Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഎതിര്‍പ്പുകളെ...

എതിര്‍പ്പുകളെ അതിജയിച്ച ‘മോടി’

text_fields
bookmark_border
എതിര്‍പ്പുകളെ അതിജയിച്ച ‘മോടി’
cancel

ഗാന്ധിനഗ൪: വികസന വിഷയങ്ങളും മോഡിയുടെ പരിവേഷവും തമ്മിലേറ്റുമുട്ടിയ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. സംഘ്പരിവാറിൽനിന്നുതന്നെയുള്ള എതി൪പ്പുകളെ സ്വന്തം മോടിയും ആജ്ഞാശക്തിയും കൊണ്ട് അതിജയിച്ചാണ് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഹാട്രിക് ജയം നേടിയിരിക്കുന്നത്. ഭരണവിരുദ്ധ വികാരങ്ങളെ അതിജീവിക്കാനുള്ള കെൽപ്പുനേടിയ അതികായനായി മോഡി മാറിയെന്നതാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. എതി൪പ്പുകളെ ഊതിവീ൪പ്പിച്ച പരിവേഷംകൊണ്ട് എതിരിടുകയായിരുന്നു മോഡി. ആറു കോടി ഗുജറാത്തികളുടെ അഭിമാനമാണ് താനെന്നു സ്ഥാപിക്കുന്ന പ്രചാരണ തന്ത്രമാണ് വിജയിച്ചിരിക്കുന്നത്.
സ൪ക്കാറിൻെറ ഭരണപരാജയങ്ങൾ ഇത്രയേറെ ച൪ച്ചയായ മറ്റൊരു തെരഞ്ഞെടുപ്പ് ഗുജറാത്തിൽ കഴിഞ്ഞിട്ടില്ല. മുമ്പ് മോഡി ഉയ൪ത്തിയ വികസനവിഷയം മോഡിക്കെതിരെയുള്ള ആയുധമായി എതിരാളികൾ തിരിച്ചുപയോഗിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. ബംഗാളിലെ സിംഗൂരിൽനിന്ന് കൊണ്ടുവന്ന ‘നാനോ’യെ കുടിയിരുത്തിയ സാനന്ദിലും അംബാനിക്ക് ഏക്കറുകൾ പതിച്ചുനൽകിയ ജാംനഗറിലും ഗ്രാമീണ൪ മോഡിക്കെതിരായിരുന്നു.
മോഡി സ൪ക്കാ൪ നടത്തിയ 400 കോടി രൂപയുടെ അഴിമതി രാജ്കോട്ടിൽ പ്രധാന പ്രചാരണവിഷയമായിരുന്നു. വെള്ളംകിട്ടാതെ ക൪ഷക൪ക്ക് നഷ്ടം സംഭവിച്ചതും കുടിവെള്ളം കിട്ടാക്കനിയായതും മോഡിയുടെ സ്വന്തം മണ്ഡലമായ മണിനഗറിൽപോലും വിഷയമായിരുന്നു.
എന്നാൽ, കൗശലക്കാരനായ മോഡി പ്രചാരണവേളയിൽ വികസനത്തെക്കുറിച്ച് മിണ്ടിയതേയില്ല. ഭരണത്തിൻെറ നേട്ടകോട്ടങ്ങൾ പ്രധാന പ്രചാരണവിഷയമായി മാറിയ ഘട്ടത്തിൽ കലാപങ്ങളും ക൪ഫ്യൂകളുമില്ലാത്ത, സമാധാന അന്തരീക്ഷം ഭരണത്തിൻെറ നേട്ടമായി എടുത്തിട്ട് ച൪ച്ചയുടെ ദിശ മാറ്റി. യഥാ൪ഥത്തിൽ അടിയന്തരാവസ്ഥക്കാലത്തെ ഓ൪മിപ്പിക്കുന്ന സമാധാന അന്തരീക്ഷത്തിൽ, ഇന്ത്യയെന്നാൽ ഇന്ദിരയെന്ന മുദ്രാവാക്യത്തെ ഗുജറാത്ത് എന്നാൽ മോഡിയെന്ന് തിരുത്തിയെഴുതുകയായിരുന്നു മോഡി.
