പെണ്‍വാണിഭം: ശോഭാ ജോണിനായി ബംഗളൂരുവില്‍ അന്വേഷണം
text_fieldsകോഴിക്കോട്: അരയിടത്തുപാലത്തിനടുത്ത അപാ൪ട്മെൻറ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ കേസിൽ പ്രതിപ്പട്ടികയിലുള്ള, തന്ത്രി കേസ് പ്രതി ശോഭാ ജോണിനുവേണ്ടി ബംഗളൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുട൪ന്ന് ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം പൊലീസ് ഹൈകോടതിയിൽ സമ൪പ്പിച്ച ഹരജിക്കെതിരെ, ശോഭാ ജോൺ ബംഗളൂരുവിൽ ചികിത്സ നടത്തിയതിൻെറ രേഖകൾ ഹാജരാക്കിയിരുന്നു.
ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സിച്ചതിൻെറ രേഖകളാണ് കോടതിയിൽ ഹാജരാക്കിയത്.ചികിത്സയിലായതിനാൽ നാല് ആഴ്ചത്തേക്ക് യാത്ര പാടില്ലെന്നാണ് വിക്ടോറിയ ആശുപത്രിയിലെ ഡോക്ട൪ എഴുതിയ കുറിപ്പിലുള്ളത്.
ഇതു ശരിയാണോ എന്ന് പരിശോധിച്ച് ഉടൻ റിപ്പോ൪ട്ട് സമ൪പ്പിക്കാൻ കോടതി എറണാകുളം പൊലീസിനോട് ആവശ്യപ്പെട്ടു. തുട൪ന്ന് പൊലീസ് വ്യാഴാഴ്ച തന്നെ ബംഗളൂരുവിന് പുറപ്പെട്ടു. കോഴിക്കോട് പെൺവാണിഭ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനും പൊലീസ് സംഘത്തിലുണ്ട്. ശോഭാ ജോണിനെ കണ്ടെത്തിയാലുടൻ അറസ്റ്റ് രേഖപ്പെടുത്തും. പിന്നീട് ഇവരെ വിശദമായി ചോദ്യം ചെയ്യും.
നാ൪കോട്ടിക് സെൽ അസി. കമീഷണ൪ സി. അരവിന്ദാക്ഷൻ, കൺട്രോൾ റൂം സി.ഐ വി. ഭരതൻ എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് മൂന്ന് ദിവസമായി എറണാകുളത്ത് ശോഭാ ജോണിനായി അന്വേഷണം നടത്തിയിരുന്നു.
ഇതിനിടയിലാണ് പ്രതി ബംഗളൂരുവിലുണ്ടെന്ന സൂചന ലഭിച്ചത്. മൊബൈൽ ഫോൺ ഒഴിവാക്കി, പല സ്ഥലങ്ങളിലെ ലാൻഡ് ഫോണിൽനിന്നും ശോഭാ ജോൺ എറണാകുളത്തെ സുഹൃത്തുക്കളെ വിളിച്ചതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
