നവ൪ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനുമുള്ള സാധ്യതയെക്കുറിച്ച് പഠിക്കുന്നതിന് മന്ത്രിസഭാ സമിതിയെ ചുമതലപ്പെടുത്തി. രാജ്യത്തെ പൗരാണിക ശേഷിപ്പുകൾ പേറുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കുന്നതിന് സാംസ്കാരിക മന്ത്രാലയം, മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രാലയം എന്നിവ സഹകരിച്ച് നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രിസഭ ചുമതലപ്പെടുത്തി. ജനങ്ങൾക്ക് മുനിസിപ്പാലിറ്റികളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇതുമായി ബന്ധപ്പെട്ട നിയമം പരിഷ്കരിക്കുന്നതിനുള്ള നി൪ദേശം മന്ത്രിസഭ ച൪ച്ച ചെയ്തു.
രാജ്യത്തിൻെറ മൊത്തത്തിലുള്ള വള൪ച്ചയും പുരോഗതിയും ഉറപ്പുവരുത്തുന്ന രീതിയിലുള്ള നിലപാടുകളായിരിക്കണം മുനിസിപ്പാലിറ്റികളിൽ നിന്നുണ്ടാകേണ്ടത്. ഇതുമായി ബന്ധപ്പെട്ട മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രിയുടെ നി൪ദേശം മന്ത്രിസഭാ നിയമസമിതിക്ക് കൈമാറി. അനധികൃത വിദേശ തൊഴിലാളികളെ പിടികൂടുന്നതിന് ആഭ്യന്തര മന്ത്രാലയവുമായി ചേ൪ന്ന് പരിശോധന ശക്തമാക്കാനുള്ള തൊഴിൽ മന്ത്രിയുടെ നി൪ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
ആരോഗ്യ മേഖലയിൽ കൂടുതൽ സൗകര്യങ്ങൾ ഏ൪പ്പെടുത്തുന്നതിനുള്ള നി൪ദേശവും അംഗീകരിക്കപ്പെട്ടു.
ജി.സി.സി രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങളിൽ ഉൽപന്നത്തെ സംബന്ധിച്ച് വ്യക്തമാക്കുന്ന പ്രത്യേക കാ൪ഡ് വേണമെന്ന നി൪ദേശവും മന്ത്രിസഭ അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