രണ്ടുവ൪ഷമെങ്കിലും നീണ്ട ആസൂത്രണത്തിനുശേഷമാണ് കേശുഭായ് പട്ടേലിനെ നീക്കി നിയമസഭാംഗം പോലുമല്ലാതിരുന്ന നരേന്ദ്രമോഡിയെ 2001 ഒക്ടോബ൪ ഏഴിന് ആ൪.എസ്.എസ് മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിച്ചത്. വാദ്നഗറിലെ ആ൪.എസ്.എസ് പ്രചാരക് ദാമോദ൪ദാസിൻെറ മകനാണ് മോഡിയെന്നത് മാത്രമായിരുന്നില്ല ആക൪ഷണം. ദാമ്പത്യജീവിതംപോലും ഉപേക്ഷിച്ച, അച്ചടക്കമുള്ള സാംഘിയാണെന്നതും അനുകൂലഘടകമായി. തുട൪ന്ന് 2002 ഫെബ്രുവരിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രാജ്കോട്ടിൽ പന്തീരായിരം വോട്ടിൻെറ ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭാംഗമായി. എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രി പദം ഭദ്രമാക്കിയതിൻെറ പിറ്റേന്നാണ് ഗോധ്രയിലെ ദുരൂഹമായ ട്രെയിൻ തീപിടിത്തമുണ്ടാവുന്നത്. പിറ്റേന്നാണ്, തൻെറ അധികാരത്തെ അരക്കിട്ടുറപ്പിക്കാൻ സഹായകമായ ഭീകരമായ മുസ്ലിം വംശഹത്യക്ക് തുടക്കമിടുന്നത്.
ആ രക്തത്തിൽ തുടങ്ങിയതാണ് ജൈത്രയാത്ര. മുസ്ലിംകളെ ശത്രുസ്ഥാനത്ത് പ്രതിഷ്ഠിച്ച് ഗുജറാത്തിലെ 90 ശതമാനത്തോളം വോട്ട്ബാങ്ക് കൈപിടിയിലൊതുക്കിയ മോഡിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ആളിക്കത്തിച്ച വ൪ഗീയ വികാരത്തിൻെറ പിൻബലത്തിൽ 2002ലെ പൊതുതെരഞ്ഞെടുപ്പിൽ വൻവിജയം. തുട൪ന്നുള്ള ഭരണകാലത്ത് സംഭവിച്ച അക്ഷ൪ധാം ആക്രമണത്തിൻെറയും വ്യാജ ഏറ്റുമുട്ടലുകളുടെയും പ്രതിഫലനമായി 2007ലെ തുട൪വിജയം. അതിനോട് അടുത്തെത്തുന്നതാണ് സ്വന്തം പരിവേഷം മാത്രം വോട്ടാക്കി നരേന്ദ്ര മോഡി ഇത്തവണ നേടിയെടുത്ത സീറ്റുകൾ. അച്ചടക്കമില്ലാത്തവനെന്ന് ആ൪.എസ്.എസ് നേതൃത്വം പരസ്യമായി കുറ്റപ്പെടുത്തിയിട്ടും എതിരാളികൾ അടിയുറച്ച ആ൪.എസ്.എസുകാരായിട്ടും തൻെറ ഹിന്ദുത്വ വോട്ടുകൾക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ആ൪.എസ്.എസിന് കാണിച്ചുകൊടുക്കാനും മോഡിക്ക് കഴിഞ്ഞു.
താമരയിൽ നൽകുന്ന ഓരോ വോട്ടും തനിക്കാണെന്ന് പ്രസംഗിക്കാനും മോഡി ധൈര്യം കാണിച്ചു. ഇതിനു ചുവടുപിടിച്ച് ഗുജറാത്തിൻെറ അഭിമാനമാണ് നരേന്ദ്ര മോഡിയെന്ന പ്രചാരണം ബി.ജെ.പി സംസ്ഥാന ഘടകവും നടത്തി. വികസന നായകനെന്ന നിലയിൽ സ്വയം സൃഷ്ടിച്ചെടുത്ത പരിവേഷത്തെ ആൾദൈവങ്ങളെ അനുസ്മരിപ്പിക്കുന്ന വ്യക്തിപൂജയിലേക്ക് മാറ്റിയെടുക്കുകയായിരുന്നു മോഡി. കോൺഗ്രസ് ജയിച്ചാൽ അഹ്മദ് പട്ടേൽ മുഖ്യമന്ത്രിയാകുമെന്ന് പ്രചരിപ്പിച്ചതിലൂടെ പരോക്ഷമായി ഹിന്ദുവ൪ഗീയതയെ വീണ്ടും ഉണ൪ത്തുകയെന്ന പ്രചാരണ തന്ത്രം സ്വീകരിച്ചു. ഗുജറാത്തി വംശീയതയും ഹിന്ദു വ൪ഗീയതയും സമാസമം ചേ൪ത്ത ബിംബമാവുകയായിരുന്നു മോഡി.
വിജയത്തിൻെറ ക്രെഡിറ്റ് മുഴുവൻ മോഡിയെന്ന വ്യക്തിക്ക് വകവെച്ചുകൊടുക്കേണ്ട അവസ്ഥയിലാണ് ബി.ജെ.പി.
തങ്ങൾ ഭരിക്കുന്ന സംസ്ഥാനം പിടിച്ചുനി൪ത്താൻ കഴിഞ്ഞുവെന്നതൊഴിച്ചാൽ മറ്റൊരു നിലക്കും ഗുജറാത്ത് ഫലം ബി.ജെ.പിക്ക് ശുഭകരമല്ല. മോഡിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയ൪ത്തിക്കാണിക്കുന്നത് തങ്ങൾക്കും പാ൪ട്ടിക്കും ഒരുപോലെ ആത്മഹത്യാപരമായിരിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ബി.ജെ.പി ദേശീയ നേതാക്കളിൽ വലിയൊരുവിഭാഗം. ഗുജറാത്തിൽനിന്നു തന്നെ വിജയിച്ചുവന്ന തീവ്രഹിന്ദുത്വവാദി എൽ.കെ. അദ്വാനിയെ മുന്നിൽനി൪ത്തി ദേശീയ രാഷ്ട്രീയത്തിൽ നടത്തിയ പരീക്ഷണം പരാജയപ്പെട്ടതിലൂടെ ഗുജറാത്തല്ല ഇന്ത്യയെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗുജറാത്തിൽ വീണ്ടും ബി.ജെ.പി അധികാരത്തിലെത്തുമെന്ന കാര്യത്തിൽ ആ൪ക്കും സംശയമുണ്ടായിരുന്നില്ല. സീറ്റുകളുടെ എണ്ണത്തിൽ മാത്രമായിരുന്നു ത൪ക്കം. മോഡിക്ക് ബദലാവാൻ ഗുജറാത്തിൽ കോൺഗ്രസിന് ഇനിയുമായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു. പ്രചാരണങ്ങളിൽ സജീവമായി,
പ്രതിപക്ഷമെന്ന നിലയിലുള്ള പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞെന്നുമാത്രം കോൺഗ്രസിന് സമാധാനിക്കാം. മോഡിക്ക് പകരം ഒരാളെ ഉയ൪ത്തിക്കാണിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. സ്വന്തം ശക്തിയേക്കാൾ എതിരാളിയുടെ ദൗ൪ബല്യങ്ങളിൽ പ്രതീക്ഷയ൪പ്പിക്കുന്ന കോൺഗ്രസിൻെറ രാഷ്ട്രീയ തന്ത്രം ഗുജറാത്തിൽ പരാജയപ്പെട്ടുവെന്ന് സമ്മതിക്കേണ്ടി വരും. സംഘ്പരിവാ൪ സംഘടനകളായ വിശ്വഹിന്ദു പരിഷത്തിൻെറയും ഭാരതീയ കിസാൻ സഭയുടെയും പരസ്യമായ പിന്തുണയോടെ പ്രചാരണ രംഗത്തിറങ്ങിയ കേശുഭായ് പട്ടേലിന് പിടിക്കാനായത് രണ്ടു സീറ്റുകൾ മാത്രം. അതാകട്ടെ കോൺഗ്രസിന് പരിക്കേൽപിച്ചുകൊണ്ടായിരുന്നു താനും.

Show Full Article
TAGS:
Next Story